
ചടങ്ങിൽനിന്ന് | Photo: Special Arrangement
പാൻ ഇന്ത്യൻ റെസ്‌ലിങ് ആക്‌ഷൻ കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന 'ചത്ത പച്ച'യുടെ പൂജയും സ്വിച്ച്ഓണും നടന്നു. റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ കൂടി ചേർന്നാണ് റീൽ വേൾഡ് എന്റർടെയ്ൻമെന്റിന് രൂപംകൊടുത്തിരിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൗക്കത്ത് എന്നിവർക്കൊപ്പം ചിത്രത്തിന്റെ നിർമണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ്. ജോർജ്, സുനിൽ സിങ് എന്നിവരും പങ്കാളികളാകുന്നുണ്ട്.
ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള റിങ് റെസ്ലിംഗ് കഥാപാത്രങ്ങളിൽനിന്നും ആരാധകരിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന അദ്വൈത് നായർ ആണ്. സൂപ്പർ താരം മോഹൻലാലിന്റെ അനന്തരവനായ അദ്വൈതിന്റെ കന്നി സംവിധാന സംരംഭമാണിത്.
ചൊവ്വാഴ്ച രാവിലെ എറണാകുളം ചെല്ലാനത്ത് വെച്ചായിരുന്നു പൂജ. ഫോർട്ട് കൊച്ചിയുടെ സംസ്ക്കാരത്തിൽ നിന്ന് ഡബ്ല്യുഡബ്ല്യുഇ സ്റ്റൈൽ റെസ്ലിങ്ങിന്റെ പ്രേക്ഷക പ്രീതിയും ഊർജവും കലർത്തി ഒരുക്കുന്ന ചിത്രം വളരെയധികം പ്രതീക്ഷ സമ്മാനിക്കുന്ന പ്രൊജക്ടുകളിൽ ഒന്നാണ്.
അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം.
എഡിറ്റർ: പ്രവീൺ പ്രഭാകർ, ബിജിഎം: മുജീബ് മജീദ്, രചന: സനൂപ് തൈക്കൂടം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജോർജ് എസ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, വസ്ത്രാലങ്കാരം: മെൽവി, മേക്കപ്പ്: റോണക്സ് സേവ്യർ, ആർട്ട്: സുനിൽ ദാസ്, സ്റ്റണ്ട്: കലൈ കിങ്സ്റ്റൺ, വാർത്താ പ്രചരണം: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് ഡബ്ല്യൂഡബ്ല്യൂഇ സ്റ്റൈൽ റെസ്‌ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി ഒരുക്കുന്ന സിനിമക്ക് സംഗീതം ഒരുക്കുന്നത് പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ എഹ്‌സാൻ ലോയിയാണ്. ചിത്രത്തിന് വേണ്ടി താരങ്ങളായ അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ എന്നിവർ ഏറെ നാൾ ട്രെയിനിങ് പ്രക്രിയകളിലൂടെ കടന്നു പോയിരുന്നു.
Content Highlights: Arjun Ashokan`s `Chatha Pacha`, a Pan-Indian wrestling comedy, begins filming
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·