ഗോളിൽ തിളങ്ങി മുഷ്ഫിഖുർ (163), ഷാന്റോ (148), ലിറ്റൻ ദാസ് (90); പിന്നാലെ 26 റൺസിനിടെ 5 വിക്കറ്റ് നഷ്ടം, 2–ാം ദിനം 9ന് 484 റൺസ്

7 months ago 7

ഓൺലൈൻ ഡെ‌സ്‌ക്

Published: June 19 , 2025 08:31 AM IST

1 minute Read

ബംഗ്ലദേശിനായി സെഞ്ചറി നേടിയ ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോയും മുഷ്ഫിഖുർ റഹിമും (ബംഗ്ലദേശ് ക്രിക്കറ്റ് പങ്കുവച്ച ചിത്രം)
ബംഗ്ലദേശിനായി സെഞ്ചറി നേടിയ ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോയും മുഷ്ഫിഖുർ റഹിമും (ബംഗ്ലദേശ് ക്രിക്കറ്റ് പങ്കുവച്ച ചിത്രം)

ഗോൾ ∙ ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലദേശ് മികച്ച സ്കോറിൽ. രണ്ടാം ദിവസം കളി നിർത്തുമ്പോൾ അവർ മുഷ്ഫിഖുർ റഹിം (163), നജ്മുൽ ഹുസൈൻ ഷാന്റോ (148), ലിറ്റൻ ദാസ് (90) എന്നിവരുടെ ബാറ്റിങ് മികവിൽ ഒന്നാം ഇന്നിങ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 484 റൺസെടുത്തു. ലിറ്റൻ ദാസ് 90 റൺസെടുത്ത് പുറത്തായി. ഹസൻ മഹ്മൂദ്, നഹീദ് റാണ എന്നിവരാണ് ക്രീസിൽ. ശ്രീലങ്കയ്‌ക്കായി അസിത ഫെർണാണ്ടോ, മിലൻ രത്‌നനായകെ, തരീന്ദു രത്‌നനായകെ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

സ്കോർ: ബംഗ്ലദേശ് ഒന്നാം ഇന്നിങ്സ് 9ന് 484 (ഷാന്റോ 148, റഹിം 163, ലിറ്റൻ ദാസ് 90, മിലൻ രത്നായകെ 3–38, അസിത ഫെർണാണ്ടോ 3–80, തരിന്ദു രത്നായകെ 3–196)

മൂന്നിന് 292 റൺസുമായി രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ബംഗ്ലദേശിന്, ഷാന്റോയും റഹിമും ചേർന്ന് നൽകിയത് മിന്നുന്ന തുടക്കം. ബാറ്റിങ്ങിന് അനുകൂലമായ ട്രാക്കിൽ ഷാന്റോ – റഹിം സഖ്യം നാലാം വിക്കറ്റിൽ 264 റൺസെടുത്തു. 279 പന്തിൽ 15 ഫോറും ഒരു സിക്സും സഹിതം 148 റൺസെടുത്ത ഷാന്റോയാണ് ആദ്യം പുറത്തായത്. മുഷ്ഫിഖുർ റഹിം 350 പന്തിൽ ഒൻപതു ബൗണ്ടറികളോടെ 163 റൺസെടുത്തു.

458ൽ റഹിം പുറത്തായശേഷം തകർച്ചയിലേക്കു വഴുതിയ ബംഗ്ലദേശിന് 26 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായി. ലിറ്റൻ ദാസ് 123 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതം 90 റൺസെടുത്തു. സെഞ്ചറിയിലേക്കു നീങ്ങുകയായിരുന്ന ലിറ്റനെ തരിന്ദു രത്‌നനായകെയാണ് പുറത്താക്കിയത്. പിന്നീട് ബംഗ്ലദേശ് നിരയിൽ രണ്ടക്കം കണ്ടത് 30 പന്തിൽ ഒരു ഫോർ സഹിതം 11 റൺസെടുത്ത നയീം ഹസൻ മാത്രം. നാലിന് 458 റൺസെന്ന നിലയിലായിരുന്ന ബംഗ്ലദേശിന്, 26 റൺസെടുക്കുന്നതിനിടെയാണ് 5 വിക്കറ്റ് നഷ്ടമായത്.

English Summary:

Mushfiqur Rahim, Najmul Hossain Shanto Break Records As Bangladesh Continue To Dominate Sri Lanka On Day 2

Read Entire Article