ഗോളടിക്കാൻ ഐഎസ്എല്ലിലെ മിന്നും താരം സൂപ്പർ ലീഗ് കേരളയിലേക്ക്; റോയ് കൃഷ്ണയെ സ്വന്തമാക്കി മലപ്പുറം FC

4 months ago 6

roy-krishna-joins-malappuram-fc

Photo: x.com/MarcusMergulhao/

മലപ്പുറം: ഐഎസ്എല്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോയ് കൃഷ്ണയെ തട്ടകത്തിലെത്തിച്ച് മലപ്പുറം ഫുട്‌ബോള്‍ ക്ലബ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ബഗാന്‍, ബെംഗളൂരു എഫ്സി, ഒഡീഷ എഫ്സി തുടങ്ങി കളിച്ച ടീമുകളിലെല്ലാം മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് റോയ് കൃഷ്ണ.

മലപ്പുറം എഫ്‌സി ഈ സീസണില്‍ സ്വന്തമാക്കുന്ന ആറാമത്തെ വിദേശതാരമാണ് റോയ് കൃഷ്ണ. നേരത്തെ ഐറ്റര്‍ അല്‍ദലൂര്‍, ജോണ്‍ കെന്നഡി, സെര്‍ജിയോ ഗോണ്‍സാലസ്, ഫാകുണ്ടോ ബല്ലാര്‍ഡോ, കമ്രോണ്‍ തുര്‍സനോവ് എന്നീ താരങ്ങളെ ക്ലബ്ബ് ടീമിലെത്തിച്ചിരുന്നു.

ഓസ്‌ട്രേലിയന്‍ എ ലീഗില്‍ നിന്ന് കൊല്‍ക്കത്തന്‍ ക്ലബായ എടികെ മോഹന്‍ബഗാനില്‍ എത്തിയ കൃഷ്ണ 2019-20 (15 ഗോള്‍, 6 അസിസ്റ്റ്), 2020-21 (14 ഗോള്‍, 8 അസിസ്റ്റ്) സീസണുകളില്‍ ഐഎസ്എല്‍ ടോപ് സ്‌കോറര്‍ ആയിരുന്നു. 2021-22 സീസണില്‍ ഏഴ് ഗോളും നാല് അസിസ്റ്റും നേടിയിട്ടുണ്ട്. 2019-20 സീസണില്‍ ഐഎസ്എല്‍ കിരിടം നേടുകയും 2020-21 സീസണില്‍ ക്ലബ്ബ് റണ്ണര്‍അപ്പാവുകയും ചെയ്തു. മോഹന്‍ ബഗാന് വേണ്ടി 71 മത്സരങ്ങളില്‍ നിന്നായി 39 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.

പിന്നീട് ബെംഗളൂരു എഫ്‌സിക്കായി 2022-23 ഐഎസ്എല്‍ സീസണില്‍ 22 മത്സരങ്ങളില്‍ നിന്നും ആറ് ഗോളുകളും അഞ്ച് അസിസ്റ്റും നേടി. ബെംഗളൂരുവിനൊപ്പം 2022-ല്‍ ഡ്യൂറന്‍ഡ് കപ്പ് നേടുകയും 2023-ല്‍ സൂപ്പര്‍ കപ്പില്‍ റണ്ണറപ്പാകുകയും ചെയ്തു.

പിന്നീട് ഒഡിഷ എഫ്‌സിയിലേക്ക് ചേക്കേറിയ താരം 2023-24 സീസണില്‍ മാത്രം 13 ഗോളുകള്‍ നേടി. ഒരു സീസണില്‍ ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കി. രണ്ട് സീസണുകളിലായി ഒഡിഷയ്ക്ക് വേണ്ടി ആകെ 47 മത്സരങ്ങളില്‍ നിന്നും 18 ഗോളുകള്‍ നേടി.

ഇന്ത്യന്‍ വംശജനായ റോയ് കൃഷ്ണയ്ക്കു ന്യൂസീലന്‍ഡ് പൗരത്വവുമുണ്ടെങ്കിലും ഫിജിയുടെ ദേശീയ ടീമിലാണ് കളിക്കുന്നത്. ഫിജി ദേശീയ ടീമിന്റെ നായകന്‍ കൂടിയാണ് ഈ 38-കാരന്‍. രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതും ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റെക്കോര്‍ഡും റോയ് കൃഷ്ണയുടെ പേരിലാണ്. 61 കളികളില്‍ നിന്നും 44 ഗോളുകളാണ് റോയിയുടെ സമ്പാദ്യം. മാത്രമല്ല ഫിജി ദേശീയ ടീമിനായി 50 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആദ്യ കളിക്കാരന്‍ കൂടിയാണ് താരം.

Content Highlights: Star striker Roy Krishna joins Malappuram FC. The Fijian skipper and erstwhile ATK Mohun Bagan

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article