ചരിത്രം കുറിച്ച് നേപ്പാൾ, ട്വന്റി20യിൽ വെസ്റ്റിൻഡീസിനെ കീഴടക്കി; 180–ാം മത്സരത്തിൽ ടെസ്റ്റ് പദവിയുള്ള രാജ്യത്തിനെതിരെ ആദ്യ ജയം

3 months ago 5

ഓൺലൈൻ ഡെസ്‌ക്

Published: September 28, 2025 09:57 AM IST Updated: September 28, 2025 10:04 AM IST

1 minute Read

 X/@CricCrazyJohns
വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ വിജയിച്ച ശേഷം നേപ്പാൾ. ചിത്രം: X/@CricCrazyJohns

ഷാർജ∙ യുഎഇയിലെ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നലെ ചരിത്രം പിറന്നു. 180–ാം രാജ്യാന്തര ട്വന്റി20 മത്സരം കളിച്ച നേപ്പാൾ, ആദ്യമായി ഒരു ടെസ്റ്റ് പദവിയുള്ള ടീമിനെ തോൽപ്പിച്ചു. അതും ട്വന്റി20 സ്പെഷലിസ്റ്റുകൾക്ക് പേരുകേട്ട വെസ്റ്റിൻഡീസിനെ. പരമ്പരയിലെ ആദ്യ ട്വന്റി20 മത്സരത്തിൽ 19 റൺസിനാണ് നേപ്പാളിന്റെ തകർപ്പൻ ജയം. 38 റൺസെടുത്ത് ടോപ് സ്കോററാകുയും വെസ്റ്റിൻഡീസിന്റെ ഒരു വിക്കറ്റ് വീഴത്തുകയും ചെയ്ത ക്യാപ്റ്റൻ രോഹിത് പൗഡലാണ് നേപ്പാളിനെ മുന്നിൽനിന്നു നയിച്ചത്. രോഹിത് തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ചും. നേപ്പാളിലെ ജൻസീ പ്രക്ഷോഭത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് വിജയം സമർപ്പിക്കുന്നതായി മത്സരശേഷം രോഹിത് പൗഡൽ പറഞ്ഞു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ നേപ്പാൾ, നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ വെസ്റ്റിൻഡീസിന്റെ ഇന്നിങ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 129 റൺസിൽ അവസാനിച്ചു. രോഹിത് പൗഡേൽ (38), കുശാൽ മല്ല (30), ഗുൽസൻ ഝാ (22) എന്നിവരുടെ ഇന്നിങ്സിന്റെ ബലത്തിലാണ് നേപ്പാൾ ഭേദപ്പെട്ട സ്കോറിലെത്തിയത്. വെസ്റ്റിൻഡീസിനായി ജയ്സൻ ഹോൾഡർ 4 വിക്കറ്റും നവീൻ ബിദൈസി മൂന്നു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ, ക്രീസിൽ നിലയുറപ്പിച്ച് പൊരുതാൻ വെസ്റ്റിൻഡീസ് ബാറ്റിങ് നിരയിൽ ആർക്കും സാധിച്ചില്ല. 22 റൺസെടുത്ത നവീൻ ബിദൈസിയാണ് ടോപ് സ്കോറർ. കൃത്യമായ ഇടവേളകളിൽ വിക്കറ്റെടുത്ത് നേപ്പാൾ ബോളർമാർ സമ്മർത്തിലാക്കുകയും ചെയ്തു. അവസാന 2 ഓവറിൽ ജയിക്കാൻ 30 റൺസ് വേണ്ടിയിരുന്ന വെസ്റ്റിൻഡീസിന് വെറു 10 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. നേപ്പാളിനായി കുശാൽ ഭുർതേൽ രണ്ടു വിക്കറ്റും ദീപേന്ദ്ര സിങ് ഐറി, കെ.സി.കരൺ, നന്ദൻ യാദവ്, ലളിത് രാജ്ബൻഷി, രോഹിത് പൗഡേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഐസിസി പൂർണ്ണ അംഗത്വമുള്ള രാജ്യങ്ങൾക്കെതിരെ കളിച്ച എട്ട് ടി20 മത്സരങ്ങളിൽ ആദ്യ ജയമാണ് നേപ്പാൾ സ്വന്തമാക്കിയത്. 2014ൽ നേപ്പാൾ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചിരുന്നെങ്കിലും അന്ന് അവർ അസോസിയേറ്റ് അംഗമായിരുന്നു. അതേസമയം, ഒരു അസോസിയേറ്റ് ടീമിനെതിരെ വെസ്റ്റിൻഡീസിന്റെ നാലാം തോൽവിയാണിത്. 2022 ട്വന്റി20 ലോകകപ്പിൽ സ്കോട്ട്ലൻഡിനോട് വെസ്റ്റിൻഡീസ് തോറ്റിരുന്നു. 2014ൽ അയർലൻഡിനെതിരെയും 2016 ട്വന്റി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെയും വെസ്റ്റിൻഡീസ് പരാജയമറിഞ്ഞു. ഇരു ടീമുകളും അപ്പോൾ അസോസിയേറ്റ് രാജ്യങ്ങളായിരുന്നു.

English Summary:

Nepal Script History With Victory Over West Indies, Send 'Gen Z Protests' Message

Read Entire Article