ദുബായ്: ഏഷ്യാകപ്പില്‍ മത്സരശേഷം ഹസ്തദാനത്തിന് വിസമ്മതിച്ച ഇന്ത്യയുടെ നടപടിയില്‍ പ്രതിഷേധമറിയിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്(പിസിബി). ഇന്ത്യയുടെ തീരുമാനത്തെ സ്പോർട്സ്മാൻ സ്പിരിറ്റിന് വിരുദ്ധമെന്ന് വിശേഷിപ്പിച്ച പിസിബി, ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്താനും തീരുമാനിച്ചു. ടോസിനിടെ സൂര്യകുമാറുമായി ഹസ്തദാനം ചെയ്യരുതെന്ന് ക്യാപ്റ്റൻ സൽമാനോട് മാച്ച് റഫറി ആവശ്യപ്പെട്ടതായും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ അറിയിച്ചു.
ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റനുമായി ഹസ്തദാനം ചെയ്യരുതെന്ന് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ്, ക്യാപ്റ്റൻ സൽമാൻ അലി ആഗയോട് ആവശ്യപ്പെട്ടിരുന്നു. ഈ പെരുമാറ്റം സ്പോർട്സ്മാൻ സ്പിരിറ്റിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പാകിസ്താൻ ടീം മാനേജ്മെന്റ് പ്രതിഷേധം രേഖപ്പെടുത്തി. - പ്രസ്താവനയിൽ പിസിബി അറിയിച്ചു.
ഇന്ത്യൻ ടീമിന്റെ നടപടിക്കെതിരേയുള്ള പ്രതിഷേധ സൂചകമായാണ് ക്യാപ്റ്റൻ സൽമാൻ മത്സരശേഷമുള്ള ചടങ്ങിൽ നിന്ന് വിട്ടുനിന്നതെന്നും പിസിബി വ്യക്തമാക്കി. ചടങ്ങിന്റെ അവതാരകൻ ഇന്ത്യക്കാരനായതിനാലും, ഇന്ത്യൻ ടീമിന്റെ പെരുമാറ്റത്തിൽ പ്രതിഷേധിച്ചുമാണ് സൽമാൻ അലി അഗ മത്സരശേഷമുള്ള ചടങ്ങ് ബഹിഷ്കരിച്ചത്. - പ്രസ്താവനയിൽ പിസിബി അറിയിച്ചു.
തങ്ങൾ ഹസ്തദാനത്തിനായി കാത്തിരുന്നുവെന്നും ഇന്ത്യയുടെ നടപടി നിരാശപ്പെടുത്തിയെന്നും പാക് പരിശീലകൻ പ്രതികരിച്ചു. തങ്ങൾ കളിക്കാൻ മാത്രമാണ് വന്നതെന്നും തക്കതായ മറുപടി നൽകിയെന്നുമാണ് സൂര്യകുമാർ നൽകിയ വിശദീകരണം.
മത്സരശേഷം പാക് താരങ്ങള്‍ ഹസ്തദാനത്തിനായി കാത്തിരുന്നെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ അത് ശ്രദ്ധിച്ചതേയില്ല. സൂര്യകുമാര്‍ യാദവും ശിവം ദുബെയും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. എന്നാല്‍ ഇന്ത്യന്‍ താരങ്ങളും സ്റ്റാഫുകളും കൈകൊടുക്കാനായി വരുമെന്നാണ് പാക് താരങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അതുണ്ടായില്ലെന്നുമാത്രമല്ല ഡ്രസ്സിങ് റൂമിന്റെ വാതിലടക്കുകയും ചെയ്തു. അതോടെ പാക് താരങ്ങള്‍ മടങ്ങുകയായിരുന്നു.
മത്സരത്തിന്റെ ടോസ് സമയത്തും സൂര്യകുമാര്‍ പാക് നായകന് കൈകൊടുത്തിരുന്നില്ല. പരസ്പരം ഹസ്തദാനം ചെയ്തില്ലെന്നു മാത്രമല്ല മുഖത്തോടു മുഖം പോലും നോക്കാതെയാണ് മടങ്ങിയത്. ഏഷ്യാകപ്പ് തുടങ്ങുന്നതിനുമുന്‍പ് ടീം ക്യാപ്റ്റന്‍മാരെല്ലാം ഒരുമിച്ച് മാധ്യമങ്ങളെ കണ്ടപ്പോഴും വേദിയില്‍വച്ച് സൂര്യയും ആഗയും ഹസ്തദാനം നല്‍കിയിരുന്നില്ല.
Content Highlights: pcb protestation against india nary handshake asia cup








English (US) ·