Published: November 10, 2025 07:31 AM IST
1 minute Read
കൊച്ചി ∙ പണ്ടേ പൊളിഞ്ഞൊരു കപ്പലിനെ സൂനാമിത്തിരകൾ വിഴുങ്ങിയതു പോലെ! തുടർ തോൽവികളും പരുക്കുകളും താളം തെറ്റിച്ച ഫോഴ്സ കൊച്ചി എഫ്സിയെ ഗോൾക്കടലിൽ മുക്കിയ കാലിക്കറ്റ് എഫ്സി സൂപ്പർ ലീഗ് കേരള ഫുട്ബോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം പിടിച്ചെടുത്തു; 11 പോയിന്റ്. കാലിക്കറ്റ് 6–2നാണ് കൊച്ചിയെ തകർത്തെറിഞ്ഞത്.
അണ്ടർ 23 താരം മുഹമ്മദ് അജ്സലിന്റെ ഹാട്രിക്കും (19–ാം മിനിറ്റ്, 34, 45), ക്യാപ്റ്റൻ പ്രശാന്തിന്റെ ഡബിളും (40, 88), സെമിൻലെൻ ദുംഗലിന്റെ സിംഗിളും (84) കാലിക്കറ്റിനു സമ്മാനിച്ചതു മിന്നും ജയം. ഡച്ച് താരം വാൻ കെസ്സൽ കൊച്ചിക്കായി 2 ആശ്വാസഗോളുകൾ നേടി. കൊച്ചിയുടെ തുടർച്ചയായ 6–ാം തോൽവിയാണിത്. 5 ഗോളുമായി കാലിക്കറ്റിന്റെ അജ്സൽ ലീഗിലെ ടോപ് സ്കോറർ സ്ഥാനത്തേക്ക് ഉയർന്നു.
ഫോഴ്സില്ല! മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ കാലിക്കറ്റ് എഫ്സി മൂർച്ചയോടെ പട നയിച്ചപ്പോൾ ഒന്നാം പകുതിയിൽ ഫോഴ്സ കളത്തിൽ നിഴൽ മാത്രമായിരുന്നു. കളം നിറഞ്ഞു കളിച്ച നായകൻ പ്രശാന്തിന്റെ മികവിൽ നിന്നായിരുന്നു ആദ്യ ഗോൾ. 18–ാം മിനിറ്റിൽ വലതു വിങ്ങിലൂടെ പാഞ്ഞു കയറിയ പ്രശാന്ത് ഗോൾ വരയ്ക്കു തൊട്ടു മുന്നിൽ നിന്നു ബോക്സിലേക്കു നൽകിയ ക്രോസിൽ അജ്സൽ കാൽ വച്ചതു അളന്നു മുറിച്ചതു പോലെ!
ഫോഴ്സ ഗോൾ കീപ്പർ മുഹമ്മദ് റഫീഖിനു ചലിക്കാൻ പോലുമാകും മുൻപേ പന്തു വലയിൽ കയറി. അതോടെ, കാലിക്കറ്റിനു ശൗര്യം കൂടി. മധ്യനിരയിൽ നിന്ന് ആസിഫ് നൽകിയ പാസിൽ നിന്ന് വീണ്ടും അജ്സൽ ഗോൾ. അടുത്ത ഊഴം ക്യാപ്റ്റൻ പ്രശാന്തിന്റേത്. മുഹമ്മദ് റിയാസ് ഇടതു വിങ്ങിൽ നിന്ന് ഉയർത്തി നൽകിയ ക്രോസിൽ പ്രശാന്തിന്റെ ഫസ്റ്റ് ടൈം വോളി തറച്ചതു കൊച്ചി വലയിൽ! താളം തെറ്റിയ കൊച്ചിപ്പടയുടെ വലയിൽ അജ്സൽ വീണ്ടും പെയ്തതു 45–ാം മിനിറ്റിൽ.
രണ്ടാം പകുതിയിൽ യുഗാണ്ടൻ താരം ആമോസിന്റെ ക്രോസിൽ നിന്ന് വാൻ കെസ്സൽ കൊച്ചിയുടെ ആദ്യ ഗോൾ കണ്ടെത്തി. പക്ഷേ, കാലിക്കറ്റ് വീണ്ടും ഇടിവെട്ടിപ്പെയ്തു! ദുംഗൽ 84–ാം മിനിറ്റിലും പ്രശാന്ത് 88–ാം മിനിറ്റിലും ഗോൾ കണ്ടെത്തി. അധിക സമയത്ത് ഒരു വട്ടം കൂടി സ്കോർ ചെയ്ത വാൻ കെസ്സൽ കൊച്ചിയുടെ അപമാന ഭാരം കുറച്ചുവെന്നു മാത്രം.
English Summary:








English (US) ·