07 September 2025, 04:54 PM IST

യാനിക് സിന്നർ, കാർലോസ് അൽക്കരാസ് | AFP
ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസിൽ ആര് മുത്തമിടുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് കായികലോകം. ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ യാനിക് സിന്നറും രണ്ടാം സീഡും 2022-ലെ ജേതാവുമായ കാർലോസ് അൽക്കരാസുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ജേതാവിനെ കാത്തിരിക്കുന്നത് ടൂര്‍ണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ്. അഞ്ച് മില്ല്യണ്‍ യുഎസ് ഡോളറാണ് (44 കോടിയോളം ഇന്ത്യന്‍ രൂപ) ജേതാവിന് ലഭിക്കുക. യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നേടിയ ആര്യാന സെബലേങ്കയ്ക്കും ഇതേ തുകയാണ് ലഭിക്കുന്നത്.
ഫൈനലില്‍ പരാജയപ്പെടുന്നയാള്‍ക്കും ലഭിക്കുന്നത് കോടികളാണ്. ഏകദേശം 22 കോടിയോളം ഇന്ത്യന്‍ രൂപയാണ് യുഎസ് ഓപ്പണ്‍ റണ്ണര്‍ അപ്പിന് ലഭിക്കുന്നത്. സെമി ഫൈനലിസ്റ്റുകള്‍ക്കാകട്ടെ 11 കോടിയോളം ഇന്ത്യന്‍ രൂപയും ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന താരങ്ങള്‍ക്ക് 5.82 കോടി രൂപയും കിട്ടും. ടൂര്‍ണമെന്റിലെ ആകെ സമ്മാനത്തുക 90 മില്ല്യണ്‍ യുഎസ് ഡോളറാണ്. കഴിഞ്ഞവര്‍ഷം ഇത് 75 മില്ല്യണ്‍ യുഎസ് ഡോളറായിരുന്നു. 20% വര്‍ധനവാണ് ഇത്തവണയുള്ളത്.
സീസണിൽ മൂന്നാം ഗ്രാൻഡ്സ്ലാം ഫൈനലിലാണ് 24-കാരനായ ഇറ്റാലിയൻ താരം സിന്നറും 22-കാരനായ സ്പാനിഷ് താരം അൽക്കരാസും കൊമ്പുകോർക്കുന്നത്. ഫ്രഞ്ച് ഓപ്പൺ അൽക്കരാസ് നേടിയപ്പോൾ വിംബിൾഡൺ സിന്നറും സ്വന്തമാക്കി. സെർബിയൻ ഇതിഹാസം നൊവാക് ജോക്കോവിച്ചിനെയാണ് സെമിയിൽ നേരിട്ടുള്ള സെറ്റുകളിൽ അൽക്കരാസ് കീഴടക്കിയത്. (6-4, 7-6, 6-2). 25 ഗ്രാൻഡ്സ്ലാം കിരീടങ്ങളെന്നെ 38-കാരനായ ജോക്കോവിന്റെ സ്വപ്‌നം വീണ്ടും പൊലിഞ്ഞു.
സിന്നർ കാനഡയുടെ 25-ാം സീഡായ ഫെലിക്‌സി ഓഗർ അലിയാസിമിനെ നാലു സെറ്റ് നീണ്ട കളിയിൽ മറികടന്നു. (6-1, 3-6, 6-3, 6-4). ആദ്യ സെറ്റ് അനായാസം നേടിയ സിന്നറെ പിന്നീട് വയറിലെ പേശീവേദന വലച്ചു. മികച്ച സർവുകളുതിർക്കാൻ ഇറ്റാലിയൻ താരം വിഷമിച്ചു. രണ്ടാം സെറ്റ് നഷ്ടമായശേഷം സിന്നർ വൈദ്യസഹായം തേടി. തുടർന്ന് രണ്ടു സെറ്റുകൾ നേടി മത്സരം സ്വന്തമാക്കി. റോജർ ഫെഡററുടെ തുടർച്ചയായ അഞ്ചു കീരിടനേട്ടങ്ങൾക്കുശേഷം (2004-08) യുഎസ് ഓപ്പണിൽ തുടരെ ജേതാവാകാനുള്ള അവസരമാണ് സിന്നർക്ക് മുന്നിലുള്ളത്. ഈ വര്‍ഷം ജനുവരിയില്‍ നടന്ന ആദ്യ ഗ്രാൻഡ്സ്ലാം ടൂര്‍ണമെന്‍റായ ഓസ്ട്രേലിയന്‍ ഓപ്പണിലും സിന്നറാണ് ജേതാവായത്. കഴിഞ്ഞ വര്‍ഷം യു.എസ്. ഓപ്പണ്‍ ജേതാവായ സിന്നര്‍ ഇത് തുടര്‍ച്ചയായ അഞ്ചാം ഗ്രാൻഡ്സ്ലാം ഫൈനല്‍ ആണ് കളിക്കുന്നത്.
Content Highlights: US Open 2025 Final Record Prize Money Carlos Alcaraz Jannik Sinner








English (US) ·