09 June 2025, 09:15 PM IST

Photo: PTI
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത് തലമുറ മാറ്റത്തിന്റെ കാലമാണ്. രോഹിത് ശര്‍മയും വിരാട് കോലിയും ടെസ്റ്റില്‍ നിന്നും ടി20-യില്‍ നിന്നും വിരമിച്ചു കഴിഞ്ഞു. ആര്‍. അശ്വിന്‍ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. രവീന്ദ്ര ജഡേജ ടി20 ക്രിക്കറ്റ് മതിയാക്കി. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിനെ അവരോധിച്ചുകഴിഞ്ഞു. ഇതിഹാസങ്ങള്‍ ഒന്നൊന്നായി ടീമില്‍ നിന്ന് പുറത്തേക്ക് പോകുകയാണ്. അടുത്ത തലമുറ ഇന്ത്യന്‍ ക്രിക്കറ്റിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കാനൊരുങ്ങുന്നു.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇന്ത്യന്‍ ക്രിക്കറ്റിനെ നയിച്ചിരുന്നത് കോലിയും രോഹിത്തുമായിരുന്നു. എന്നാല്‍ ഇനി ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് ഇരുവരുടെയും സേവനം ഇന്ത്യയ്ക്ക് ലഭിക്കുക. 2027-ലെ ഏകദിന ലോകകപ്പില്‍ കളിക്കുക എന്നത് ലക്ഷ്യംവെച്ചാണ് ഇരുവരും ഏകദിനത്തില്‍ തുടരുന്നതെന്ന് വ്യക്തം. മറ്റൊരു ഐസിസി ട്രോഫിയോടെ കരിയര്‍ അവസാനിപ്പിക്കാനാണ് ഇരുവരും ലക്ഷ്യമിടുന്നത്. എന്നാല്‍ ടീം മാനേജ്‌മെന്റ് ഇരുവരെയും അതിന് അനുവദിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്. പ്രത്യേകിച്ചും രോഹിത്തിന്റെ കാര്യത്തില്‍.
ഇപ്പോഴിതാ ചാമ്പ്യന്‍സ് ട്രോഫിക്കു പിന്നാലെ രോഹിത് ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്ന് ബിസിസിഐ പ്രതീക്ഷിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. സത്യത്തില്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയ ശേഷം രോഹിത് ഏകദിന ഫോര്‍മാറ്റില്‍ നിന്ന് മാറിയേക്കുമെന്ന് തങ്ങളില്‍ പലരും കരുതിയിരുന്നുവെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഹിത്തിന്റെ ഏകദിന ഭാവിയെക്കുറിച്ച് അദ്ദേഹവും അജിത്ത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയും യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
2025 മാര്‍ച്ച് ഒമ്പതിന് ന്യൂസിലന്‍ഡിനെതിരേ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലാണ് രോഹിത് അവസാനമായി ഇന്ത്യയ്ക്കായി ഏകദിനം കളിച്ചത്. അടുത്ത ലോകകപ്പിലേക്ക് ഇനിയും രണ്ടു വര്‍ഷത്തെ ദൂരമുണ്ട്. അപ്പോഴേക്കും രോഹിത്തിന് 40 വയസ് തികയും. ഫിറ്റ്‌നസും സമീപകാലത്തെ ഫോമും രോഹിത്തിന് ഒട്ടും ആശ്വാസകരമല്ല. ഏകദിന ടീമില്‍ രോഹിത്തിന്റെ സ്ഥാനം പോലും ഇപ്പോള്‍ സംശയമാണ്. സൂര്യകുമാര്‍ യാദവിനെ ടി20 ക്യാപ്റ്റനായും ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റനായും നിയമിച്ചുകഴിഞ്ഞ ക്രിക്കറ്റ് ബോര്‍ഡ് ഏകദിനത്തിലും രോഹിത്തിന് പകരം അടുത്തുതന്നെ മറ്റൊരാളെ പരിഗണിച്ചേക്കുമെന്ന് ഉറപ്പാണ്. സമീപകാലത്ത് മികച്ച ഫോമിലുള്ള ശ്രേയസ് അയ്യരുടെ പേര് ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്.
Content Highlights: Reports suggest BCCI expected Rohit Sharma`s ODI status aft Champions Trophy








English (US) ·