Published: December 23, 2025 08:05 PM IST
1 minute Read
പുണെ∙ രാജ്യാന്തര വേദിയിൽ അശ്വാഭ്യാസത്തിൽ പതിറ്റാണ്ടുകൾക്കു ശേഷം ഇന്ത്യയുടെ കുളമ്പടിനാദം വീണ്ടും ഉറക്കെ കേൾപ്പിച്ച് പാതി മലയാളിയായ 32 വയസ്സുകാരൻ. പുണെ സ്വദേശിയായ ആശിഷ് ലിമയെ ആണ് ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ഇക്വസ്ട്രിയൻ സ്പോർട്സ് (എഫ്ഇഐ) സംഘടിപ്പിച്ച ഏഷ്യൻ ഇക്വസ്‌ട്രിയൻ ചാംപ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയത്. വ്യക്തിഗത ഇവന്റിങ് വിഭാഗത്തിലാണ് ആശിഷിന്റെ നേട്ടം. 43 വർഷങ്ങൾക്കു ശേഷമാണ് അശ്വാഭ്യാസത്തിലെ ഇവന്റിങ് വിഭാഗത്തിൽ ഇന്ത്യയ്ക്കു മെഡൽ ലഭിക്കുന്നത്. 1982 ഏഷ്യൻ ഗെയിംസിൽ രഘുബിർ സിങ്ങാണ് ഇതിനു മുൻപ് മെഡൽ നേടിയ താരം.
പുണെ സ്വദേശിയായ ഡോ.വിവേക് ലിമയെയുടെയും ആലപ്പുഴ തകഴി സ്വദേശിനിയായ ഡോ.വിമലയുടെയും മകനാണ് ആശിഷ് ലിമയെ. തായ്‌ലൻഡിലെ പട്ടായയിൽ ഡിസംബർ ആദ്യവാരമായിരുന്നു ഏഷ്യൻ ഇക്വസ്‌ട്രിയൻ ചാംപ്യൻഷിപ്. ഡ്രസാഷ്, ക്രോസ് കൺട്രി, ഷോ ജംപിങ് എന്നിവ അടങ്ങിയ ഇവന്റിങ് വിഭാഗത്തിൽ 29.4 പോയിന്റ് നേടിയാണ് ആശിഷ് സ്വർണനേട്ടയം. വില്ലി ബി ഡൺ എന്ന കുതിരയായിരുന്നു ആശിഷിന്റെ പങ്കാളി. 13 വയസ്സുള്ള ആഗ്ലോ യൂറോപ്യൻ ഇനത്തിൽപെട്ട കുതിരയായ വില്ലിയുമൊത്ത് കഴിഞ്ഞ മൂന്നു വർഷമായി ആശിഷ് പരിശീലിക്കുന്നുണ്ട്.
പത്താം വയസ്സിലാണ് ആശിഷ് അശ്വാഭ്യാസത്തിൽ പരിശീലനം ആരംഭിച്ചത്. ജൂനിയർ തലം മുതൽ മത്സരങ്ങളിൽ പങ്കെടുക്കുകയും മെഡലുകൾ നേടുകയും ചെയ്തു. എൻജിനീയറിങ് പഠനത്തിനിടെ ഇടവേളയെടുത്തെങ്കിലും പിന്നീട് വീണ്ടും സജീവമായി. 2023ൽ ഹാൻചൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ആശിഷ് ഭാഗമായ ഇന്ത്യൻ ടീം ചെറിയ പിഴവ് മൂലം ഒന്നാം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ടിരുന്നു. ഇതിനുള്ള മധുരപ്രതികാരം കൂടിയാണ് ഏഷ്യൻ ചാംപ്യൻഷിപ്പിലെ വ്യക്തിഗത സ്വർണ മെഡൽനേട്ടം. ചാംപ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന് വെള്ളി മെഡലാണ്.
മികച്ച പരിശീലനത്തിനും കൂടുതൽ മത്സരപരിചയങ്ങൾക്കുമായി നിലവിൽ ജർമനിയിലാണ് ആശിഷിന്റെ താമസം. പുണെയിലാണ് ജനിച്ചു വളർന്നതെങ്കിലും അമ്മയുടെ കൂടെ പലപ്പോഴും കേരളത്തിൽ വന്നിട്ടുള്ള ആശിഷിന് മലയാളവും നന്നായി വഴങ്ങും. ഭാര്യ സംയോഗിത, അശ്വാഭ്യാസത്തിലും ആശിഷിന്റെ പങ്കാളിയാണ്. ബെംഗളൂരുവിലെ എംബസി ഇന്റർനാഷനൽ റൈഡിങ് സ്കൂളിലെ ഇൻസ്ട്രക്ടറാണ് സംയോഗിത. നാട്ടിൽ വരുമ്പോൾ ആശിഷും ഇവിടെ വിദ്യാർഥികൾക്ക് പരിശീലനം നൽകാറുണ്ട്. അടുത്ത വർഷം നടക്കുന്ന ഏഷ്യൻ ഗെയിസും 2028 ഒളിംപിക്സുമാണ് ഇനി ആശിഷിനു മുന്നിലെ വലിയ ലക്ഷ്യങ്ങൾ. അതിനുള്ള കഠിന പരിശീലനത്തിലാണ് ആശിഷ്, ഒപ്പം വില്ലിയും.
English Summary:








English (US) ·