Published: May 16, 2026 05:09 PM IST Updated: May 16, 2026 05:19 PM IST
1 minute Read
വാഷിങ്ടൻ ∙ അമേരിക്കൻ ബാസ്ക്കറ്റ്ബോളിലെ പ്രശസ്ത താരങ്ങളായ കൂപ്പർ ഫ്ലാഗും അരിയാന റോബേഴ്സണും തങ്ങൾ പ്രണയത്തിലാണെന്ന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. മാസങ്ങളായി പ്രചരിച്ചിരുന്ന ഗോസിപ്പുകൾക്ക് വിരാമമിട്ട് സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും തങ്ങളുടെ ബന്ധം പരസ്യമാക്കിയത്. തുർക്സ് ആൻഡ് കൈക്കോസ് ദ്വീപുകളിൽ ഇരുവരും ഒരുമിച്ച് നടത്തിയ ആഡംബര അവധിക്കാല ആഘോഷത്തിന് ശേഷമാണ് അഭ്യൂഹങ്ങൾ പരന്നത്. അരിയാന തന്റെ ടിക്ടോക്ക് അക്കൗണ്ടിൽ കൂപ്പറിനൊപ്പമുള്ള മനോഹരമായ നിമിഷങ്ങളുടെ വിഡിയോ പങ്കുവച്ചു. തൊട്ടുപിന്നാലെ താരം അരിയാനയെ ചുംബിക്കുന്ന ചിത്രം കൂപ്പർ ഫ്ലാഗ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് പ്രണയവാർത്തയ്ക്കു സ്ഥിരീകരണമായത്.
ഇരുവരും ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ ഒരേ കാലയളവിൽ പഠിച്ചവരാണ്. അവിടെ വച്ചാണ് ഇവരുടെ സൗഹൃദം ആരംഭിക്കുന്നത്. പ്രണയം പരസ്യമാക്കുന്നതിന് മുൻപ്, ഇരുവരും ഒരേ കടൽത്തീരത്തെ ഊഞ്ഞാലിൽ ഇരിക്കുന്ന ചിത്രങ്ങൾ വ്യക്തിഗത അക്കൗണ്ടുകളിൽ പങ്കുവച്ചിരുന്നു. ഇതോട ഇവർ ഒരുമിച്ചാണ് അവധിക്കാലം ആഘോഷിക്കുന്നതെന്ന് ആരാധകർ ഉറപ്പിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ കൂപ്പർ ഫ്ലാഗിന് എൻബിഎ ‘റൂക്കി ഓഫ് ദി ഇയർ’ പുരസ്കാരം ലഭിച്ച ചടങ്ങിൽ അരിയാന പങ്കെടുത്തിരുന്നു. കൂപ്പറിന്റെ മാതാപിതാക്കളായ കെല്ലിക്കും റാൽഫിനും ഒപ്പമാണ് അരിയാന ഇരുന്നിരുന്നത് എന്നത് ഗോസിപ്പുകൾക്ക് ആക്കം കൂട്ടി. ഫെബ്രുവരിയിൽ ഡ്യൂക്ക് യൂണിവേഴ്സിറ്റിയുടെ മത്സരങ്ങൾ കാണാൻ ഇരുവരും ഒന്നിച്ച് എത്തിയതും വാർത്തകളിൽ ഇടം നേടിയിരുന്നു.
എൻബിഎ ടീമായ ഡാലസ് മാവെറിക്സിലെ ഫോർവേർഡ് താരമാണ് 19 വയസ്സുകാരനായ കൂപ്പർ ഫ്ലാഗ്. 2025 എൻബിഎ ഡ്രാഫ്റ്റിൽ ഒന്നാം റാങ്കോടെയാണ് കൂപ്പർ ഡാലസ് മാവെറിക്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ ആദ്യ സീസണിൽ തന്നെ ശരാശരി 21 പോയിന്റുകൾ നേടി ബാസ്ക്കറ്റ്ബോൾ ലോകത്തെ ഞെട്ടിച്ച താരം, റൂക്കി ഓഫ് ദി ഇയർ പുരസ്കാരവും സ്വന്തമാക്കി. കരിയറിലെ ഏറ്റവും പ്രായം കുറഞ്ഞ 50-പോയിന്റ് സ്കോറർ എന്ന റെക്കോർഡും കൂപ്പറിന്റെ പേരിലാണ്.
ഡ്യൂക്ക് ബ്ലൂ ഡെവിൾ താരമാണ് 20 വയസ്സുകാരിയായ അരിയാന റോബേഴ്സൻ. ടെക്സാസിലെ സാൻ അന്റോണിയോ സ്വദേശിയായ അരിയാന, ഹൈസ്കൂൾ തലം മുതൽക്കേ മുൻനിര താരമാണ്. പരുക്കുകൾ കാരണം ആദ്യ സീസണിലെ ചില മത്സരങ്ങൾ നഷ്ടമായെങ്കിലും, ശക്തമായ തിരിച്ചുവരവിലൂടെ ഡ്യൂക്ക് വനിതാ ടീമിന്റെ അവിഭാജ്യഘടകമായി. രാജ്യാന്തര തലത്തിൽ യുഎസ്എ ടീമിനെ പ്രതിനിധീകരിച്ച് 2024 എഫ്ഐബിഎ അണ്ടർ 18 ലോകകപ്പിൽ സ്വർണ മെഡൽ നേടിയിട്ടുണ്ട്. മുൻ എൻബിഎ താരം ആൻഡ്രേ റോബേഴ്സന്റെ സഹോദരി കൂടിയാണ്.
English Summary:







English (US) ·