Published: November 07, 2026 03:21 PM IST
1 minute Read
മഞ്ചേരി ∙ ഗാലറിയിൽ രൂപംകൊണ്ട ആവേശ ന്യൂനമർദം മൈതാനത്ത് ഗോളവസരങ്ങളുടെ പെരുമഴയായി പെയ്തിറങ്ങി. അതിൽ മൂന്നെണ്ണം ഫോഴ്സ കൊച്ചിയുടെ വലയ്ക്കുള്ളിലാക്കിയ മലപ്പുറം എഫ്സിക്ക് സൂപ്പർ ലീഗ് കേരള ഫുട്ബോൾ ഏഴാം റൗണ്ടിൽ ആധികാരിക വിജയം (3–0). ബോസ്നിയൻ താരം നദീം ഹാദിച്ച് (27, 92 മിനിറ്റുകൾ), മിഡ്ഫീൽഡിൽ കളം നിറഞ്ഞ മൊറോക്കൻ താരം എൽഫോഴ്സി (14) എന്നിവരാണ് മലപ്പുറത്തിനായി ഗോൾ നേടിയത്. 13 പോയിന്റുമായി കൊച്ചി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തു തുടരുന്നു. 11 പോയിന്റുള്ള മലപ്പുറം മൂന്നാം സ്ഥാനത്താണ്.
കാലിക്കറ്റിനെതിരെ കഴിഞ്ഞ മത്സരത്തിൽ സ്വന്തം കാണികൾക്കു മുന്നിൽ തോൽവി വഴങ്ങിയ മലപ്പുറം രണ്ടും കൽപിച്ചാണ് കൊച്ചിക്കെതിരെ കളത്തിലിറങ്ങിയത്. ആരവത്തിന് ഒട്ടും കുറവില്ലാതെ ആരാധകർ ഗാലറി നിറയുകകൂടി ചെയ്തതോടെ വിജയവഴിയിലേക്കുള്ള തിരിച്ചുവരവ് മലപ്പുറം ഗംഭീരമാക്കി. പരുക്ക് കാരണം സൂപ്പർ താരം സൊകൂന കളത്തിലിറങ്ങാത്തതു ടീമിനെ ബാധിച്ചില്ല. ബ്രസീലിയൻ താരം പോളോ സിൽവ, എൽഫോഴ്സി, ഗ്രേസ് ഒബിയാങ്ങ് ത്രയം മനോഹര നീക്കങ്ങളിലൂടെ കാണികൾക്കു വിരുന്നൊരുക്കി. 14–ാം മിനിറ്റിൽ ഫ്രീകിക്കിൽ നിന്നായിരുന്നു എൽഫോഴ്സിയുടെ ഗോൾ. രണ്ടാം ഗോൾ നേടിയതു ഹാദിച്ചാണെങ്കിലും അതിന്റെ ക്രെഡിറ്റ് ഒബിയാങ്ങിനായിരുന്നു. മധ്യവരയ്ക്കടുത്തുനിന്ന്, ഒബിയാങ്ങിന്റെ വലംകാലിൽനിന്നു പറന്ന വെടിയുണ്ട ക്രോസ് ബാറിൽത്തട്ടി മടങ്ങിയപ്പോൾ ഹാദിച്ചിനുണ്ടായിരുന്നതു തലവയ്ക്കേണ്ട ജോലി മാത്രം. പിന്നീട് അവസരങ്ങളേറെ തുറന്നുകിട്ടിയെങ്കിലും മലപ്പുറത്തിനു മുതലെടുക്കാനായില്ല.
രണ്ടാം പകുതിയിൽ കൊച്ചി ഉണർന്നു കളിച്ചെങ്കിലും ക്യാപ്റ്റൻ ഹക്കുവിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം ഉലഞ്ഞില്ല. അവർക്കു പിഴച്ച രണ്ടവസരങ്ങളിൽ ഗോൾകീപ്പർ മുഹമ്മദ് അർബാസ് രക്ഷകന്റെ വേഷമണിഞ്ഞു.
English Summary:






English (US) ·