'ചികിത്സയ്ക്കായി ലക്ഷങ്ങൾ കടം വാങ്ങി, ഐഫോൺ മോഷ്ടിച്ചു'; യുവതിക്കെതിരേ തെളിവുകളുണ്ടെന്ന് യാഷ്

6 months ago 6

ന്യൂഡല്‍ഹി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ യുവതിക്കെതിരേ ആരോപണങ്ങളുമായി ഐപിഎൽ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പേസർ യാഷ് ദയാല്‍. യുവതി തന്റെ ഐഫോണും ലാപ്‌ടോപ്പും മോഷ്ടിച്ചെന്നും ലക്ഷങ്ങള്‍ കടംവാങ്ങി തിരിച്ചുതന്നില്ലെന്നും യാഷ് ദയാല്‍ പറഞ്ഞു. പ്രയാഗ് രാജ് പോലീസില്‍ താരം പരാതി നല്‍കിയിട്ടുമുണ്ട്.

2021-ല്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് തങ്ങള്‍ പരിചയപ്പെട്ടതെന്നാണ് യാഷ് ദയാല്‍ പോലീസിനോട് പറഞ്ഞത്. പരിചയപ്പെട്ടതിന് പിന്നാലെ യുവതി ലക്ഷങ്ങള്‍ കടം വാങ്ങിയതായി പരാതിയില്‍ പറയുന്നു. യുവതിയുടെയും കുടുംബത്തിന്റെയും ചികിത്സയ്ക്കായാണ് പണം നല്‍കിയത്. പണം തിരിച്ചുതരുമെന്ന് പറഞ്ഞതായും എന്നാല്‍ നാളിതുവരെയായി പൈസ തന്നിട്ടില്ലെന്നും താരം പറയുന്നു. ഷോപ്പിങ്ങിനായി നിരന്തരം പണം കടംവാങ്ങിയെന്നും യാഷ് ദയാല്‍ ആരോപിക്കുന്നു. ഇതിനെല്ലാം തെളിവുകള്‍ കൈവശമുണ്ടെന്നുമാണ് താരം പറയുന്നത്.

കഴിഞ്ഞദിവസമാണ് യുവതിയുടെ പരാതിയിൽ യാഷ് ദയാലിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ്. ഭാരതീയ ന്യായ സംഹിതയിലെ 69-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് താരത്തിനെതിരേ ചുമത്തിയിട്ടുള്ളത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓൺലൈൻ പരാതിപരിഹാര പോർട്ടലിലാണ് യുവതി പരാതിനൽകിയത്.

യാഷ് ദയാലുമായി അഞ്ചു വര്‍ഷത്തോളമായി അടുത്ത ബന്ധമുണ്ടെന്നും അയാള്‍ തന്നെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്‌തെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ഇയാള്‍ പലപ്പോഴായി പണം വാങ്ങിയിട്ടുണ്ടെന്നും നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടെന്നും യുവതി ആരോപിച്ചു. ഇക്കാര്യങ്ങള്‍ സാധൂകരിക്കുന്ന ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍, വീഡിയോ കോള്‍ രേഖകള്‍, ഫോട്ടോകള്‍ എന്നിവ തെളിവായി തന്റെ പക്കലുണ്ടെന്നും പരാതിയിലുണ്ട്.

പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗാസിയാബാദിലെ ഇന്ദിരാപുരം പോലീസിനോട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് ആവശ്യപ്പെട്ടിട്ടിരുന്നു. 2025 ജൂണ്‍ 14-ന് വനിതാ ഹെല്‍പ്പ് ലൈനിലും പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. പക്ഷേ, ആ പരാതി മുന്നോട്ടുപോയില്ല. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാന്‍ യുവതി തീരുമാനിച്ചത്. ഇത്തവണ ഐപിഎല്‍ കിരീടം നേടിയ ആര്‍സിബിക്കായി 15 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരമാണ് യാഷ് ദയാല്‍.

Content Highlights: RCB Star Yash Dayal allegations Sexual Exploitation Charge

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article