ഗ്രൗണ്ടിലേക്ക് ഇടിച്ചുകയറിയ ധോണിയെ വിലക്കിയോ? അംപയർമാരെ ചീത്തവിളിച്ച കോലിയെയോ?: ആ പാവം പയ്യനെ മാത്രം എന്തിന് വിലക്കി?: സേവാഗ്

7 months ago 9

ഓൺലൈൻ ഡെസ്‌ക്

Published: May 29 , 2025 05:00 PM IST

1 minute Read

dhoni-kohli-angry-sehwag
മത്സരത്തിനിടെ ധോണി ഗ്രൗണ്ടിൽ പ്രവേശിച്ച് അംപയർമാരോട് കുപിതനാകുന്നു, മത്സരത്തിനിടെ അംപയർമാരോട് കയർക്കുന്ന വിരാട് കോലി, വീരേന്ദർ സേവാഗ്

മുംബൈ∙ ബാറ്റർമാരെ പുറത്താക്കുമ്പോൾ നടത്തുന്ന നോട്ട്ബുക്ക് ആഘോഷത്തിന്റെ പേരിൽ (പുറത്താക്കിയ ബാറ്ററുടെ പേര് നോട്ട്ബുക്കിൽ എഴുതുന്ന പോലെ ആംഗ്യം കാണിക്കുക) ലക്നൗ സൂപ്പർ ജയന്റ്സ് താരം ദിഗ്‌വേഷ് രതിയെ വിലക്കിയ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. ആദ്യ ഐപിഎൽ സീസൺ കളിക്കുന്ന താരമെന്ന നിലയിൽ ദിഗ്‌വേഷിനെ നടപടിയിൽനിന്ന് ഒഴിവാക്കാമായിരുന്നുവെന്ന് സേവാഗ് അഭിപ്രായപ്പെട്ടു. മുൻപ് കളിക്കിടെ നിയമവിരുദ്ധമായി ഗ്രൗണ്ടിലേക്ക് ഇടിച്ചുകയറിയ ധോണിക്കും അംപയർമാരെ എണ്ണമറ്റ പ്രാവശ്യം ചീത്തവിളിച്ചിട്ടുള്ള വിരാട് കോലിക്കും എതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സേവാഗ് ചൂണ്ടിക്കാട്ടി.

‘‘ദിഗ്‌വേഷ് രതിയെ വിലക്കിയ നടപടി അൽപം കടുത്തുപോയി എന്നാണ് എന്റെ വിലയിരുത്തൽ. ആ പയ്യന്റെ ആദ്യത്തെ ഐപിഎൽ സീസണല്ലേ ഇത്? മുൻപ് ഒരു മത്സരത്തിനിടെ അംപയർമാരുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് നിയമവിരുദ്ധമായി ധോണി ഗ്രൗണ്ടിൽ കയറിയില്ലേ? അന്ന് ധോണിയെ വിലക്കിയില്ലല്ലോ. വിരാട് കോലി അംപയർമാരോട് കുപിതനായിട്ടില്ലേ? എത്ര തവണയാണെന്ന് എണ്ണിയെടുക്കാൻ പോലും പറ്റില്ല. എന്നിട്ടും കോലിയെ വിലക്കിയില്ലല്ലോ.’ – സേവാഗ് ചൂണ്ടിക്കാട്ടി.

‘‘അതുകൊണ്ട് ദിഗ്‌വേഷ് രതിക്കെതിരായ നടപടിയും ഒഴിവാക്കാമായിരുന്നു. അദ്ദേഹത്തിനു തീരെ ചെറിയ പ്രായമല്ലേ ആയിട്ടുള്ളൂ. ദേശീയ ശ്രദ്ധയിലേക്ക് വരുന്നതേയുള്ളൂ. ആ പരിഗണന കൊടുത്ത് അദ്ദേഹത്തെ വെറുതെ വിടാമായിരുന്നു’ – സേവാഗ് പറഞ്ഞു.

ഡൽഹി സ്വദേശിയായ ദിഗ്‌വേശ് രതിയെ ഈ ഐപിഎലിനായി ലക്നൗ സൂപ്പർ ജയന്റ്സ് ടീമിലെടുത്തതു 30 ലക്ഷം രൂപയ്ക്കാണ്. എന്നാൽ 9.31 ലക്ഷം രൂപയാണ് ഇതുവരെ പെരുമാറ്റദൂഷ്യത്തിനു പിഴയായി താരം അടച്ചത്. പഞ്ചാബ് കിങ്സ് താരം പ്രിയാംശ് ആര്യ, മുംബൈ ഇന്ത്യൻസ് താരം നമൻ ധിർ, സൺറൈസേഴ്സ് ഹൈദരാബാദ് താരം അഭിഷേക് ശർമ തുടങ്ങിയവർക്കെതിരെ താരം നോട്ട്ബുക്ക് ആഘോഷം പുറത്തെടുത്തിരുന്നു. അഭിഷേക് ശർമയുമായി പിന്നീട് വാക്കേറ്റംകൂടിയായതോടെയാണ് മാച്ച് ഫീയുടെ 50 ശതമാനം പിഴയും (3.75 ലക്ഷം രൂപ) ഒരു മത്സരത്തിൽ വിലക്കും ബിസിസിഐ പ്രഖ്യാപിച്ചത്. അതേ മത്സരത്തിൽ ഇഷൻ കിഷനെ പുറത്താക്കിയപ്പോഴും ദിഗ്‌വേഷ് ഇതേ ആഘോഷം തുടർന്നു. 

digvesh-rathi-abhishek-sharma

ദിഗ്‌വേഷ് രതിയും അഭിഷേക് ശർമയും തമ്മിലുണ്ടായ തർക്കം (ഫയൽ ചിത്രം)

പിഴയും വിലക്കും കിട്ടിയെങ്കിലും ഈ സീസണിലെ 13 മത്സരങ്ങളിൽനിന്നു 14 വിക്കറ്റുകൾ നേടിയിട്ടുണ്ട് ലെഗ് സ്പിന്നറായ ദിഗ്‌വേഷ്. ഡൽഹി പ്രിമിയർ ലീഗിലെ (ഡിപിഎൽ) മികച്ച പ്രകടനമാണ് താരത്തിന് ഐപിഎലിലേക്കു വഴിതുറന്നത്. സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസിന്റെ താരമായിരുന്ന ദിഗ്‌വേഷ് 10 കളികളിൽനിന്ന് 7.82 ആവറേജിൽ 14 വിക്കറ്റുകൾ നേടി. ഋഷഭ് പന്ത് അടക്കം ഒട്ടേറെ മുൻനിര ബാറ്റർമാർ ദിഗ്‌വേഷിന്റെ മുന്നിൽ മുട്ടുമടക്കിയിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ ആകെ കളിച്ചത് 2 മത്സരങ്ങളാണങ്കിലും 3 വിക്കറ്റുകൾ നേടി. മണിപ്പുരിനെതിരെയുള്ള നിർണായക മത്സരത്തിൽ 11 റൺസ് മാത്രം വഴങ്ങി നേടിയ 2 വിക്കറ്റുകളാണ് ടീമിനെ രക്ഷിച്ചത്.

English Summary:

Dhoni barged connected to the field, Kohli not banned: Virender Sehwag defends young subordinate Digvesh Rathi aft suspension

Read Entire Article