22 May 2025, 12:46 PM IST

Photo: x.com/EmiratesCricket/
ഷാര്‍ജ: ടി20 ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി യുഎഇ ക്രിക്കറ്റ് ടീം. ബംഗ്ലാദേശിനെതിരായ ടി20 പരമ്പര യുഎഇ സ്വന്തമാക്കി. ഐസിസി സ്ഥിരാംഗമായ ഒരു ടീമിനെതിരേ അസോസിയേറ്റ് ടീമായ യുഎഇയുടെ ആദ്യ പരമ്പര നേട്ടമാണിത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 2-1നാണ് യുഎഇ സ്വന്തമാക്കിയത്. ആദ്യ മത്സരം 27 റണ്‍സിന് തോറ്റ യുഎഇ, രണ്ടാം മത്സരത്തില്‍ രണ്ടു വിക്കറ്റിന് ജയിച്ചിരുന്നു.
പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് യുഎഇ വിജയിച്ചത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തുകള്‍ ബാക്കിനില്‍ക്കേ യുഎഇ മറികടന്നു. ആലിഷന്‍ ഷറഫു - ആസിഫ് ഖാന്‍ കൂട്ടുകെട്ടാണ് യുഎഇയ്ക്ക് ജയമൊരുക്കിയത്. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഈ സഖ്യം 87 റണ്‍സ് ചേര്‍ത്തു. 47 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 68* റണ്‍സെടുത്ത ഷറഫുവാണ് അവരുടെ ടോപ് സ്‌കോറര്‍. 26 പന്തുകള്‍ നേരിട്ട ആസിഫ് അഞ്ച് സിക്‌സറടക്കം 41* റണ്‍സെടുത്തു. 29 റണ്‍സെടുത്ത മുഹമ്മദ് സൊഹൈബും ഭേദപ്പെട്ട സംഭാവന നല്‍കി. ടോസ് നേടിയ യുഎഇ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
നേരത്തേ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് തന്‍സിദ് ഹസന്‍ (18 പന്തില്‍ 40), ജാക്കര്‍ അലി (34 പന്തില്‍ 41), ഹസന്‍ മഹ്‌മുദ് (15 പന്തില്‍ 26) എന്നിവരുടെ ഇന്നിങ്‌സ് മികവില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തിരുന്നു.
നാല് ഓവറില്‍ വെറും ഏഴു റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഹൈദര്‍ അലിയാണ് ബംഗ്ലാദേശിനെ പിടിച്ചുകെട്ടിയത്.
Content Highlights: UAE cricket squad creates history, winning a T20 bid against Bangladesh








English (US) ·