
സെലീന ജെയ്റ്റ്ലി | ഫോട്ടോ: www.instagram.com/celinajaitlyofficial/
ജന്മനായുള്ള ഹൃദ്രോഗം മൂലം മരണപ്പെട്ട മകൻ ഷംഷേറിൻ്റെ വേർപാടിന് ശേഷം ഒരു അമ്മ എന്ന നിലയിലുള്ള തൻ്റെ യാത്രയെക്കുറിച്ച് ഓർത്തെടുത്ത് നടിയും മുൻ മിസ് ഇന്ത്യയുമായ സെലീന ജെയ്റ്റ്ലി. അമ്മയായതിൻ്റെ മധുരവും കയ്പ്പും നിറഞ്ഞ യാത്രയെക്കുറിച്ച് ഓർത്തെടുത്തുകൊണ്ട് വികാരനിർഭരമായ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചു. ഷംഷേറിന്റെ ശവകുടീരത്തിന് മുന്നിൽ മറ്റൊരു മകനായ ആർതറിനൊപ്പം നിൽക്കുന്ന ചിത്രവും അവർ പോസ്റ്റ് ചെയ്തു.
"എനിക്കവനെ രക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു... പക്ഷെ എനിക്കതിന് കഴിഞ്ഞില്ല." സെലീന ജെയ്റ്റ്ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെയാണ്. ഓസ്ട്രിയൻ ഹോട്ടലുടമയായ പീറ്റർ ഹാഗാണ് സെലീനയുടെ ഭർത്താവ്. രണ്ട് ജോഡി ഇരട്ടക്കുട്ടികളാണ് ഇവർക്കുള്ളത്. ആറുമാസം ഗർഭിണിയായിരിക്കുമ്പോഴാണ് തനിക്ക് അച്ഛനെ നഷ്ടമായതെന്ന് സെലീന പറഞ്ഞു. ഷംഷേറിന് ഹൈപ്പോപ്ലാസ്റ്റിക് ലെഫ്റ്റ് ഹാർട്ട് സിൻഡ്രോം കണ്ടെത്തിയതിന്റെ ആഘാതത്തിൽ നിന്നും കരകയറുന്നതിന് മുൻപേയായിരുന്നു ഇത്. ഹൃദയത്തിന്റെ ഇടതുവശം ശരിയായി വികസിക്കാത്തതിനാൽ വേണ്ട രീതിയിൽ രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുന്ന അപൂർവമായ ഒരു ഹൃദ്രോഗമാണിതെന്നും സെലീന പറഞ്ഞു.
ദുബായ്, ലണ്ടൻ, ഇന്ത്യ എന്നിവിടങ്ങളിലെ മികച്ച ഡോക്ടർമാരുടെ സഹായം തേടിയെങ്കിലും ഷംഷേറിൻ്റെ അവസ്ഥ ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്തതായിരുന്നു. ഗർഭിണിയായിരിക്കുമ്പോൾ ഒന്നും ചെയ്യാൻ കഴിയാതിരുന്നതാണ് ഏറ്റവും പ്രയാസമേറിയ കാര്യം. ഒരു അത്ഭുതം പ്രതീക്ഷിച്ച് താനും ഭർത്താവും വേദനയിലും പ്രാർത്ഥനയിലുമായി ആ ഗർഭകാലം കഴിച്ചുകൂട്ടി. കഴിക്കാൻ എന്തെങ്കിലും മരുന്നുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. ചെയ്യാൻ ഒരു ശസ്ത്രക്രിയ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു, പക്ഷേ ഒന്നും ഉണ്ടായിരുന്നില്ല. അതിജീവനത്തിനുള്ള സാധ്യത വളരെ കുറവായിരുന്നുവെന്ന് സെലീന പറഞ്ഞു.
"ദൈവം ഞങ്ങളെ വെറുംകൈയോടെ വിട്ടില്ല. ഷംഷേർ അതിജീവിച്ചിരുന്നെങ്കിൽ ജീവിതം എങ്ങനെയായിരിക്കുമെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. മൂത്ത ഇരട്ടകളുടെ സൗഹൃദം കാണുമ്പോൾ, ആർതറിന് അത് വല്ലാതെ നഷ്ടപ്പെടുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. ജന്മനായുള്ള വെല്ലുവിളികൾ കുടുംബങ്ങളെ എന്നെന്നേക്കുമായി മാറ്റിമറിക്കും, എന്നാൽ അവ സങ്കൽപ്പിക്കാനാവാത്ത ശക്തി വെളിപ്പെടുത്തുകയും ചെയ്യും. അതിജീവനത്തിന്റെയോ നഷ്ടത്തിന്റെയോ ഓരോ കഥയും ഒരു രക്ഷിതാവിന്റെ സ്നേഹം എത്രമാത്രം ആഴത്തിലുള്ളതാണെന്നതിന്റെ ഓർമ്മപ്പെടുത്തലാണ്." സെലീന കൂട്ടിച്ചേർത്തു.
2017ലാണ് സെലീനയ്ക്ക് തന്റെ കുഞ്ഞിനെ നഷ്ടമാകുന്നത്. സെലീനയുടെ ഇരട്ടക്കുട്ടികളായ ഷംഷേറും ആര്‍തറും മാസം തികയാതെയാണ് ജനിച്ചത്. ഷംഷേറിന് ജന്മനാ തന്നെ ഹൃദയത്തിന് തകരാറുണ്ടായിരുന്നു. ഇതായിരുന്നു മരണകാരണം. രണ്ടാമത്തെ കുഞ്ഞായ ആര്‍തര്‍ മാസങ്ങളോളം എന്‍.ഐ.സി.യുവിലും. സെലീനയും ഭര്‍ത്താവ് പീറ്റര്‍ ഹാഗും 2011 ലാണ് വിവാഹിതരായത്. 2012 ലാണ് ഇരട്ടക്കുട്ടികളായ വിരാജും വിന്‍സ്റ്റണും പിറന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം ഷംഷേറും ആര്‍തറും.
Content Highlights: Celina Jaitly Reflects connected Motherhood and Loss of Son to Congenital Heart Defect
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·