Published: July 08 , 2025 10:36 AM IST
2 minute Read
-
വ്യക്തിഗത സ്കോർ 367ൽ ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ വിയാൻ മൾഡൻ
ബുലവായോ∙ ചരിത്രത്തിന്റെ ഭാഗമാകാൻ രണ്ടുവഴികളുണ്ട്; ഒന്നുകിൽ ചരിത്രം തിരുത്തിയെഴുതാം, അല്ലെങ്കിൽ ചരിത്രത്തോടു മുഖം തിരിക്കാം! ഇതിൽ രണ്ടാമത്തെ വഴി തിരഞ്ഞെടുക്കാനായിരുന്നു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ വിയാൻ മൾഡർക്ക് താൽപര്യം. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയുടെ (400) റെക്കോർഡ് മറികടക്കാനുള്ള സുവർണാവസരം മുന്നിലുണ്ടായിട്ടും മൾഡർ അതിനു ശ്രമിക്കേണ്ടെന്നു തീരുമാനിച്ചു.
സിംബാബ്‌വെയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ വ്യക്തിഗത സ്കോർ 367ൽ നിൽക്കെ, ടീം ക്യാപ്റ്റൻ കൂടിയായ മൾഡർ ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. മത്സരത്തിൽ 3 ദിവസവും ഒരു സെഷനും ബാക്കിയുണ്ടായിട്ടും എന്തുകൊണ്ട് മൾഡർ 5ന് 626 എന്ന സ്കോറിൽ, ക്വഡ്രപ്പിൾ സെഞ്ചറിക്ക് 33 റൺസ് അകലെ ഇന്നിങ്സ് മതിയാക്കിയെന്ന അമ്പരപ്പിലാണ് ക്രിക്കറ്റ് ലോകം. താൽക്കാലിക ക്യാപ്റ്റൻ കേശവ് മഹാരാജ് ആദ്യ ടെസ്റ്റിനിടെ പരുക്കേറ്റു പുറത്തായതോടെയായിരുന്നു രണ്ടാം ടെസ്റ്റിൽ ഇരുപത്തിയേഴുകാരൻ മൾഡറിന് നായകന്റെ ചുമതല ലഭിച്ചത്.
മൾഡർ ഷോ1ന് 11 എന്ന നിലയിൽ ടീം പതറിയ സമയത്താണ് മൾഡർ ക്രീസിലെത്തിയത്. പിന്നാലെ ടീം 2ന് 24 എന്ന സ്കോറിലേക്കു വീണു. അവിടെ നിന്ന് മൂന്നാം വിക്കറ്റിൽ ഡേവിഡ് ബെഡിങ്ങാമിനൊപ്പം (82) 184 റൺസും ലുവാൻ ഡ്രെ പ്രിട്ടോറിയസിനൊപ്പം (78) 217 റൺസും നേടിയ മൾഡർ ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും അനായാസം ബാറ്റ് ചെയ്ത മൾഡർ 297 പന്തിലാണ് തന്റെ കന്നി ട്രിപ്പിൾ സെഞ്ചറി പൂർത്തിയാക്കിയത്. ടെസ്റ്റിലെ വേഗമേറിയ രണ്ടാം ട്രിപ്പിൾ സെഞ്ചറിയാണിത്. 278 പന്തിൽ ട്രിപ്പിൾ തികച്ച വീരേന്ദർ സേവാഗിന്റെ പേരിലാണ് റെക്കോർഡ്.
പിന്നാലെ 334 പന്തിൽ 4 സിക്സും 49 ഫോറുമടക്കം 367ൽ നിൽക്കെയാണ് ഏവരെയും ഞെട്ടിച്ച് മൾഡർ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. 42 റൺസുമായി കൈൽ വെറെയ്നാണ് മൾഡർക്കൊപ്പം ക്രീസിൽ ഉണ്ടായിരുന്നത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെ ഒന്നാം ഇന്നിങ്സിൽ 170ന് പുറത്തായി. അവിടെയും രണ്ടു വിക്കറ്റ് വീഴ്ത്തി മൾഡർ തന്റെ സാന്നിധ്യമറിയിച്ചു. സിംബാബ്‌വെയിൽ ട്രിപ്പിൾ സെഞ്ചറി നേടുന്ന ആദ്യ താരം, ടെസ്റ്റ് ഇന്നിങ്സിലെ ഉയർന്ന അഞ്ചാമത്തെ വ്യക്തിഗത സ്കോർ, ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടുന്ന രണ്ടാമത്തെ താരം തുടങ്ങി ഒരുപിടി റെക്കോർഡുകൾ മത്സരത്തിൽ മൾഡർ സ്വന്തമാക്കി.
മൾഡറിനു മുൻപും മുന്നൂറുകൾ ഇതാദ്യമായല്ല 300കളിൽ ഒരു താരം ഇന്നിങ്സ് മതിയാക്കുന്നത്. 1998ൽ പെഷവാറിൽ പാക്കിസ്ഥാനെതിരെ നടന്ന രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മാർക്ക് ടെയ്‌ലർ വ്യക്തിഗത സ്കോർ 334ൽ നിൽക്കെ ഇന്നിങ്സ് ഡിക്ലയർ ചെയ്തിട്ടുണ്ട്. അന്ന് ഒരു ഓസ്ട്രേലിയൻ താരത്തിന്റെ ഉയർന്ന ടെസ്റ്റ് സ്കോർ എന്ന നേട്ടത്തിൽ ഇതിഹാസ താരം ഡോൺ ബ്രാഡ്മാനെ മറികടക്കാതിരിക്കാനായിരുന്നു ടെയ്‌ലർ ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ തീരുമാനിച്ചത്. 1930ൽ ഇംഗ്ലണ്ടിനെതിരെയാണ് ബ്രാഡ്മാൻ 334 റൺസ് നേടിയത്. പിന്നീട് 2003ൽ സിംബാബ്‌വെയ്ക്കെതിരെ 380 റൺസ് നേടിയ മാത്യു ഹെയ്ഡൻ ഈ റെക്കോർഡ് മറികടന്നു.
ഈ റെക്കോർഡ് ലാറയുടേത്: മൾഡർബുലവായോ∙ ടെസ്റ്റ് ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയ്ക്ക് അവകാശപ്പെടതാണെന്നും അതു തിരുത്താൻ താൻ ശ്രമിക്കില്ലെന്നും വിയാൻ മൾഡർ. ‘ടീമിന് ആവശ്യമുള്ള റൺസ് ഞങ്ങൾ നേടിയിരുന്നു. അതുകൊണ്ടാണ് ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. കൂടാതെ, ആ റെക്കോർഡ് ബ്രയാൻ ലാറയ്ക്ക് അവകാശപ്പെട്ടതാണ്, ലാറയ്ക്കു മാത്രം’– രണ്ടാം ദിവസത്തെ മത്സരശേഷം മൾഡർ പറഞ്ഞു.
English Summary:








English (US) ·