ഗ്രാൻഡ് ഓപ്പണിങ്; 17 വർഷത്തിനിടെ തജിക്കിസ്ഥാനെതിരെ ആദ്യ വിജയം, ജമീലിനൊപ്പം ജയിച്ചുതുടങ്ങി ഇന്ത്യ

4 months ago 5

ഹിസോർ (തജിക്കിസ്ഥാൻ) ∙ ‘ഇത്രയും നാൾ എവിടെയായിരുന്നു ഈ കളി’യെന്നു ചോദിക്കും വിധം അതിമനോഹരമായ ഫുട്ബോൾ കളിച്ച ഇന്ത്യയ്ക്ക് കാഫ നേഷൻസ് കപ്പിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ തജിക്കിസ്ഥാനെതിരെ 2–1 വിജയം. അൻവർ അലി (5–ാം മിനിറ്റ്), സന്ദേശ് ജിങ്കാൻ (13) എന്നിവരാണ് പുതിയ പരിശീലകൻ ഖാലിദ് ജമീലിന്റെ കീഴിലുള്ള ഇന്ത്യയുടെ ആദ്യ മത്സരത്തിലെ സ്കോറർമാർ.

23–ാം മിനിറ്റിൽ ഷാറോം സാനിയേവ് തജിക്കിസ്ഥാനായി ഒരു ഗോൾ മടക്കിയെങ്കിലും 2–ാം പകുതിയിൽ ഗോൾ വഴങ്ങുന്ന പതിവു ശീലം വെടിഞ്ഞ് ഇന്ത്യ വിജയമാഘോഷിച്ചു. 70–ാം മിനിറ്റിൽ തജിക്കിസ്ഥാനു കിട്ടിയ പെനൽറ്റി സ്പോട്ട് കിക്ക് തടുത്തിട്ട് ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു കളത്തിലെ ഇന്ത്യയുടെ മേധാവിത്വം അടിവരയിട്ടുറപ്പിച്ചു. തജിക്കിസ്ഥാനെതിരെ 17 വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ഒരു മത്സരം ജയിക്കുന്നത്. 2008ൽ എഎഫ്സി ചാലഞ്ച് കപ്പിൽ സുനിൽ ഛേത്രിയുടെ ഹാട്രിക് മികവിലായിരുന്നു ഇതിനു മുൻപത്തെ വിജയം. സെപ്റ്റംബർ ഒന്നിന് ഇറാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

മലയാളി താരങ്ങളായ ആഷിഖ് കുരുണിയനും മുഹമ്മദ് ഉവൈസിനും കോച്ച് ആദ്യ ഇലവനിൽ സ്ഥാനം നൽകിയിരുന്നു. 4–ാം മിനിറ്റിൽ ആഷിഖ് കുരുണിയന്റെ ഗോൾ ശ്രമത്തോടെയാണു കളിയുടെ തുടക്കം. ആഷിഖിന്റെ നീക്കം തജിക്കിസ്ഥാൻ ഗോളി മുഹ്റിദ്ദീൻ ഹസാനോവ് തടുത്തെങ്കിലും തൊട്ടടുത്ത മിനിറ്റിൽ മുഹമ്മദ് ഉവൈസിന്റെ അസിസ്റ്റ് ഫലം കണ്ടു. ഉവൈസിന്റെ ലോങ് ത്രോയിൽ നിന്ന് അൻവർ അലി ഇന്ത്യയ്ക്കായി ആദ്യ ഗോൾ നേടി.

പുതിയ കോച്ച് ഖാലിദ് ജമീലിന്റെ മാസ്റ്റർപീസായ ലോങ് ത്രോയിൽനിന്നായി, അദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യയുടെ ആദ്യ ഗോൾ!. 13–ാം മിനിറ്റിൽ സന്ദേശ് ജിങ്കാനും ഗോൾ നേടിയതോടെ ഇന്ത്യ 2–0ന് മുന്നിൽ. ഇത്തവണ ഗോളിനു വഴിയൊരുക്കിയത് അൻവർ അലി. അൻവറിന്റെ ലോങ് ഷോട്ടിൽനിന്ന് ബോക്സിൽ രാഹുൽ ഭീകെയുടെ ഹെഡർ. ഇതു തജിക്കിസ്ഥാൻ ഗോളി തടുത്തെങ്കിലും പന്തു കിട്ടിയതു സന്ദേശ് ജിങ്കാന്. ജിങ്കാന്റെ കൂറ്റനടി തടുക്കാനാളില്ലാതെ തജിക്കിസ്ഥാന്റെ വലയിൽ.

23–ാം മിനിറ്റിൽ ഷാറോം സാനിയേവിലൂടെ തജിക്കിസ്ഥാൻ ഒരു ഗോൾ മടക്കി. സുരേഷ് സിങ്ങിനെ വെട്ടിച്ചു ബോക്സിലേക്കു വന്ന സാനിയേവ് സന്ദേശ് ജിങ്കാനെയും കബളിപ്പിച്ച് പന്തു വലയിലേക്കു തള്ളി (2–1). രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇന്ത്യ 3 മാറ്റങ്ങളാണു വരുത്തിയത്.

സുരേഷ് സിങ്, ജീക്സൺ സിങ്, ലാലിയൻസുവാല ഛാങ്തെ എന്നിവർക്കു പകരമായി ഡാനിഷ് ഫാറൂഖ്, നിഖിൽ പ്രഭു, നവോറം മഹേഷ് എന്നിവർ കളത്തിലിറങ്ങി. 2–ാം പകുതിയിൽ ഗോൾ വഴങ്ങുന്ന നാണക്കേട് ഒഴിവാക്കാൻ ഇത്തവണ കരുതലോടെയാണ് ഇന്ത്യ കളിച്ചത്. പ്രതിരോധത്തിനു മാത്രം തുനിയാതെ ഇടവിട്ട ആക്രമണങ്ങൾക്കും കൗണ്ടർ അറ്റാക്കുകൾക്കും അവർ ശ്രമിച്ചു.

ഗോൾ തിരിച്ചടിക്കാനുള്ള ആതിഥേയരുടെ കഠിന പരിശ്രമങ്ങൾക്കിടെയാണ് ഇന്ത്യ പെനൽറ്റി വഴങ്ങിയത്. എന്നാൽ, സോയ്റോവ് എടുത്ത ഈ സ്പോട്ട് കിക്ക് ഗുർപ്രീത് തടുത്തു. ഇൻജറി ടൈം വരെ പിന്നെയും ഗോൾശ്രമങ്ങളുണ്ടായെങ്കിലും അതിലൊന്നും കുലുങ്ങാതെ ഗുർപ്രീതും ഇന്ത്യൻ താരങ്ങളും ഏറെക്കാലമായി കൊതിക്കുന്ന വിജയമധുരം നുണഞ്ഞു.

English Summary:

CAFA Nations Cup: India Kicks Off CAFA Nations Cup with Dominant 2-1 Victory Over Tajikistan

Read Entire Article