Published: April 18 , 2025 03:03 PM IST Updated: April 18, 2025 03:35 PM IST
2 minute Read
മുംബൈ∙ മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ പോരാട്ടത്തിനിടെ ക്രിക്കറ്റിലെ അപൂർവ നിയമങ്ങളിലൊന്നിലൂടെ സൺറൈസേഴ്സ് ഹൈദരാബാദ് സ്പിന്നർ സീഷൻ അൻസാരിക്ക് വിക്കറ്റ് നഷ്ടം. മുംബൈ ഇന്നിങ്സിന്റെ 7–ാം ഓവറിൽ ഓപ്പണർ റയാൻ റിക്കൽറ്റൻ സീഷന്റെ പന്തിൽ കവറിൽ കമിൻസിനു ക്യാച്ച് നൽകി. ഔട്ട് വിളിച്ചതോടെ പവിലിയനിലേക്കു മടങ്ങിയ റിക്കൽട്ടനെ തേഡ് അംപയർ പന്ത് നോബോൾ ആണെന്നു കണ്ടെത്തിയതിനെത്തുടർന്ന് തിരിച്ചുവിളിച്ചു. എന്നാൽ ബോളറുടെയല്ല, വിക്കറ്റ് കീപ്പർ ഹെയ്ൻറിച്ച് ക്ലാസന്റെ പിഴവു കൊണ്ടായിരുന്നു നോബോൾ! റിക്കൽറ്റൻ പന്ത് ബാറ്റു കൊണ്ട് തൊടുമ്പോൾ ക്ലാസന്റെ ഗ്ലൗ സ്റ്റംപിനു മുന്നിലായിരുന്നു എന്നതായിരുന്നു കാരണം. സ്ട്രൈക്കർ ഷോട്ടിനായി ശ്രമിക്കവേ പന്ത് ബാറ്റിലോ ശരീരത്തിലോ കൊള്ളുന്നതിനു മുൻപ് കീപ്പർ മുന്നിലേക്കു വരരുതെന്നാണ് നിയമം. ഇതോടെ ഹൈദരാബാദ് താരങ്ങൾ നിരാശയിലായി.
പ്രതാപകാലത്തെ മുംബൈ ഇന്ത്യൻസിനെ ഓർമിപ്പിക്കുന്ന പ്രകടനവുമായി വാങ്കഡെയിൽ കത്തിക്കയറിയ ഹാർദിക് പാണ്ഡ്യയും സംഘവും നാലു വിക്കറ്റിന്റെ ആധികാരിക ജയമാണു മത്സരത്തിൽ സ്വന്തമാക്കിയത്. ഹൈദരാബാദ് മുന്നോട്ടുവച്ച 163 റൺസ് വിജയലക്ഷ്യം മുംബൈ 18.1 ഓവറിൽ മറികടന്നു. സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 5ന് 162. മുംബൈ 18.1 ഓവറിൽ 6ന് 166. രണ്ട് വിക്കറ്റും 36 റൺസും നേടിയ വിൽ ജാക്സാണ് മുംബൈയുടെ വിജയശിൽപി. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈയ്ക്ക് മികച്ച തുടക്കം നൽകിയ രോഹിത് ശർമ (16 പന്തിൽ 26) പതിവുപോലെ പവർപ്ലേ അവസാനിക്കും മുൻപേ മടങ്ങി. നന്നായി തുടങ്ങിയ സഹ ഓപ്പണർ റയാൻ റിക്കൽറ്റനും (23 പന്തിൽ 31) പിന്നാലെ പുറത്തായെങ്കിലും മൂന്നാം വിക്കറ്റിൽ ഒന്നിച്ച വിൽ ജാക്സ് (26 പന്തിൽ 36)– സൂര്യകുമാർ യാദവ് (15 പന്തിൽ 26) സഖ്യം 29 പന്തിൽ 52 റൺസ് കൂട്ടിച്ചേർത്ത് മുംബൈയുടെ അടിത്തറ ഭദ്രമാക്കി.
സൂര്യയെയും ജാക്സിനെയും പാറ്റ് കമിൻസ് പുറത്താക്കിയെങ്കിലും വൈകിയിരുന്നു. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച തിലക് വർമ (17 പന്തിൽ 21 നോട്ടൗട്ട്)– ഹാർദിക് പാണ്ഡ്യ (9 പന്തിൽ 21) സഖ്യം മുംബൈയെ വിജയതീരത്തെത്തിച്ചു. ലക്ഷ്യത്തിന് ഒരു റൺ അകലെ ഹാർദിക്കിനെയും പിന്നാലെ നമൻ ദിറിനെയും (0) ഹൈദരാബാദ് വീഴ്ത്തിയെങ്കിലും തിലകിന്റെ ഫിനിഷിങ് ടച്ച് മുംബൈയ്ക്ക് 4 വിക്കറ്റ് ജയം സമ്മാനിച്ചു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് കരുതലോടെ കളിച്ച അഭിഷേകും (28 പന്തിൽ 40) ട്രാവിസ് ഹെഡും (29 പന്തിൽ 28) ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ 45 പന്തിൽ 59 റൺസാണ് ഇരുവരും ചേർന്നു നേടിയത്. 8–ാം ഓവർ പന്തെറിയാനെത്തിയ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് അഭിഷേകിനെ വീഴ്ത്തി ആതിഥേയർക്ക് ആദ്യ ബ്രേക്ത്രൂ നൽകിയത്. അഭിഷേക് മടങ്ങി തൊട്ടടുത്ത ഓവറിൽ ഇഷാൻ കിഷനെ (3 പന്തിൽ 2) വിൽ ജാക്സും വീഴ്ത്തിയതോടെ 2ന് 68 എന്ന നിലയിലായി ഹൈദരാബാദ്. അധികം വൈകാതെ ജാക്സിന്റെ പന്തിൽ ഹെഡും വീണു.
18–ാം ഓവറിലാണ് ഹൈദരാബാദ് ഇന്നിങ്സിലെ ആദ്യ സിക്സ് പിറന്നത്. ദീപക് ചാഹർ എറിഞ്ഞ ഓവറിൽ 2 വീതം സിക്സും ഫോറുമടക്കം 21 റൺസാണ് ഹെയ്ൻറിച് ക്ലാസൻ (28 പന്തിൽ 37) നേടിയത്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിൽ 3 സിക്സ് അടക്കം 22 റൺസ് നേടിയ അനികേത് വർമ (8 പന്തിൽ 18 നോട്ടൗട്ട്)– പാറ്റ് കമിൻസ് (4 പന്തിൽ 8 നോട്ടൗട്ട്) സഖ്യമാണ് ഹൈദരാബാദ് സ്കോർ 160 കടത്തിയത്.
English Summary:








English (US) ·