'ഗർഭിണിയായപ്പോൾ സ്ഥാപനത്തിലേക്ക് പോയില്ല, QR കോഡ് മാറ്റി തട്ടിയത് 69ലക്ഷം'; ഓഡിറ്റിങ് നടത്താൻ പോലീസ്

7 months ago 7

g krishnakumar

കൃഷ്ണകുമാറിന്റെ കുടുംബം പുറത്തുവിട്ട വീഡിയോയിൽനിന്ന്‌, കൃഷ്ണകുമാറിനൊപ്പം ദിയ കൃഷ്ണ Photo: YouTube/ Sindhu Krishna, instagram/diya krishna

തിരുവനന്തപുരം : നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയാ കൃഷ്ണ നടത്തുന്ന ആഭരണ വിൽപ്പനശാലയിൽനിന്ന് ജീവനക്കാർ പണംതട്ടിയെന്ന പരാതിയിൽ ഇരുവിഭാഗത്തിനെതിരേയും അന്വേഷണം തുടരുകയാണെന്ന് മ്യൂസിയം പോലീസ് അറിയിച്ചു. കൃഷ്ണകുമാറും, കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരേ ജീവനക്കാരും പരാതിനൽകിയിരുന്നു.

ദിയാ കൃഷ്ണ കവടിയാറിൽ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാർക്കെതിരേ സാമ്പത്തിക തട്ടിപ്പാരോപിച്ച് ജൂൺ മൂന്നിനാണ് കൃഷ്ണകുമാർ പരാതിനൽകിയത്. തുടർന്ന് വിനീത, ദിവ്യ, രാധാകുമാരി, വിനീതയുടെ ഭർത്താവ് ആദർശ് എന്നിവർക്കെതിരേ പോലീസ് കേസ് രജിസ്റ്റർചെയ്തു.

ഉപഭോക്താക്കൾക്ക് സ്ഥാപനത്തിലെ ക്യുആർ കോഡിനുപകരം സ്വന്തം അക്കൗണ്ടിലെ ക്യുആർ കോഡ് നൽകി 69 ലക്ഷം തട്ടിപ്പുനടത്തിയെന്നാണ് കേസ്. തട്ടിപ്പ് കണ്ടെത്തിയപ്പോൾ ഇത് ചോദ്യംചെയ്ത ദിയയെ ആദർശ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു.

തങ്ങളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്തെന്നാരോപിച്ച് ജീവനക്കാർ നൽകിയ പരാതിയിൽ കൃഷ്ണകുമാറിന്റെയും മകളുടെയുംപേരിലും പോലീസ് കേസെടുത്തിരുന്നു.

ഓഡിറ്റിങ് നടത്താൻ പോലീസ്
സ്ഥാപനത്തിനുവേണ്ടി ഓഡിറ്റിങ് നടത്തുന്ന സ്വകാര്യസ്ഥാപനത്തോട് എത്രയുംവേഗം ഇത് പൂർത്തിയാക്കാൻ പോലീസ് ആവശ്യപ്പെടും. സംശയമുള്ളപക്ഷം സർക്കാർതലത്തിൽ ഓഡിറ്റിങ്ങിനുള്ള നടപടികൾ സ്വീകരിക്കും. കൃഷ്ണകുമാറിന്റെയും മകളുടെയും ജീവനക്കാരുടെയും അക്കൗണ്ടുകളും സിസിടിവി ദൃശ്യങ്ങളുമടക്കം പരിശോധിക്കും.

പണം തട്ടിച്ചതിനും കുറ്റസമ്മതം നടത്തിയതിനും തെളിവുണ്ടെന്ന് കൃഷ്ണകുമാർ

തിരുവനന്തപുരം : തന്റെ മകളുടെ സ്ഥാപനത്തിലെ ജീവനക്കാർ അവരുടെ ക്യുആർ കോഡ് വഴി പണം സ്വീകരിച്ച് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയതിന് തെളിവുകളുണ്ടെന്നും അവർ ആ കുറ്റം സമ്മതിച്ചതാണെന്നും നടൻ ജി. കൃഷ്ണകുമാർ അവകാശപ്പെട്ടു.

അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞത്: മകൾ ദിയ ഗർഭിണിയായപ്പോൾ സ്ഥാപനത്തിലേക്ക് എന്നും പോകാൻ കഴിയാതെയായി. കാര്യങ്ങൾ നോക്കിയിരുന്ന മൂന്ന് ജീവനക്കാരികൾ സ്ഥാപനത്തിന്റെ ക്യുആർ കോഡ് തകരാറിലാണെന്നു ധരിപ്പിച്ച് ഇടപാടുകാരിൽനിന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങിക്കുകയായിരുന്നു.

ദിയയുടെ ഒരു സുഹൃത്ത് സ്ഥാപനത്തിലെത്തിയപ്പോൾ സംശയംതോന്നി വിളിച്ചുപറഞ്ഞപ്പോഴാണ് ഞങ്ങൾ തട്ടിപ്പ് അറിയുന്നത്. 69 ലക്ഷംരൂപ തട്ടിച്ചതായി മനസ്സിലായി. ഇക്കാര്യം ചോദിച്ചതോടെ മൂന്നുപേരും ജോലി മതിയാക്കി പോയി. പോലീസിൽ പരാതികൊടുക്കുമെന്ന്‌ അറിയിച്ചതോടെ മൂന്നുപേരും ഞങ്ങൾ താമസിക്കുന്ന ഫ്ളാറ്റിന്റെ താഴെവരുകയും പണമെടുത്തിട്ടുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു. മൂന്നുമണിക്കൂറിനകം 8.82 ലക്ഷംരൂപ കൊണ്ടുതരുകയും ചെയ്തു.

അന്ന് രാത്രി ഇതിൽ ഒരു പെൺകുട്ടിയുടെ ഭർത്താവ് ദിയയെ വിളിച്ച് കാശ് തരാനാകില്ലെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി. അടുത്തദിവസം ഞങ്ങൾ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർക്ക് പരാതികൊടുത്തു. ഇതറിഞ്ഞ്, ഇവരെയും ഭർത്താക്കന്മാരെയും ഞങ്ങൾ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ച് പണം വാങ്ങിയെന്ന് അവർ മ്യൂസിയം പോലീസിൽ കൗണ്ടർ കേസ് കൊടുക്കുകയായിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടുണ്ട്. നീതി കിട്ടുമെന്നാണ് പ്രതീക്ഷ -അദ്ദേഹം പറഞ്ഞു.

Content Highlights: Diya Krishna`s jewelry store employees accused of stealing ₹69 lakhs. Police probe underway

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article