ചരിത്രനേട്ടത്തിനരികെ വീണ് നായകൻ, ബ്രാഡ്മാനെ മറികടക്കാനായില്ല; മടക്കം നിറഞ്ഞ കയ്യടിയോടെ 

5 months ago 5

shubman gill

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലിന്റെ ആഹ്ളാദം (Photo: ANI)

കെന്നിങ്ടൺ‌: ഇന്ത്യൻ നായകനായുള്ള ആദ്യ ടെസ്റ്റ് പരമ്പരയിൽ തന്നെ മിന്നും പ്രകടനമാണ് ശുഭ്മാൻ ​ഗിൽ കാഴ്ചവെച്ചത്. സെഞ്ചുറികളും ഡബിൾ സെഞ്ചുറിയും പിറന്ന ആ ബാറ്റിൽ നിന്ന് നിരവധി റെക്കോഡുകളും പിറവിയെടുത്തു. ഓവലിലെ അഞ്ചാം ടെസ്റ്റില്‍ ഗില്‍ ചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ചരിത്രനേട്ടത്തിനരികെ നായകന്‍ വീണു. എങ്കിലും പരമ്പരയിലൂടനീളം ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിക്കുന്നതായിരുന്നു ഗില്ലിന്റെ പ്രകടനം.

അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ തന്നെ റെക്കോഡ് കുറിച്ചാണ് ​ഗിൽ തുടങ്ങിയത്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോഡാണ് ഗില്‍ സ്വന്തമാക്കിയത്. സുനില്‍ ഗാവസ്‌കറിന്റെ റെക്കോഡാണ് ഗില്‍ മറികടന്നത്. 1978-79 ല്‍ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഗാവസ്‌കര്‍ 732 റണ്‍സാണ് അടിച്ചെടുത്തത്. ഈ റെക്കോഡാണ് അഞ്ചാം മത്സരത്തിനിടെ ഗില്‍ മറികടന്നത്. 11 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് ഗില്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. 21 റൺസാണ് ഒന്നാമിന്നിങ്സിൽ താരം നേടിയത്.

നേരത്തേ ക്യാപ്റ്റനായുള്ള അരങ്ങേറ്റ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിൽ നാല് സെഞ്ചുറി നേടി ഇന്ത്യന്‍ നായകന്‍ പുതിയ റെക്കോഡിട്ടിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് ഇന്ത്യൻ നായകൻ. നായകനായ ആദ്യ ടെസ്റ്റ് പരമ്പരയിൽ മൂന്ന് സെഞ്ചുറി നേടിയ ഡോണ്‍ ബ്രാഡ്മാന്‍, വിരാട് കോലി, ഗ്രേഗ് ചാപ്പല്‍, വാര്‍വിക്ക് ആംസ്‌ട്രോങ്, സ്റ്റീവന്‍ സ്മിത്ത് എന്നിവരെയാണ് ഗില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ രണ്ടാമിന്നിങ്‌സില്‍ നേടിയ സെഞ്ചുറിയോടെ മറികടന്നത്.

മറ്റൊരു സെഞ്ചുറി റെക്കോഡിന്റെ കാര്യത്തില്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ ഡോണ്‍ ബ്രാഡ്മാനും ഇന്ത്യയുടെ സുനില്‍ ഗാവസ്‌ക്കര്‍ക്കും ഒപ്പമെത്തിയിരുന്നു. ഒരു പരമ്പരയില്‍ നാല് സെഞ്ചുറി നേടുന്ന ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് ഗില്ലിനെ ഗാവസ്‌ക്കര്‍ക്കും ബ്രാഡ്മാനുമൊപ്പമെത്തിച്ചത്. നാലാം ടെസ്റ്റിന്റെ അഞ്ചാം ദിനമാണ് ഗില്‍ ഈ പരമ്പരയിലെ തന്റെ നാലാം സെഞ്ചുറി സ്വന്തമാക്കിയത്.

1947 ഇന്ത്യയ്‌ക്കെതിരായ നാട്ടിലെ പരമ്പരയിലാണ് ബ്രാഡ്മാന്‍ നാല് സെഞ്ചുറി നേടിയത്. ഗാവസ്‌ക്കര്‍ 1978ല്‍ വിന്‍ഡീസിനെതിരായ നാട്ടിലെ പരമ്പരയിലും. എവെ മത്സരത്തില്‍ നാല് സെഞ്ചുറി നേടുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന നേട്ടം ഗില്ലിന് സ്വന്തമാണ്.

ഓവൽ ടെസ്റ്റിലെ രണ്ടാമിന്നിങ്സിൽ 11 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. അതോടെ അഞ്ച് ടെസ്റ്റുകളിൽ നിന്ന് ​ഗില്ലിന്റെ സമ്പാദ്യം 754 റൺസ് ആയി. ഒരു പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കറാണ്. 1971-ല്‍ വിന്‍ഡീസിനെതിരേ 774 റണ്‍സാണ് നേടിയത്. 21 റണ്‍സ് കൂടി കണ്ടെത്തിയിരുന്നെങ്കിൽ ഗില്ലിന് റെക്കോഡ് സ്വന്തം പേരിലാക്കാമായിരുന്നു. 974 റണ്‍സ് നേടിയ ബ്രാഡ്മാന്റെ പേരിലാണ് നിലവിലെ ലോകറെക്കോഡ്.

ക്യാപ്റ്റനായുള്ള ആദ്യ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡില്‍ ബ്രാഡ്മാന് പിറകില്‍ രണ്ടാം സ്ഥാനത്താണ് ഗില്‍. 1936ല്‍ ഇംഗ്ലണ്ടിനെതിരായ നാട്ടിലെ പരമ്പരയില്‍ 810 റണ്‍സ് നേടിയ ബ്രാഡ്മാനാണ് ഒന്നാമത്. വെസ്റ്റിന്‍ഡീസിനെതിരെ ഹോം സീരീസില്‍ 702 റണ്‍സ് നേടിയ ഗ്രേഗ് ചാപ്പല്‍ മൂന്നാമതും 1974ല്‍ ഇന്ത്യയ്‌ക്കെതിരായ എവെ സീസീസില്‍ 636 റണ്‍സ് നേടിയ ക്ലൈവ് ലോയ്ഡ് നാലാമതും 1955ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം സീരീസില്‍ 582 റണ്‍സ് നേടിയ പീറ്റര്‍ മെയ് അഞ്ചാമതുമാണ്.

ഓവല്‍ ടെസ്റ്റില്‍ ഒരു സെഞ്ചുറി കൂടി നേടിയാല്‍ ഒരു പരമ്പരയില്‍ കൂടുതല്‍ ശതകം തികയ്ക്കുന്ന ക്യാപ്റ്റനെന്ന റെക്കോഡിനൊപ്പം ഗില്ലിന് എത്താമായിരുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ ക്ലൈഡ് വാല്‍ക്കോട്ടിന്റെ പേരിലാണ് നിലവിലെ റെക്കോഡ്. 1955-ല്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ അഞ്ചു സെഞ്ചുറിയാണ് വാല്‍ക്കോട്ട് നേടിയത്. മാഞ്ചെസ്റ്റര്‍ ടെസ്റ്റില്‍ നാലാം സെഞ്ചുറി കണ്ടെത്തിയതോടെ ഗില്‍ ഇന്ത്യയുടെതന്നെ സുനില്‍ ഗാവസ്‌ക്കര്‍ (1978-79, വിന്‍ഡീസിനെതിരേ), ഓസ്ട്രേലിയയുടെ ഡോണ്‍ ബ്രാഡ്മാന്‍ (1947-48, ഇന്ത്യക്കെതിരേ) എന്നിവര്‍ക്കൊപ്പമെത്തിയിരുന്നു.

Content Highlights: Indian skipper shubman gill Test bid show records

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article