Published: September 08, 2025 08:53 AM IST
1 minute Read
-
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഡബിൾ; ഗോൾനേട്ടം ഡിയോഗോ ജോട്ടയ്ക്കു സമർപ്പിച്ച് പോർച്ചുഗൽ ക്യാപ്റ്റൻ
യേറുവാൻ (അർമീനിയ) ∙ ആറാം ലോകകപ്പും 1000 കരിയർ ഗോളും എന്ന സ്വപ്നത്തിലേക്ക് കരുത്തോടെ വലംകാൽ വച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോപ്യൻ മേഖല ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ പോർച്ചുഗൽ 5–0ന് അർമീനിയയെ തോൽപിച്ചപ്പോൾ അതിൽ 2 ഗോളുകൾ നാൽപതുകാരൻ ക്രിസ്റ്റ്യാനോയുടേതായിരുന്നു. യുവതാരം ജോവ ഫെലിക്സും 2 ഗോൾ നേടിയ മത്സരത്തിൽ ജോവ കാൻസലോയുടേതാണ് പോർച്ചുഗലിന്റെ 5–ാം ഗോൾ. ഇതോടെ, ക്രിസ്റ്റ്യാനോയുടെ രാജ്യാന്തര ഗോളുകളുടെ എണ്ണം 140 ആയി. കരിയറിലെ ആകെ ഗോൾനേട്ടം 942.
ആകെ ഗോൾ നേട്ടം 1000 തികയ്ക്കാൻ ഇനി വേണ്ടത് 58 ഗോളുകൾ കൂടി. സൗദി പ്രൊ ലീഗിൽ അൽ നസ്‌ർ താരമായ ക്രിസ്റ്റ്യാനോ നിലവിലെ ഫോമും ഫിറ്റ്നസും തുടർന്നാൽ അടുത്ത സീസണോടെ ഈ നേട്ടം കൈവരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 21–ാം മിനിറ്റിലും 46–ാം മിനിറ്റിലുമായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകൾ. ആദ്യഗോൾ നേടിയ ശേഷം ആകാശത്തേക്കു കൈചൂണ്ടിയ ക്രിസ്റ്റ്യാനോ, ഈ ഗോൾ കാറപകടത്തിൽ മരിച്ച സഹതാരം ഡിയോഗോ ജോട്ടയ്ക്കു സമർപ്പിക്കുന്നതായാണ് സൂചിപ്പിച്ചത്. 61–ാം മിനിറ്റിലായിരുന്നു കാൻസലോയുടെ ഗോൾ. ജോട്ടയുടെ പതിവു ഗോളാഘോഷത്തിന്റെ മാതൃകയിലായിരുന്നു കാൻസലോയുടെ ആഹ്ലാദപ്രകടനം.
ഇംഗ്ലണ്ടിനു ജയം
അൻഡോറയെ 2–0ന് തോൽപിച്ചെങ്കിലും ഇംഗ്ലണ്ടിന്റെ പ്രകടനത്തിൽ കോച്ച് തോമസ് ടുഹേൽ ഉൾപ്പെടെയുള്ളവർ തൃപ്തരല്ല. 174–ാം റാങ്കുകാരായ അൻഡോറയ്ക്കെതിരെ ഇതിലും വലിയ വിജയമാണു പ്രതീക്ഷിച്ചതെങ്കിലും ഹാരി കെയ്ൻ ഉൾപ്പെടെയുള്ളവർക്ക് പലവട്ടം ഉന്നം പിഴച്ചു. 25–ാം മിനിറ്റിൽ ക്രിസ്റ്റ്യൻ ഗാർഷ്യ ഗോൺസാലസിന്റെ സെൽഫ് ഗോളിൽ 1–0 ലീഡ് നേടിയ ഇംഗ്ലണ്ടിനായി 67–ാം മിനിറ്റിൽ ഡെക്ലാൻ റൈസും ഗോൾ നേടി.
പിഎസ്ജിക്ക് പരുക്ക്
യുക്രെയ്നെ 2–0ന് ഫ്രാൻസ് തോൽപിച്ച മത്സരത്തിൽ 2 താരങ്ങൾക്കു പരുക്കേറ്റത് ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കു വലിയ തിരിച്ചടിയായി. ഉസ്മാൻ ഡെംബലെയ്ക്കും ഡിസിറെ ഡുവെയ്ക്കുമാണ് കളിക്കിടെ പരുക്കേറ്റത്. 10–ാം മിനിറ്റിൽ മൈക്കൽ ഒലീസെയും 82–ാം മിനിറ്റിൽ കിലിയൻ എംബപെയുമാണ് ഫ്രാൻസിന്റെ വിജയഗോളുകൾ നേടിയത്.
English Summary:








English (US) ·