Published: December 17, 2025 01:06 PM IST
2 minute Read
-
ഐപിഎൽ ചരിത്രത്തിലെ വിലകൂടിയ വിദേശ താരമായി കാമറൂൺ ഗ്രീൻ
-
ലേലത്തിൽ പണംവാരി ആഭ്യന്തര താരങ്ങളായ പ്രശാന്ത് വീറും കാർത്തിക് ശർമയും
-
കേരള താരം വിഘ്നേഷ് പുത്തൂർ രാജസ്ഥാൻ റോയൽസിൽ
ഐപിഎൽ ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിലെ വിലകൂടിയ വിദേശ താരമെന്ന നേട്ടം ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിന് സ്വന്തം. ചെന്നൈ സൂപ്പർ കിങ്സുമായുള്ള നേർക്കുനേർ മത്സരത്തിനൊടുവിൽ 25.20 കോടി രൂപയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇരുപത്തിയാറുകാരൻ താരത്തെ സ്വന്തമാക്കിയത്. ചെന്നൈയ്ക്കു പുറമേ, രാജസ്ഥാൻ റോയൽസും ഗ്രീനിനായി രംഗത്തുണ്ടായിരുന്നെങ്കിലും കൊൽക്കത്ത വിട്ടു കൊടുത്തില്ല. 2 കോടി രൂപ അടിസ്ഥാന വിലയിൽ തുടങ്ങിയ ലേലം വിളിയുടെ ആദ്യ ഘട്ടത്തിൽ കൊൽക്കത്തയും രാജസ്ഥാനും ഗ്രീനിനെ വിടാതെ പിടിച്ചു.
ലേലത്തുക 13.6 കോടി പിന്നിട്ടതോടെ രാജസ്ഥാൻ പിന്മാറി. കൊൽക്കത്ത ഗ്രീനിനെ സ്വന്തമാക്കുമെന്ന് ഉറപ്പിച്ച സമയത്താണ് ചെന്നൈ രംഗത്തെത്തിയത്. പിന്നാലെ 25 കോടി വരെ ചെന്നൈയും കൊൽക്കത്തയും ഒപ്പത്തിനൊപ്പം നിന്നു. ലേലത്തുക 25 കോടി പിന്നിട്ടതോടെ ചെന്നൈ പിൻമാറുകയായിരുന്നു. 25.20 കോടി രൂപയ്ക്കാണ് ലേലത്തിൽ പോയതെങ്കിലും ഐപിഎലിലെ പുതിയ നിയമപ്രകാരം 18 കോടി രൂപ മാത്രമേ ഗ്രീനിന് വേതനമായി ലഭിക്കൂ. ബാക്കി തുക ബിസിസിഐ ഡവലപ്മെന്റ് ഫണ്ടിലേക്കു മാറ്റും.
30 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ആഭ്യന്തര താരങ്ങളായ പ്രശാന്ത് വീറിനെയും കാർത്തിക് ശർമയെയും 14.20 കോടി രൂപ വീതം നൽകി ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. ജമ്മു കശ്മീരിൽ നിന്നുള്ള അൺ ക്യാപ്ഡ് ഓൾറൗണ്ടർ അക്വിബ് നബി ദറിനെ 8.40 കോടി രൂപയ്ക്കു ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു. മലയാളി താരങ്ങളിൽ വിഘ്നേഷ് പുത്തൂർ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്ക് രാജസ്ഥാൻ റോയൽസിൽ എത്തി. മറ്റു മലയാളി താരങ്ങളാരും ലേലത്തിൽ വിറ്റുപോയില്ല.
പതിരാനയ്ക്ക് പതിനെട്ട് കോടിശ്രീലങ്കൻ പേസ് ബോളർ മതീഷ പതിരാനയാണ് മിനി ലേലത്തിൽ ഏറ്റവും കൂടുതൽ തുക ലഭിച്ച രണ്ടാമത്തെ താരം. അടിസ്ഥാന വിലയായ 2 കോടിയിൽ നിന്ന് 18 കോടി രൂപയ്ക്കു കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് പതിരാനയെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണുകളിൽ ചെന്നൈ താരമായിരുന്ന ഇരുപത്തിരണ്ടുകാരൻ പേസർക്കു വേണ്ടി ചെന്നൈ ഉൾപ്പെടെയുള്ള ടീമുകൾ രംഗത്തുണ്ടായിരുന്നെങ്കിലും കൊൽക്കത്തയുടെ പണക്കരുത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനെയും 9.20 കോടി രൂപയ്ക്ക് കൊൽക്കത്ത സ്വന്തമാക്കിയപ്പോൾ ഇംഗ്ലിഷ് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റൻ 13 കോടി രൂപയ്ക്ക് ഹൈദരാബാദിൽ എത്തി. ആദ്യ റൗണ്ടിൽ അൾസോൾഡായ ലിവിങ്സ്റ്റനെ രണ്ടാം റൗണ്ടിലാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.
വെങ്കടേഷ് ബെംഗളൂരുവിൽകഴിഞ്ഞ ലേലത്തിൽ 23.75 കോടി രൂപയ്ക്ക് കൊൽക്കത്ത സ്വന്തമാക്കിയ ഓൾറൗണ്ടർ വെങ്കടേഷ് അയ്യർ ഇത്തവണ 7 കോടി രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിലെത്തി. ക്യാപ്ഡ് ഇന്ത്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ തുക ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന വെങ്കടേഷിനായി പക്ഷേ, കൊൽക്കത്തയും ബെംഗളൂരുവും മാത്രമാണ് രംഗത്തുണ്ടായിരുന്നത്. വൻ ഡിമാൻഡ് പ്രതീക്ഷിച്ച മറ്റൊരു രവി ബിഷ്ണോയിയെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. 7.2 കോടിക്കാണ് ലെഗ് സ്പിന്നർ ബിഷ്ണോയ് രാജസ്ഥാനിൽ എത്തിയത്.
വിലയില്ലാതെ വിദേശികൾവിദേശതാരങ്ങളിൽ കാമറൂൺ ഗ്രീനും മതീഷ പതിരാനയ്ക്കും ഒഴികെ മറ്റാർക്കും കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറിനെ അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയപ്പോൾ ശ്രീലങ്കയുടെ വാനിന്ദു ഹസരംഗ 2 കോടി രൂപയ്ക്ക് ലക്നൗ സൂപ്പർ ജയന്റ്സിൽ എത്തി. ദക്ഷിണാഫ്രിക്കയുടെ ക്വിന്റൻ ഡികോക്ക് (ഒരു കോടി – മുംബൈ) ഇംഗ്ലണ്ടിന്റെ ബെൻ ഡക്കറ്റ് (2 കോടി– ഡൽഹി ), ന്യൂസീലൻഡ് താരങ്ങളായ ഫിൻ അലൻ (2 കോടി– കൊൽക്കത്ത), ജേക്കബ് ഡഫി (2 കോടി– ബെംഗളൂരു), വെസ്റ്റിൻഡീസിന്റെ അകീൽ ഹുസൈൻ (2 കോടി– ചെന്നൈ) എന്നിവർക്ക് അടിസ്ഥാന വില മാത്രമേ ലഭിച്ചുള്ളൂ.
English Summary:









English (US) ·