ഗോളടിച്ച് മലയാളി താരങ്ങൾ, കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ രണ്ടാം വിജയം, ജംഷഡ്‌പൂർ എഫ്‌സിയെ തകര്‍ത്തു (2-0)

1 month ago 10

ഓൺലൈൻ ഡെസ്ക്

Published: April 18, 2026 09:43 PM IST

1 minute Read

 KBFC
ഗോൾ നേട്ടം ആഘോഷിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ. Photo: KBFC

കൊച്ചി∙ ഇന്ത്യൻ‍ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ രണ്ടാം വിജയം. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ജംഷഡ്‌പൂർ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് സീസണിലെ ആദ്യ ഹോം വിജയം സ്വന്തമാക്കി. മലയാളി താരങ്ങളായ നിഹാൽ സുധീഷ്, വിബിൻ മോഹനൻ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോളുകൾ നേടിയത്.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ പന്തിനുമേൽ പൂർണ നിയന്ത്രണം ഏറ്റെടുത്ത ബ്ലാസ്റ്റേഴ്‌സ് 12-ാം മിനിറ്റിൽ തന്നെ ലീഡ് സ്വന്തമാക്കി. കെവിൻ യോക്ക് നൽകിയ മനോഹരമായ ത്രൂ ബോൾ സ്വീകരിച്ച ബെനാരിഫ് ബോക്സിനുള്ളിലേക്ക് നൽകിയ പാസ് യുവതാരം നിഹാൽ സുധീഷ് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. മത്സരത്തിനിടെ പരിക്കേറ്റ കരീം ബെനാരിഫിന് പകരം വിബിൻ മോഹനൻ കളത്തിലിറങ്ങിയത് ടീമിന് മറ്റൊരു വഴിത്തിരിവായി. 36-ാം മിനിറ്റിൽ വിബിനിലൂടെ തന്നെ ബ്ലാസ്റ്റേഴ്‌സ് ലീഡ് രണ്ടാക്കി ഉയർത്തി. വലതുവശത്തുനിന്നും ഫ്രാഞ്ചുവും നിഹാലും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ ബോക്സിനുള്ളിലേക്ക് വന്ന ക്രോസ് വിബിൻ ഹെഡറിലൂടെ ലക്ഷ്യത്തിലെത്തിച്ചു. ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകളുടെ വ്യക്തമായ ലീഡ് നേടാൻ ബ്ലാസ്റ്റേഴ്‌സിനായി.

രണ്ടാം പകുതിയിൽ തിരിച്ചടിക്കാനായി ജംഷഡ്‌പൂർ ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം വിട്ടുകൊടുത്തില്ല. ഗോൾകീപ്പർ അർഷ് ഷെയ്ഖിന്റെ ആത്മവിശ്വാസത്തോടെയുള്ള സേവുകൾ ക്ലീൻ ഷീറ്റ് നിലനിർത്താൻ സഹായിച്ചു. 84-ാം മിനിറ്റിൽ ജംഷഡ്‌പൂർ താരം എസെ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ആതിഥേയർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. പത്ത് പേരുമായി ചുരുങ്ങിയ ജംഷഡ്‌പൂരിനെതിരെ അവസാന നിമിഷങ്ങളിലും ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം തുടർന്നു. ഏപ്രിൽ 23-ന് കൊച്ചിയിൽ ഒഡീഷ എഫ്‌സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. പത്ത് മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ 11–ാം സ്ഥാനത്താണ്.

English Summary:

Indian Super League, Kerala Blasters bushed Jamshedpur FC

Read Entire Article