
ആലപ്പി അഷറഫ്, ഗോവിന്ദച്ചാമി | Photo: Screen grab/ ALLEPPEY ASHRAF KANDATHUM KETTATHUM, Mathrubhumi
രാഷ്ട്രീയക്കാര്‍ക്കു മാത്രമല്ല, കൊടും കുറ്റവാളികള്‍ക്കും കണ്ണൂര്‍ ജയില്‍ പറുദീസയാണെന്ന് തെളിയിച്ചിരിക്കുകയാണ് ബലാത്സംഗ- പീഡനക്കേസിലെ കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടമെന്ന് സംവിധായകന്‍ ആലപ്പി അഷറഫ്. കര്‍ശന സുരക്ഷ പാലിക്കേണ്ട ഇത്തരം ഇടങ്ങളില്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടതിന്റെ ഭയാനകമായ വീഴ്ചയും നേര്‍ക്കാഴ്ചയുമാണ് ഗോവിന്ദച്ചാമി എന്ന കൊടുംകുറ്റവാളിയുടെ ജയില്‍ച്ചാട്ടം. ജയില്‍ വകുപ്പിന് സംഭവിച്ച ഗുരുതരമായ വീഴ്ചയാണിതെന്ന് അവര്‍ സമ്മതിച്ചേ മതിയാവൂവെന്നും അദ്ദേഹം പറഞ്ഞു.
'കേരളസമൂഹം ഒന്നടങ്കം ആഗ്രഹിച്ചത് ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലണം എന്നായിരുന്നു. എന്നാല്‍, അതിനു ലഭിച്ച തെളിവുകള്‍ പര്യാപ്തമായില്ലെന്നായിരുന്നു ബഹുമാനപ്പെട്ട സുപ്രീംകോടതി പറഞ്ഞത്. ഗോവിന്ദച്ചാമിയെ തൂക്കിക്കൊന്നിരുന്നുവെങ്കില്‍ അതൊരു ചരിത്രസംഭവവും സമാന മനഃസ്ഥിതിക്കാര്‍ക്കുള്ള മുന്നറിയിപ്പുമായിരുന്നേനെ. പെണ്‍കുട്ടികള്‍ക്ക് വീടിന് പുറത്ത് സുരക്ഷ ഉറപ്പുവരുത്തുന്ന ചരിത്രമായേനെ. എന്നാല്‍, ജയിലിനുള്ളില്‍ സമയാസമയം നല്ല ആഹാരവും കൃത്യമായ ഉറക്കവും വ്യായാമവും ചേര്‍ന്ന് അയാള്‍ കൂടുതല്‍ കരുത്തനായി. ഇനിയും കൂടുതല്‍ നല്ല ആഹാരം വേണമെന്നും ബിരിയാണി വേണമെന്നും പറഞ്ഞ ശാഠ്യംപിടിച്ച് അക്രമാസക്തനായി ജയില്‍ തകര്‍ത്തെന്ന വാര്‍ത്ത കേട്ടു', ആലപ്പി അഷറഫ് ഓര്‍മിപ്പിച്ചു.
'ഗോവിന്ദച്ചാമി കേരളം വിട്ടിരുന്നെങ്കില്‍ ഒരുപക്ഷേ അയാളെ പിടികൂടാന്‍ സാധിക്കുമായിരുന്നില്ല. കാരണം അയാള്‍ യാചകമാഫിയയുടെ തലവന്‍കൂടിയായിരുന്നു എന്ന കാര്യം ഓര്‍ക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ അത്രയധികം സ്വാധീനവുമുണ്ടായിരുന്നു. ജയില്‍ അധികൃതര്‍ അയാളുടെ രക്ഷപ്പെടല്‍ ഉടന്‍ അറിഞ്ഞുകാണുമെന്ന് കരുതിയാവാം റെയില്‍വേ സ്റ്റേഷനിലോ ബസ് സ്റ്റാന്‍ഡിലോ പോയി രക്ഷപ്പെടാന്‍ ശ്രമിക്കാഞ്ഞത്', അദ്ദേഹം അഭിപ്രായപ്പെട്ടു.
'ഒരുപക്ഷേ അയാള്‍ പിടികൂടിയില്ലായിരുന്നുവെങ്കില്‍ നമ്മുടെ പല സഹോദരിമാരും അയാളുടെ കൊടും പീഡനത്തിന് ഇരയാകുമായിരുന്നു. അതിസുരക്ഷിതമായ കണ്ണൂര്‍ ജയിലില്‍നിന്ന് കൊടും കുറ്റവാളികള്‍ രക്ഷപ്പെടുന്നു. ഇത് പൊതുസമൂഹത്തില്‍ വളരേ ഭീതിയുളവാക്കുന്നതാണ്. ജനങ്ങള്‍ എല്ലാംകൊണ്ടും പൊറുതിമുട്ടി ജീവിക്കുന്ന ഈ സന്ദര്‍ഭത്തില്‍ കുറ്റവാളികള്‍ക്ക് ചെല്ലും ചെലവും കൊടുത്തശേഷം തുറന്നുവിടുക കൂടി ചെയ്താല്‍ എന്തായിരിക്കും ഇവിടുത്തെ ജനങ്ങളുടെ അവസ്ഥ', അദ്ദേഹം ചോദിച്ചു.
'പോലീസ് മേധാവി പറയുന്നു, പോലീസ് ജാഗ്രതയോടെ പ്രവര്‍ത്തിച്ചുവെന്ന്. എന്നാല്‍, ജനങ്ങളല്ലേ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചത്. സുരക്ഷിതമായ ജയിലില്‍നിന്നും ഗോവിന്ദച്ചാമി സുരക്ഷിതമായി രക്ഷപ്പെട്ടതു കാണുമ്പോള്‍ വേലി തന്നെ വിളവുതിന്നതാണോ എന്ന് സംശയിച്ചുപോകാം', ആലപ്പി അഷറഫ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Alleppey Ashraf criticizes the Kannur jailhouse information breach, highlighting the flight of Govindachamy
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·