Published: October 10, 2026 07:31 AM IST Updated: October 10, 2026 04:31 PM IST
1 minute Read
കണ്ണൂർ ∙ സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോളിൽ, സ്വന്തം ഗ്രൗണ്ടിൽ ഇതുവരെ കൊച്ചിയോട് ജയിച്ചിട്ടില്ലെന്ന ചരിത്രം തിരുത്തി കണ്ണൂർ വോറിയേഴ്‌സ്. ആവേശപ്പോരാട്ടത്തിൽ ഫോഴ്സ കൊച്ചിയെ 2-1നാണ് നിലവിലെ ചാംപ്യൻമാരായ കണ്ണൂർ വീഴ്ത്തിയത്. സെർബിയൻ താരം ബോഗ്‌ദാൻ സ്റ്റാമൻകോവിച്ചും (39–ാം മിനിറ്റ്) മലയാളി താരം ഫസലുറഹ്മാനുമാണ് (49) കണ്ണൂരിനായി ലക്ഷ്യം കണ്ടത്. രാഹുൽ രാജുവിന്റെ വകയായിരുന്നു കൊച്ചിയുടെ ഏക ഗോൾ.
തുടക്കം മുതൽ പന്ത് കൈവശംവച്ചു കളിച്ചത് കൊച്ചിയായിരുന്നു. മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ ആതിഥേയരുടെ ബോക്സിൽ കൊച്ചി താരങ്ങൾ പന്തുമായെത്തി. ആദ്യ പകുതിയിൽ ഒട്ടേറെ തവണ എതിർ ബോക്സിൽ ഭീഷണി വിതച്ചെങ്കിലും കൊച്ചിക്ക് ഗോൾ കണ്ടെത്താൻ സാധിച്ചില്ല.
പതിയെ മത്സരത്തിൽ താളം കണ്ടെത്തിയ കണ്ണൂർ വോറിയേഴ്‌സിന്റെ ആദ്യ ഗോൾ പിറക്കുന്നത് 39–ാം മിനിറ്റിൽ. മലയാളി താരം നിജോ ഗിൽബർട്ട് ബോക്സിലേക്കുയർത്തി നൽകിയ പന്ത് സ്റ്റാമൻകോവിച് തന്റെ തല കൊണ്ടു കൊച്ചിയുടെ വലയിലെത്തിച്ചു. 49–ാം മിനിറ്റിൽ ഫസലുറഹ്മാൻ നേടിയ രണ്ടാം ഗോളിലേക്കുള്ള വഴി തുറന്നതും നിജോ തന്നെ. നിശ്ചിത സമയത്തിനുള്ളിൽ സമനില ഗോൾ നേടാനുള്ള കൊച്ചിയുടെ ശ്രമം ഫലംകണ്ടില്ല. ഇതിനിടെ കണ്ണൂർ താരം ഉമാശങ്കറിന്റെ മുഖത്തിടിച്ചതിന്റെ പേരിൽ കൊച്ചിയുടെ നിതിൻ മധു ചുവപ്പ് കാർഡ് കണ്ടു പുറത്തായി. ജയത്തോടെ കണ്ണൂർ 7 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. കണ്ണൂരിന്റെ ഫസലുറഹ്മാനാണ് പ്ലെയർ ഓഫ് ദ് മാച്ച്.
18ന് കാലിക്കറ്റ് എഫ്സിക്കെതിരെയാണ് കണ്ണൂരിന്റെ അടുത്ത മത്സരം. 16ന് നടക്കുന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസാണ് കൊച്ചിയുടെ അടുത്ത എതിരാളികൾ.
English Summary:






English (US) ·