ഗോൾവലയിൽ മലയാളി ബ്ലാസ്റ്റ്! കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷയായി 2 മലയാളികൾ

1 month ago 6

കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പുർ എഫ്സിയെ തോൽപിച്ച കാഴ്ച ആസ്വദിച്ചു ശനിയാഴ്ച രാത്രി കലൂർ സ്റ്റേഡിയം വിട്ടിറങ്ങിയവരും സ്ക്രീനിൽ അതു കണ്ടവരും മനസ്സിലെങ്കിലും പറഞ്ഞിട്ടുണ്ടാകും; മല്ലു ബ്ലാസ്റ്റ്! ഫുട്ബോൾ സിംഗിൾ ഡാൻസല്ല, ഗ്രൂപ്പ് ഡാൻസാണെന്നു ബോധ്യപ്പെടുത്തിയ മത്സരത്തിൽ ജയിച്ചത് ഏതെങ്കിലും താരമല്ല, ടീം തന്നെ! പക്ഷേ, രണ്ടു യുവ മലയാളി താരങ്ങളുടെ കിടിലൻ പ്രകടനം എങ്ങനെ മറക്കും? എണ്ണം പറഞ്ഞ രണ്ടു ഹെഡർ ഗോളുകൾ; നിഹാൽ സുധീഷിന്റെയും (24) വിബിൻ മോഹനന്റെയും (23) വക.

തൃശൂർ സ്വദേശി വിബിൻ മധ്യനിരയിൽ കളി നിയന്ത്രിക്കാൻ കഴിവുള്ള യുവതാരങ്ങളിൽ പ്രമുഖനാണ്. പഞ്ചാബ് എഫ്സിയിലെ ‘വായ്പക്കാലം’ പൂർത്തിയാക്കി ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്തിയ കൊച്ചിക്കാരൻ നിഹാൽ സുധീഷാകട്ടെ, അതിവേഗക്കാരൻ വിങ്ങർ. സ്വന്തം ഗ്രൗണ്ടിൽ ടീമിന് സീസണിലെ ആദ്യ ജയം നേടി‌ക്കൊടുക്കാനും ഐഎസ്എലിലെ ‘തരംതാഴ്ത്തൽ’ ഭീഷണിയിൽ നിന്നു കരകയറ്റാനും ആ മനോഹര ഗോളുകൾക്കു കഴിഞ്ഞു. ഇരുവരും ‘മനോരമ’യോട്.

തോൽവികളിൽ നിന്നുള്ള തിരിച്ചുവരവ്. മാറ്റത്തിനു പിന്നിൽ?

വിബിൻ: കോച്ച് മാറിയപ്പോൾ കളിശൈലി മാറി. പന്തു പിടിച്ചു കളിക്കാനുള്ള ആത്മവിശ്വാസം കൂടി. ദവീദ് കറ്റാല കോച്ചായിരുന്നപ്പോൾ കുറച്ചു കൂടി ഡിഫൻസീവ് രീതിയിലാണു കളിച്ചത്. ആഷ്‌ലി വെസ്റ്റ്‌വുഡ് വന്നപ്പോൾ അറ്റാക്കിങ് ശൈലിയാണ്.
നിഹാൽ: പുതിയ കോച്ച് വന്നതിന്റെ മാറ്റം തന്നെ. അദ്ദേഹം എല്ലാവർക്കും ആത്മവിശ്വാസം പകരും. മുന്നേറ്റത്തിൽ ‘പുഷ്’ ചെയ്തു കയറണമെന്ന് എപ്പോഴും പറയും. ഡ്രസിങ് റൂമിൽ എല്ലാവരും ഹാപ്പിയാണ്!

ആദ്യ ഗോളിനെക്കുറിച്ച്?

വിബിൻ: സീസണിൽ എന്റെ ആദ്യ ഗോളാണ്. ഹോം മത്സരങ്ങളിലെ ആദ്യ ജയം കൂടിയായപ്പോൾ വലിയ സന്തോഷം.
നിഹാൽ: കലൂർ സ്റ്റേഡിയത്തിൽ ഗോൾ അടിക്കണമെന്നതു വലിയ സ്വപ്നമായിരുന്നു. ഇനിയുള്ള മത്സരങ്ങളിലും ഗോളടിക്കാൻ ശ്രമിക്കും.

തോൽവിക്കാലത്തെ മാനസികാവസ്ഥ?

വിബിൻ: തുടർച്ചയായ തോൽവികളിൽ ആത്മവിശ്വാസം കുറഞ്ഞ നിലയിലായിരുന്നു ടീം. പുതിയ കോച്ച് ആ സാഹചര്യം മാറ്റിയെടുത്തു.
നിഹാൽ: തോൽക്കുമ്പോൾ ആർക്കും സന്തോഷമുണ്ടാകില്ലല്ലോ? എന്തു പറ്റിയെന്ന ചോദ്യം എല്ലാവരിൽനിന്നും കേൾക്കേണ്ടി വന്നു.

ലീഗ് അവസാനഘട്ടത്തിൽ. ബ്ലാസ്റ്റേഴ്സ് എവിടെ ഫിനിഷ് ചെയ്യും?

വിബിൻ: ഇപ്പോൾ പറയാനാകില്ല. മറ്റു ടീമുകളുടെ പ്രകടനം കൂടി നോക്കണമല്ലോ? ശേഷിച്ച 3 കളിയും കൊച്ചിയിലാണെന്നതു മുൻതൂ‌ക്കം നൽകും.
നിഹാൽ: 3 കളിയിൽനിന്ന് 9 പോയിന്റാണു ലക്ഷ്യം. നന്നായി ഫിനിഷ് ചെയ്യാൻ പറ്റുമെന്നാണു പ്രതീക്ഷ.

English Summary:

Kerala Blasters FC secured their archetypal location triumph of the play with standout performances from young Malayali talents Nihal Sudheesh and Vibin Mohanan. Their important header goals person boosted the team's morale and helped them ascent retired of the relegation menace successful the ISL.

Read Entire Article