Published: July 26 , 2025 08:02 PM IST
1 minute Read
ന്യൂഡൽഹി∙ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനത്തേക്ക് സ്പാനിഷ് ഇതിഹാസ താരം ചാവി ഹെർണാണ്ടസിന്റെ പേരിൽ ലഭിച്ച അപേക്ഷ വ്യാജമാണെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്). മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോളയുടെ പേരിലും അപേക്ഷ ലഭിച്ചതായി അറിയിച്ച എഐഎഫ്എഫ്, അതും വ്യാജമായിരുന്നുവെന്ന് വ്യക്തമാക്കി. ഇരുവരുടെയും പേരിൽ ലഭിച്ച അപേക്ഷകളുടെ ആധികാരികത സ്ഥിരീകരിക്കാനാകാത്ത സാഹചര്യത്തിലാണ് ഇവ വ്യാജമാണെന്ന് ഫെഡറേഷൻ വ്യക്തമാക്കിയത്.
ചാവി ഹെർണാണ്ടസ് ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചെങ്കിലും എഐഎഫ്എഫ് സാമ്പത്തിക കാരണങ്ങളാൽ അവഗണിച്ചുവെന്ന റിപ്പോർട്ട് വൻ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അപേക്ഷ വ്യാജമായിരുന്നുവെന്ന് എഐഎഫ്എഫ് പ്രസ്താവനയിൽ അറിയിച്ചത്.
‘‘സ്പാനിഷ് പരിശീലകരായ പെപ് ഗ്വാർഡിയോള, ചാവി ഹെർണാണ്ടസ് എന്നിവരുടെ പേരിൽ എഐഎഫ്എഫിന് അപേക്ഷകൾ ലഭിച്ചിരുന്നു. ഇരുവരുടെയും പേരിലുള്ള അപേക്ഷകളുടെ ആധികാരികത ഉറപ്പിക്കാനായില്ല. ഈ സാഹചര്യത്തിൽ ഇവ വ്യാജമാണെന്ന് കരുതുന്നു’ – എഐഎഫ്എഫ് പ്രസ്താവനയിൽ അറിയിച്ചു.
2010ലെ ഫിഫ ലോകകപ്പ് വിജയിച്ച സ്പാനിഷ് ടീമിൽ അംഗമായിരുന്ന ചാവി രണ്ടു തവണ യൂറോ കപ്പും നേടിയിട്ടുണ്ട്. ബാര്‍സിലോനയിൽ എട്ടു ലാലിഗ കിരീടങ്ങളും നാല് ചാംപ്യൻസ് ലീഗ് കിരീടങ്ങളും താരം വിജയിച്ചു. ഫുട്ബോളിൽനിന്നു വിരമിച്ച ശേഷം പരിശീലകന്റെ കുപ്പായമണിഞ്ഞ ചാവി ഖത്തറിലെ അൽ സാദ് ക്ലബ്ബിനെയാണ് ആദ്യം പരിശീലിപ്പിച്ചത്. പിന്നീട് ബാർസിലോനയുടെ ഹെഡ് കോച്ചായ ചാവി 2022–23 ലാലിഗ കിരീടത്തിലേക്കും ടീമിനെ നയിച്ചു.
ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഇവരുടേത് ഉൾപ്പെടെ ആകെ 170 അപേക്ഷകളാണ് ലഭിച്ചതെന്ന് എഐഎഫ്എഫ് വ്യക്തമാക്കി. തുടർന്ന് ചട്ടപ്രകാരം നടത്തിയ അവലോകനത്തിനൊടുവിൽ ഇതിൽ 10 പേരെ തിരഞ്ഞെടുത്തു. ഈ 10 പേരിൽനിന്ന് മുൻ ഇന്ത്യൻ താരം ഐ.എം. വിജയൻ നേതൃത്വം നൽകുന്ന ടെക്നിക്കൽ കമ്മിറ്റി മൂന്നു പേരുടെ ചുരുക്കപ്പട്ടിക തയാറാക്കുകയായിരുന്നുവെന്നും പ്രസ്താവനയിലുണ്ട്. ഇവരിൽ ആരെ വേണമെന്ന കാര്യം എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് തീരുമാനിക്കുക.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@FootballWitballൽ നിന്ന് എടുത്തതാണ്.
English Summary:








English (US) ·