12 വര്‍ഷങ്ങള്‍ക്കുശേഷം മലയാളത്തിലേക്കുള്ള തിരിച്ചുവരവില്‍ ശ്രദ്ധനേടുകയാണ് സംഗീതസംവിധായകന്‍ വരുണ്‍ ഉണ്ണി. ശ്രീനാഥ് ഭാസിയെ നായകനാക്കി നവാഗതനായ ജോ ജോര്‍ജ് സംവിധാനംചെയ്ത 'ആസാദി'യിലെ പാട്ടുകള്‍ക്ക് പിന്നാലെ പശ്ചാത്തല സംഗീതത്തിനും വരുണിന് പ്രശംസ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് മുമ്പേ ഇറങ്ങിയ മൂന്നുപാട്ടുകള്‍ ആളുകള്‍ ഏറ്റുപാടി. തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന 'ആസാദി'യുടെ ഗതി നിര്‍ണയിക്കുന്നതില്‍ പശ്ചാത്തല സംഗീതത്തിനുള്ള പങ്ക് വളരെ വലുതാണ്. അതിന് അര്‍ഹിക്കുന്ന കൈയടിയും ലഭിച്ചുകൊണ്ടിരിക്കെ വരുണ്‍ ഉണ്ണി മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു. അഭിമുഖത്തില്‍നിന്ന്...
'ആസാദി'ക്ക് ലഭിക്കുന്ന പ്രതികരണങ്ങളെക്കുറിച്ച്...
യാനങ്ങള്‍ തീരാതെ എന്ന പാട്ടായിരുന്നു ആദ്യം പുറത്തിറങ്ങിയത്. യുവ ആസ്വാദകര്‍ക്കിടയില്‍ പാട്ടിന് വലിയ സ്വീകാര്യത ലഭിച്ചു. ഏക ഏക എന്ന പാട്ടാണ് കുറച്ചുകൂടി വലിയ ആസ്വാദകരിലേക്ക് എത്തിയത്. കുടുംബപ്രേക്ഷകരും മറ്റും ഈ പാട്ട് കേള്‍ക്കാന്‍ തുടങ്ങി. അവരുടെ പ്രതികരണങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി.
കൊച്ചിയിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. പക്ഷേ, മലയാളത്തില്‍ ഒരു സിനിമ ചെയ്തിട്ട് 12 വര്‍ഷമായി. മലയാളത്തിലേക്കുള്ള തിരിച്ചുവരവില്‍ ഒരുപാട്ടെങ്കിലും ശ്രദ്ധിക്കപ്പെടണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ഏക ഏക ഇറങ്ങിയപ്പോഴാണ് കുറച്ചുകൂടി നല്ല അഭിപ്രായങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്. പാട്ട് ആളുകള്‍ പാടി സാമൂഹികമാധ്യങ്ങളില്‍ പങ്കുവെക്കാന്‍ തുടങ്ങിയപ്പോള്‍ കൂടുതല്‍ സന്തോഷം തോന്നി.
ചിത്രം പുറത്തിറങ്ങിയപ്പോള്‍ പശ്ചാത്തലസംഗീതത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബിജിഎം ചിത്രത്തെ പിടിച്ചുനിര്‍ത്തി എന്നൊക്കെ ആളുകള്‍ വിളിച്ചുപറയുമ്പോള്‍ വലിയ സംതൃപ്തിയാണ്. ഒരു ചിത്രത്തെ നമ്മുടെ സംഗീതം കൊണ്ട് മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ കഴിയുക എന്നതാണ് ഒരു സംഗീത സംവിധായകന്റെ ഏറ്റവും വലിയ നേട്ടം എന്നാണ് വ്യക്തിപരമായി തോന്നിയിട്ടുള്ളത്. അത് മറ്റൊരാള്‍ പറഞ്ഞുകേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണ്. കൂടെ ജോലി ചെയ്തവരോ, സുഹൃത്തുക്കളോ അല്ലാതെ തീര്‍ത്തും അപരിചിതരായ ആളുകള്‍ വിളിച്ച് അനുമോദിക്കുന്നതാണ് വലിയ സന്തോഷം. അത്തരം ഒരുപാട് ഫോണ്‍കോളുകള്‍ ലഭിക്കുന്നുണ്ട്. തീയേറ്ററില്‍ ആദ്യഷോയ്ക്ക് പോയപ്പോള്‍, ചിത്രം കണ്ടിറങ്ങിയ ഒരാള്‍ സംഗീതസംവിധായകന്‍ ഞാനാണെന്ന് മനസിലാക്കി അടുത്ത് വന്ന് ബിജിഎം വളരെ ഇഷ്ടമായെന്ന് പറഞ്ഞു. ഓരോ സീനുകള്‍ എടുത്തുപറയാന്‍ തുടങ്ങി. വാണി വിശ്വനാഥിന്റെ എന്‍ട്രി, ഇന്‍ട്രവെല്‍ പഞ്ച്, ക്ലൈമാക്‌സിലെ ഫൈറ്റ്, ടി.ജി. രവിയുടെ റീ എന്‍ട്രി എന്നിങ്ങനെ സീനുകള്‍ എടുത്ത് പറഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി. നമ്മള്‍ മനസില്‍ ഉദ്ദേശിച്ച സീനുകള്‍ തന്നെ ആളുകകള്‍ക്ക് വര്‍ക്കായി എന്നറിഞ്ഞതില്‍ സംതൃപ്തി തോന്നി.
'ആസാദി'യിലേക്ക് എത്തുന്നത് എങ്ങനെ? ചിത്രത്തെക്കുറിച്ച് ലഭിച്ച ആദ്യ ബ്രീഫിങ്. ചെയ്യാം എന്ന് തീരുമാനിച്ച പോയിന്റ്.
വര്‍ഷങ്ങളായുള്ള കുടുംബസുഹൃത്താണ് ചിത്രത്തിന്റെ നിര്‍മാതാവ് ഫൈസല്‍ രാജ. അദ്ദേഹം വഴിയാണ് 'ആസാദി'യിലേക്ക് എത്തുന്നത്. ഞങ്ങള്‍ എപ്പോഴും സിനിമയെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. പക്ഷേ, കന്നഡയിലും മറ്റുമായതിനാല്‍ മലയാളം സിനിമ ചെയ്തിരുന്നില്ല. ആ ഇടയ്ക്കാണ് ഫൈസല്‍ വിളിച്ച്, മലയാളത്തില്‍ ഞാനൊരു സിനിമ ചെയ്യാന്‍ പോവുകയാണ്. ശ്രീനാഥ് ഭാസിയെ നായകനാക്കിയാണ് ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്നത് എന്ന് പറഞ്ഞത്. നീ ഒന്ന് വന്ന് കഥകേട്ടുനോക്കൂ എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഓഫീസിലേക്ക് എന്നെ വിളിപ്പിച്ചു. കഥകേട്ടപ്പോള്‍ തന്നെ എനിക്ക് വലിയ താത്പര്യം തോന്നി. ആദ്യത്തെ കഥപറച്ചിലില്‍ ക്ലൈമാക്‌സ് ട്വിസ്റ്റ് വെളിപ്പെടുത്തിയിരുന്നില്ല. അതു പറയാതെ തന്നെ എനിക്ക് കഥ രസകരമായി തോന്നി. സംഗീതത്തിന് ഒരുപാട് സാധ്യതകളുള്ള തിരക്കഥയാണെന്ന് മനസിലായി. എനിക്ക് അത്യാവശ്യം കഴിവ് തെളിയിക്കാനുള്ള അവസരമാണെന്ന് മനസിലാക്കിയ ഞാന്‍ അപ്പോള്‍ തന്നെ കൈകൊടുത്തു.
രണ്ടാംവട്ട കൂടിക്കാഴ്ചയിലാണ് ക്ലൈമാക്‌സിലെ ട്വിസ്റ്റുകളും മറ്റും പറയുന്നത്. അപ്പോള്‍ കൂടുതല്‍ താത്പര്യം തോന്നി. മൂന്ന് പാട്ടുകളായിരുന്നു ആദ്യത്തെ കൂടിക്കാഴ്ചയില്‍ തന്നെ എന്നോട് പറഞ്ഞത്. പാട്ടിന്റെ ജോലികള്‍ ആദ്യം ആരംഭിച്ചു. രവീണ രവി അഭിനയിക്കുന്ന ഗംഗയുടെ കഥാപാത്രത്തിന്റെ വൈകാരികതലങ്ങള്‍ കാണിക്കുന്ന ഒരുപാട്ട് എന്നായിരുന്നു ആദ്യത്തെ പാട്ടിനെക്കുറിച്ച് പറഞ്ഞത്. ഗംഗയുടെ ഒറ്റപ്പെടലും അച്ഛനും ഭര്‍ത്താവുമായുള്ള ബന്ധത്തിന്റെ ആഴവും കാണിക്കാന്‍ കഴിയുന്ന പാട്ട് എന്നതില്‍നിന്നാണ് ഏക ഏക എന്ന പാട്ടുണ്ടാവുന്നത്. മൂന്നുപാട്ടുകളും ഒരുക്കിയ ശേഷം, അവ കൂടി പരിഗണിച്ചാണ് പശ്ചാത്തല സംഗീതത്തിന്റെ ജോലികളിലേക്ക് കടന്നത്.
വരുണിനെ സംബന്ധിച്ച് എത്രത്തോളം സ്‌പെഷ്യല്‍ ആയിരുന്നു 'ആസാദി'.
മലയാളത്തില്‍ തിരിച്ചുവന്ന് ഒരു ചിത്രം ചെയ്യുക എന്നത് ഏറെക്കാലമായി എന്റെ മനസിലുണ്ടായിരുന്ന ആഗ്രഹമാണ്. ഒരുപാട് കഥകള്‍ മുന്നിലേക്ക് വന്നിരുന്നു. എന്നാല്‍, എന്തെങ്കിലും ഒരു സാധ്യതയുള്ള പടം ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം. 'എസ്‌കേപ് ഫ്രം ഉഗാണ്ട'യ്ക്കുശേഷം മലയാളത്തില്‍ ഞാനൊരു പടം ചെയ്തിട്ടില്ല. വര്‍ഷങ്ങളായി ഈ മേഖലയില്‍ ഉള്ളതാണെങ്കിലും അധികം അറിയപ്പെടാത്തൊരു പേര് ആയിരുന്നതുകൊണ്ട്, വീണ്ടും ഒരു സിനിമ ചെയ്യുമ്പോള്‍ പുതിയൊരു സംഗീതസംവിധായകന്‍ എന്ന നിലയിലേ ആളുകള്‍ കാണുകയുള്ളൂ. തിരിച്ചുവന്ന് വലിയൊരു നിര്‍മാണക്കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുക എന്നത് പ്രായോഗികമായി ബുദ്ധിമുട്ടായിരിക്കും എന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. എന്നാല്‍, നല്ലൊരു പ്രമേയത്തിന്റേയോ സംഘത്തിന്റേയോ ഭാഗമാകണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ചെയ്യുന്ന പ്രമേയം ആളുകള്‍ ശ്രദ്ധിക്കണം, അതിന് അത്യാവശ്യം അറിയപ്പെടുന്ന ഒരു നായകന്‍ കൂടെയുള്ളതാവണം എന്ന് കരുതിയിരിക്കുമ്പോഴാണ് 'ആസാദി' മുന്നിലേക്ക് വരുന്നത്.
ഇതുവരെ നാല് ഭാഷകളില്‍ പ്രവര്‍ത്തിച്ചുകഴിഞ്ഞു. അപ്പോഴും മലയാളത്തിലേക്ക് തിരിച്ചുവന്ന് ഒരു ചിത്രം ചെയ്യുക എന്നത് എപ്പോഴും സ്‌പെഷ്യലാണ്. ഭാവിയില്‍ എന്നോട് ആരെങ്കിലും എങ്ങനെയാണ് മലയാളത്തിലേക്ക് തിരിച്ചുവന്നത് എന്ന് ചോദിച്ചാല്‍, ആ ചോദ്യത്തിന് ഉത്തരം 'ആസാദി'യാണ്. അതുകൊണ്ടുതന്നെ 'ആസാദി' തീര്‍ച്ചയായും എനിക്ക് വളരെ പ്രത്യേകതകളുള്ള ചിത്രമാണ്.
'ആസാദി' വരുണിന് ബെഞ്ച് മാര്‍ക്ക് ആവുമെന്ന് കരുതുന്നുണ്ടോ.
ഇനി വരാന്‍ പോകുന്ന ചിത്രങ്ങള്‍ അതിനുള്ള ഉത്തരം പറയുമെന്നാണ് എനിക്ക് തോന്നുന്നത്. 'ആസാദി'കൊണ്ട് അറിയപ്പെടും എന്ന് പറയാന്‍ പറ്റുമോ എന്നറയില്ലെങ്കിലും, 'ആസാദി'യിലൂടെ മലയാളത്തിലേക്ക് തിരിച്ചുവന്നു എന്ന് അറിയപ്പെടുമായിരിക്കും. 'ആസാദി' പോലൊരു പടത്തെ സംഗീതത്തിലൂടെ പിന്തുണയ്ക്കാന്‍ കഴിയുന്നത് വളരെക്കുറച്ച് മാത്രം ലഭിക്കുന്ന അവസരമാണ്.
മൂന്നുപാട്ടുകളാണുള്ളത്. കാര്‍ത്തിക്, കപില്‍ കപിലന്‍, സിയ ഉള്‍ ഹഖ്... മികച്ച പാട്ടുകാരാണ് മൂന്നുപാട്ടുകളും പാടിയിരിക്കുന്നത്.
കാര്‍ത്തിക് പാടിയ ഏക ഏക എന്ന പാട്ടാണ് ആദ്യം റെക്കോര്‍ഡ് ചെയ്യുന്നത്. എല്ലാവരും പറയുന്നതുപോലെ അസാധ്യഗായകനാണ് കാര്‍ത്തിക്. ചെറിയൊരു ബ്രീഫിങ് കൊടുത്താല്‍ തന്നെ വലിയ റിസള്‍ട്ടാണ് അദ്ദേഹം ആലാപനത്തിലൂടെ തിരിച്ചുതരുന്നത്. ചെന്നൈയിലായിരുന്നു റെക്കോര്‍ഡിങ്. സ്റ്റുഡിയോയില്‍ എത്തിയ കാര്‍ത്തിക്കിനോട് 15 മിനിറ്റെടുത്ത് ഞാന്‍ കഥ വിശദീകരിച്ചു. പാട്ടിന്റെ മൂഡിലേക്ക് ഗായകരെ എത്തിക്കാന്‍, പാട്ട് വരുന്ന സാഹചര്യം കൂടെ ഞാന്‍ ഗായകരോട് വിശദീകരിക്കാറുണ്ട്. പ്രത്യേകിച്ചും ഒരുപാട് ഇമോഷന്‍സ് വരുന്ന പാട്ടാണെങ്കില്‍.
പാട്ടിനെക്കുറിച്ച് ഞാന്‍ കാര്‍ത്തിക്കിനോട് വിശദമായി പറഞ്ഞു. നേരത്തെ തന്നെ പാട്ട് കേട്ടിരുന്നെങ്കിലും, പറഞ്ഞുകൊടുത്തതെല്ലാം കാര്‍ത്തിക് അവിടെവെച്ച് എഴുതിയെടുത്തു. എന്നിട്ട് നേരെ പോയി പാടി. 40 മിനിറ്റുമാത്രമേ അദ്ദേഹം പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ എടുത്തിട്ടുള്ളൂ. പാടിയിറങ്ങിയ കാര്‍ത്തിക്, ഈ പാട്ടിലൂടെ നീ ശ്രദ്ധിക്കപ്പെടുമെന്ന് എന്നോട് പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് സന്തോഷമായി. കാര്‍ത്തിക് പോയ ശേഷം സ്റ്റുഡിയോയിലെ എന്‍ജിനീയര്‍ എന്നോട് പറഞ്ഞു, 'ചേട്ടാ കാര്‍ത്തിക് ഒരു പാട്ട് പാടാന്‍ ഇത്ര സമയം എടുക്കില്ല', എന്ന്. 'ഇന്ന് കാര്‍ത്തിക് കുറച്ച് സമയം കൂടുതല്‍ എടുത്താണ് പാടിയതെന്നും സാധാരണ 20- 25 മിനിറ്റില്‍ പാട്ട് തീര്‍ക്കാറുണ്ട്', എന്നും എന്‍ജിനിയര്‍ എന്നോട് പറഞ്ഞു.
എന്നെങ്കിലും ഒരുപാട്ട് പാടിക്കണം എന്ന് ആഗ്രഹമുള്ള ഗായകരില്‍ ഒരാളായിരുന്നു കാര്‍ത്തിക്. ഏക ഏകയ്ക്കുശേഷം കാര്‍ത്തിക്കുമായി നല്ല ബന്ധമാണ്. ഇനിയും ഒരുപാട് പാട്ട് ചെയ്യണമെന്നാണ് ആഗ്രഹം.
രണ്ടാമത് റെക്കോര്‍ഡ് ചെയ്തത് സിയ ഉള്‍ ഹഖ് പാടിയ യാനങ്ങള്‍ തീരാതെ എന്ന പാട്ടാണ്. സിയയും ഞാനും അടുത്ത സുഹൃത്തുക്കളാണ്. എന്റെ കന്നഡയിലെ സിനിമകളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. യാനങ്ങള്‍ തീരാതെ ഈണമിട്ടുകഴിഞ്ഞപ്പോള്‍, സുഖ്‌വിന്ദര്‍ സിങ്ങിനെ പോലൊരു ശബ്ദം വേണമെന്നായിരുന്നു ആഗ്രഹം. സിയ ഉള്ളപ്പോള്‍ സുഖ്‌വിന്ദര്‍ സിങ്ങിലേക്ക് പോകേണ്ട എന്ന് എനിക്ക് തോന്നി. കേട്ട ഉടനെ തന്നെ, ഇതിപ്പോ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് സിയ പാട്ടുപാടി.
സമയമെടുത്ത് പഠിച്ച് ആവശ്യമായ ഇമോഷന്‍സ് നല്‍കി പാടുന്ന രീതിയാണ് സിയയുടേത്. പാട്ടിലെ പല സൂക്ഷമായ ഡീറ്റയ്‌ലിങ്ങുകളും സിയ അപ്പപ്പോള്‍ സ്വന്തമായി കൂട്ടിച്ചേര്‍ത്തതാണ്. ഞാന്‍ ഞെട്ടിപ്പോയ രീതിയില്‍ ആ പാട്ടിനെ സിയ പുതിയ തലത്തിലേക്ക് ഉയര്‍ത്തി. സിയ പെട്ടെന്ന് തന്നെ രണ്ടുരീതിയിലേക്ക് മാറാന്‍ കഴിയും. നിമിഷങ്ങള്‍ക്കിടയില്‍ തന്നെ പാട്ടിനെ സൂഫി മൂഡിലേക്ക് കൊണ്ടുപോകാനും തിരിച്ചു മലയാളത്തിന്റെ രീതികളിലേക്ക് കൊണ്ടുവരാനും സിയയ്ക്ക് സാധിക്കും. റേഞ്ച് ഒരു പ്രശ്‌നമല്ലാത്ത ഗായകനാണ് സിയ, എത്ര ഹൈ പിച്ചില്‍ വേണമെങ്കിലും പാടും. നല്ലൊരു സുഹൃദ്ബന്ധം ഉള്ളതുകൊണ്ടുതന്നെ, നന്നായി ആസ്വദിച്ചാണ് ആ പാട്ട് ചെയ്തത്.
ഹസാരെ ഹസാരെ ഏത് ഗായകനെവെച്ച് പാടിക്കും എന്ന ആശയക്കുഴപ്പത്തില്‍ നില്‍ക്കുമ്പോഴാണ് മലയാളികൂടിയായ കപില്‍ കപിലന്‍ ശ്രദ്ധയില്‍പ്പെടുന്നത്. തമിഴിലും തെലുങ്കിലും ഒരുപാട് പാട്ടുകള്‍ പാടിയ കപിലിന്, മലയാളത്തില്‍ കൂടുതലും റൊമാന്റിക് പാട്ടുകളാണ് ലഭിച്ചുകൊണ്ടിരുന്നത്. അദ്ദേഹത്തെ വേറൊരു ശൈലിയില്‍ പാടിപ്പിച്ചാല്‍ എങ്ങനെയുണ്ടാവുമെന്ന തോന്നലിലാണ് ഈ പാട്ടിന് കപിലിനെ തിരഞ്ഞെടുക്കുന്നത്. ഒരു രക്ഷയുമില്ലാത്ത പാട്ടുകാരനാണ് കപില്‍ കപിലന്‍. റേഞ്ചിന് റേഞ്ചും ഫീലിന് ഫീലും കൊണ്ടുവരാന്‍ കഴിയുന്ന ഗായകന്‍. കപിലിന്റെ തുടര്‍ച്ചയായ റൊമാന്റിക് ഴോണര്‍ ബ്രേക്ക് ചെയ്യുക എന്ന ലക്ഷ്യംകൂടെ ഈ പാട്ട് പാടിക്കുന്നതിലൂടെ ഈ പാട്ട് പാടിക്കുന്നതിലൂടെ ഉണ്ടായിരുന്നു.
ചെന്നൈയിലായിരുന്നു ഈ പാട്ടിന്റേയും റെക്കോര്‍ഡിങ്. യാനങ്ങള്‍ തീരാതെ ആണെങ്കിലും ഹസാരെ ഹസാരെ ആണെങ്കിലും ആദ്യകേള്‍വിയില്‍ വളരെ എളുപ്പമുള്ള പാട്ടാണെന്ന് തോന്നും. എന്നാല്‍, ഉള്ളിലേക്കിറങ്ങുമ്പോള്‍ കുറച്ച് സങ്കീര്‍ണമാണ് ഇരുപാട്ടുകളും. ഡ്യുവറ്റ് ആയിട്ടായിരുന്നു ഹസാരെ ഹസാരെ ആദ്യം ആലോചിച്ചിരുന്നത്. രണ്ടാംചരണത്തിലെ 'നാഗങ്ങള്‍ പോലൊരു...' എന്നു തുടങ്ങുന്ന ഭാഗം ഏതെങ്കിലും ഫോക്ക് ഗായികമാരുടെ ശബ്ദത്തില്‍ പാടിക്കാം എന്നായിരുന്നു കരുതിയിരുന്നത്. റെക്കോര്‍ഡിങ്ങിനിടെ ഫീമെയില്‍ വോയ്‌സിന്റെ ഭാഗം താനൊന്ന് ശ്രമിക്കട്ടേ എന്ന് കപില്‍ ചോദിച്ചു. ഫീമെയില്‍ വോയിസിന്റെ റേഞ്ചില്‍ കപില്‍ ആ വരികള്‍ പാടി, ഞാനങ്ങ് കിടുങ്ങിപ്പോയി. ആ പാട്ട് അത്ര എളുപ്പത്തില്‍ പാടാന്‍ കഴിയുമായിരുന്നില്ല. അത് കേട്ടുകഴിഞ്ഞപ്പോള്‍, ഇനി എന്തിനാണ് മറ്റൊരാളെക്കൊണ്ട് ഈ ഭാഗം പാടിക്കുന്നത് എന്ന് എനിക്ക് തോന്നി. ആ പദ്ധതി തന്നെ ഉപേക്ഷിച്ച് ആ പാട്ട് പൂര്‍ണ്ണമായും കപിലിന്റെ വേര്‍ഷന്‍ തന്നെ വെച്ചു.
'കേള്‍ക്കുന്ന പോലെയല്ല പാട്ട്, പാടി വരുമ്പോള്‍ കുറച്ച് സങ്കീര്‍ണ്ണമാണ്. എനിക്ക് പാടാന്‍ കുറച്ച് സമയം വേണം', എന്ന് കപില്‍ പറഞ്ഞിരുന്നു. എന്നാല്‍, അത് അസാധ്യമായി തന്നെ കപില്‍ പാടി. കപിലിന്റെ പുതിയൊരു സ്റ്റൈല്‍ ഈ പാട്ടില്‍ കേള്‍ക്കാം.
12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഗാനരചയിതാവ് ബി.കെ. ഹരിനാരായണനുമായി ഒന്നിച്ചതിനെക്കുറിച്ച്.
ഹരിയേട്ടന്റെ എന്റെ വളരെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. മലയാള സിനിമയില്‍ ഹരിയേട്ടന്റെ രണ്ടാമത്തെ പാട്ടായിരുന്നു എന്റെ ആദ്യത്തെ പാട്ട്. 'അന്നും ഇന്നും എന്നും' എന്ന ചിത്രത്തിന്റെ പ്രൊമോ സോങ്ങിന് വേണ്ടിയാണ് ഞങ്ങള്‍ ആദ്യമായി ഒന്നിക്കുന്നത്. അന്നാണ് ആദ്യമായി പരിചയപ്പെടുന്നത്. പാട്ടിന് വരികളെഴുതാന്‍ എറണാകുളത്തേക്ക് അദ്ദേഹം വന്നു. അരമണിക്കൂറുകൊണ്ട് തന്നെ അദ്ദേഹം പാട്ടെഴുതി മടങ്ങി. അന്ന് അദ്ദേഹം അറിയപ്പെടുന്ന എഴുത്തുകാരനായിട്ടില്ല. വരുന്നു, പെട്ടെന്ന് തന്നെ വരികള്‍ എഴുതുന്നു, പോകുന്നു. ബ്ലൂസ് എന്ന വിഭാഗത്തില്‍പ്പെടുന്ന ഒരു പാട്ടായിരുന്നു അത്. കര്‍ണാടിക് രാഗങ്ങളെ അടിസ്ഥാനമാക്കി ചെയ്തതായിരുന്നില്ല. എന്നാല്‍, പാട്ടിന്റെ സ്പീഡും മീറ്ററും അദ്ദേഹത്തിന് വളരെ പെട്ടെന്ന് തന്നെ മനസിലായി.
ആ പാട്ടിന് ശേഷം ഞങ്ങള്‍ ബന്ധം തുടര്‍ന്നു. മലയാളത്തില്‍ സിനിമ ചെയ്യാത്തതുകൊണ്ട് ഞങ്ങള്‍ക്ക് പിന്നീട് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചില്ല. അങ്ങനെയിരിക്കെയാണ് 'ആസാദി' വന്നത്. ഒരുപാട്ടെങ്കിലും അദ്ദേഹത്തിനൊപ്പം ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. മലയാളത്തില്‍ ഒരു പടം ചെയ്യുന്നുണ്ട് എന്ന് ഞാന്‍ അദ്ദേഹത്തെ വിളിച്ചു പറഞ്ഞു. നമുക്കൊന്ന് ഇരിക്കാമെന്ന് അദ്ദേഹം വളരെ താത്പര്യത്തോടെ പറഞ്ഞു.
ഏക ഏക എന്ന പാട്ടാണ് ആദ്യം ഹരിയേട്ടന്‍ 'ആസാദി'ക്കുവേണ്ടി എഴുതിയത്. ഏക ഏക എന്ന വാക്ക് ഞാന്‍ ഡെമ്മി പാടിയപ്പോള്‍ കൈയില്‍നിന്ന് ഇട്ടതായിരുന്നു. ആ വാക്കുകള്‍ അങ്ങനെ തന്നെ പാട്ടില്‍ ഉപയോഗിക്കാമെന്ന് ഹരിയേട്ടന്‍ പറഞ്ഞു. അതിനെ വികസിപ്പിച്ച് പാട്ടിന്റെ ഭാഗമാക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. പാട്ട് പൂര്‍ണ്ണമായും അദ്ദേഹത്തിന് വിട്ടുകൊടുക്കുകയായിരുന്നു.
മീറ്ററിലെഴുതാന്‍ ഈ മനുഷ്യനെപ്പോലെ വേറൊരാളില്ല. പണ്ട് ഗിരീഷ് പുത്തഞ്ചേരി സാറിനെക്കുറിച്ച് പറയാറുണ്ട്, ഏതാണ്ട് അതിനോട് തൊട്ടുതൊട്ടു നില്‍ക്കുന്ന മനുഷ്യനാണ് ബി.കെ. ഹരിനാരായണന്‍. വളരെ കുറഞ്ഞ സമയംകൊണ്ടൊക്കെ അദ്ദേഹം ഒരു പാട്ട് എഴുതിത്തരും.
ഏക ഏക ഒരു നിശ്ചിത മീറ്ററില്‍ പോകുന്ന പാട്ടാണ്. അധികം സങ്കീര്‍ണതകള്‍ ഉണ്ടായിരുന്നില്ല. ഹസാരെ ഹസാരെ അങ്ങനെയല്ല. ഒരുപാട് സങ്കീര്‍ണ്ണതകളും വരികള്‍ക്ക് ഒരുപാട് സാധ്യതകളുമുള്ള പാട്ടായിരുന്നു. ഹസാരെ ഹസാരെ എന്നതും ഞാന്‍ ഡെമ്മി പാടിയ വാക്കാണ്. അതും മാറ്റേണ്ട പാട്ടില്‍ ഉള്‍പ്പെടുത്താം എന്ന് ഹരിയേട്ടന്‍ പറഞ്ഞു. നേരത്തെ, ഒരു പാട്ടില്‍ ഞാനിട്ടത് വെച്ചുകഴിഞ്ഞു. ഇവിടെ എങ്കിലും വേറെ എന്തെങ്കിലും വാക്കുകള്‍ കൊണ്ടുവരണമെന്ന് ഞാന്‍ ഹരിയേട്ടനോട് പറഞ്ഞു. അതുവേണ്ട, ഹസാരെ ഹസാരെ തന്നെ മതിയെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു.
പാട്ടിന്റെ ചരണത്തില്‍ ഫോക്ക് രീതിയിലാണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍, അപ്പോള്‍ തന്നെ അദ്ദേഹം ശൈലി മാറ്റി ഫോക്കിലേക്ക് പിടിച്ചു. അത്തരം മാറ്റങ്ങള്‍ മലയാളത്തില്‍ ഇന്ന് വളരെ ചുരുക്കം എഴുത്തുകാര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് ഞാന്‍ കരുതുന്നത്.
'ആസാദി'യുടെ സ്‌കോര്‍ ഡിസൈനിങ്
പാട്ടുകളും സിനിമയും തമ്മില്‍ ഇഴചേര്‍ന്നുപോകണം എന്നൊരു തിയറി പണ്ടുമുതലേ നിലനില്‍ക്കുന്നുണ്ട്. അത് 'ആസാദി'യിലും കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. ഏകാ ഏകായും ഹസാരെ ഹസാരെയുമാണ് പടത്തിനുള്ളില്‍ വരുന്ന പാട്ടുകള്‍. ഏക ഏക എന്ന പാട്ടിന്റെ ഫീല്‍ ചിത്രത്തില്‍ പലയിടത്തായി കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. തുടക്കം മുതല്‍ ശ്രീനാഥ് ഭാസിയുടെ കഥാപാത്രത്തെ കാണിക്കുമ്പോള്‍ പലയിടത്തായി ഹസാരെ ഹസാരെ എന്ന പാട്ടിന്റെ ഭാഗങ്ങള്‍ വരുന്നുണ്ട്.
'ആസാദി'ക്ക് ഒരു തീം മ്യൂസിക് വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. 'ആസാദി'യുടെ ടൈറ്റില്‍ കാണിക്കുന്ന ഭാഗത്ത് ഉപയോഗിച്ച തീം ചിത്രത്തിന്റെ പലഭാഗത്തും വരുന്നുണ്ട്. കഥാപാത്രങ്ങളുടെ ജീവിതത്തില്‍ പ്രധാനമാറ്റങ്ങള്‍ വരുന്ന ഇടങ്ങളിലാണ് തീം ഉപയോഗിച്ചിരിക്കുന്നത്. ക്ലൈമാക്സില്‍ ആണെങ്കിലും പ്രധാനപ്പെട്ടൊരു മാറ്റം വരുന്നിടത്താണ് വീണ്ടും തീം മ്യൂസിക് ഉപയോഗിച്ചിരിക്കുന്നത്.
'ആസാദി'യുടെ തീം ക്രിയേറ്റ് ചെയ്തുകഴിഞ്ഞ ശേഷം, ക്യാരക്ടറുകള്‍ക്ക് തീം മ്യൂസിക്കുകള്‍ ഉണ്ടാക്കാനായിരുന്നു ശ്രമം. ഭാസിയുടേയും വാണിച്ചേച്ചിയുടേയും ലാല്‍ സാറിന്റേയും കഥാപാത്രങ്ങള്‍ ഓരോ തീമുകള്‍ ഉണ്ടാക്കി.
വാണി ചേച്ചിയുടെ തീം മ്യൂസിക്കായിരുന്നു ആദ്യംചെയ്തത്. അന്യായ സ്വാഗുള്ള നടിയാണ് വാണി വിശ്വനാഥ്. മലയാളത്തില്‍ അങ്ങനെ സ്വാഗ് കാണിക്കാന്‍ പറ്റിയ നടിമാര്‍ ഇല്ലെന്നുതന്നെ പറയാം. ചിത്രത്തില്‍ ലോ ആംഗിള്‍ ഷോട്ടില്‍ വാണി ചേച്ചിയുടെ ഒരു എന്‍ട്രിയുണ്ട്. നടിമാരില്‍ എത്രപേര്‍ക്ക് പറ്റും അങ്ങനെയൊരു സീന്‍? ചിത്രത്തില്‍ ഹീറോ ഭാസിയാണെങ്കില്‍ ഹീറോയിന്‍ വാണിച്ചേച്ചിയാണ്. നെഗറ്റീവ് ഷെയ്ഡല്ല, ചേച്ചിയുടെ കഥാപാത്രത്തിന് എന്നാണ് ഞാന്‍ കാണുന്നത്. ഈ രണ്ടുപേര്‍ പരസ്പരം പോരടിച്ചുനില്‍ക്കുന്നതുകൊണ്ടാണ് ഈ ചിത്രം മുന്നോട്ടുപോകുന്നതുതന്നെ. ഹീറോയിന്‍ തീമാണ് വാണിച്ചേച്ചിയുടേത്.
കാപ്പ ശിവന്‍ എന്ന എക്സ് ഗുണ്ടയുടെ കഥാപാത്രമാണ് ലാല്‍ സാറിന്റേത്. ആ കഥാപാത്രത്തിന്റെ ഉള്ളിലും ഒരു തീയുണ്ട്. അത് ആദ്യം ഒളിപ്പിച്ചുവെച്ചതാണ്. രണ്ടാംപകുതിയുടെ അവസാനത്തോടെയാണ് അത് പുറത്തെടുക്കുന്നത്. അതിന്റെ ചെറിയൊരു തുടക്കം ലാല്‍ സാറിന്റെ ഇന്‍ട്രോയിലെ തീം മ്യൂസിക്കില്‍ തന്നെ ഇടുന്നുണ്ടായിരുന്നു. ആ തീം മ്യൂസിക്കിന്റെ തുടര്‍ച്ചയുണ്ടാവുന്നത് ക്ലൈമാക്സ് ഫൈറ്റിലാണ്.
ഭാസിയുടെ രഘു എന്ന കഥാപാത്രത്തിലും രണ്ട് ഷെയ്ഡുകള്‍ വരുന്നുണ്ട്. അധികം സംസാരിക്കാത്ത, സോഫ്റ്റ് ആയിട്ടുള്ള കഥാപാത്രമാണ് ആദ്യപകുതിയില്‍. ഇന്റര്‍വെല്‍ പഞ്ചിലാണ് ഭാസിയുടെ കഥാപാത്രം വെളിവാക്കപ്പെടുന്നത്. ഇവിടെ ഉപയോഗിക്കുന്ന തീമാണ് അവസാനം വരെ ഉപയോഗിക്കുന്നത്.
വാണി വിശ്വനാഥിന്റെ കഥാപാത്രത്തിന് ഒന്നിലേറെ തീമുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇന്‍ട്രോയിലും ക്ലൈമാക്‌സിലെ പ്രധാനപ്പെട്ട ഒരുഭാഗത്തും വാണി ചേച്ചിയുടെ മാസ് കാണിക്കുന്ന തീമാണ് ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തില്‍ അന്വേഷണവുമായി ബന്ധപ്പെട്ട വാണി ചേച്ചിയുടെ സീനുകള്‍ക്ക് പല തരത്തിലുള്ള തീം മ്യൂസിക്കുകള്‍ ഉപയോഗിച്ചിരുന്നു.
സംഗീതത്തിന്റെ ഒരുപാട് രീതികള്‍ ഞാന്‍ 'ആസാദി'യില്‍ പരീക്ഷിച്ചിട്ടുണ്ട്. സംവിധായകനോടും നിര്‍മാതാവിനോടുമാണ് അതിന് ഏറ്റവും കൂടുതല്‍ നന്ദി പറയേണ്ടത്. അവര്‍ അതിനുള്ള സ്വാതന്ത്ര്യം തന്നതുകൊണ്ടാണ് എനിക്കത് സാധിച്ചത്. അശ്വിന്‍ ശിവദാസ് ആയിരുന്നു ചിത്രത്തിന്റെ എന്റെ മെയിന്‍ പ്രോഗ്രാമര്‍. ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. സംവിധായകനും നിര്‍മാതാവിന് ഇഷ്ടമാവുമോ എന്ന് ഓരോ തവണയം അശ്വിന്‍ ചോദിക്കുമായിരുന്നു.
എനിക്ക് സ്വാതന്ത്ര്യം തന്നുകഴിഞ്ഞാല്‍ പരമാവധി മികച്ച രീതിയില്‍ ചെയ്യാമെന്ന് ചിത്രത്തിന്റെ ഭാഗമാവുമ്പോള്‍ തന്നെ സംവിധായകനോടും നിര്‍മാതാവിനോടും പറഞ്ഞിരുന്നു. അതല്ലെങ്കില്‍ നിങ്ങള്‍ക്കുവേണ്ടത് മാത്രം ചെയ്ത് അവസാനിപ്പിക്കാം എന്നായിരുന്നു പറഞ്ഞത്. എനിക്ക് അവര്‍ പൂര്‍ണ്ണസ്വാതന്ത്രം നല്‍കി. ആ സ്വാതന്ത്ര്യമാണ് 'ആസാദി'ക്കുവേണ്ടി സംഗീതമൊരുക്കാന്‍ സഹായമായത് എന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ടുതന്നെ എന്റേതായുള്ള പരീക്ഷണങ്ങള്‍ നടത്താന്‍ സാധിച്ചു.
'ആസാദി' ഒരു ത്രില്ലര്‍ ചിത്രമാണ്. ഒരുപാട് ഇമോഷന്‍സ് വന്നുപോകുന്നുണ്ട്. പ്രേക്ഷകരെ ഞെട്ടിക്കുന്ന ട്വിസ്റ്റുണ്ട്. ഓരോ കഥാപാത്രത്തിനും അവരുടേതായ വ്യക്തിത്വമുണ്ട്. എത്രത്തോളം ചലഞ്ചിങ്ങായിരുന്നു 'ആസാദി'.
ചിത്രത്തിലെ ഇമോഷന്‍ സീക്വന്‍സുകള്‍ വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ത്രില്ലര്‍ സിനിമകളില്‍ ഇമോഷണല്‍ സീനുകള്‍ വരുമ്പോള്‍, സാധാരണ അത് ഡ്രാമയിലേക്ക് പോവും. ആ സമയത്ത് പഞ്ചാത്തലസംഗീതം കല്ലുകടിയാവരുത് എന്നൊരു നിര്‍ബന്ധമുണ്ടായിരുന്നു. പല ഇമോഷണല്‍ സീനുകള്‍ക്ക് തൊട്ടുപിന്നാലെ വരുന്നത് ത്രില്ലര്‍ സ്വഭാവമുള്ള ഭാഗങ്ങളാണ്. അവ രണ്ടും കൂട്ടിയോജിപ്പിച്ചുപോവുക എന്നത് വെല്ലുവിളി നിറഞ്ഞതുതന്നെയായിരുന്നു. ആളുകളെ ബോറടിപ്പിക്കാതിരിക്കുക എന്നതായിരുന്നു പ്രഥമപരിഗണന. ഇമോഷണല്‍ സീനുകള്‍ എനിക്ക് ചെയ്യാന്‍ ഇഷ്ടമാണ്. പക്ഷേ, 'ആസാദി'യിലേത് കുറച്ചേറെ വെല്ലുവിളി നിറഞ്ഞതായിരുന്നു.
സംഗീതമാണ് തന്റെ വഴി എന്ന് തീരുമാനിക്കുന്നത് എപ്പോഴായിരുന്നു.
ഗായകനായാണ് ഞാന്‍ സംഗീതരംഗത്തേക്ക് വരുന്നത്. കര്‍ണാടിക് പരിശീലിച്ചുകൊണ്ടിരുന്ന ഞാന്‍, കോളേജ് പഠനകാലത്ത് പല ബാന്‍ഡുകളുടെ കൂടെ വെസ്റ്റേണ്‍ ഗായകനായാണ് ഈ മേഖലയിലേക്ക് എത്തുന്നത്. കര്‍ണാടിക് പഠിച്ച ഒരാള്‍ക്ക് വെസ്റ്റേണിലേക്ക് വരാന്‍ കഴിയുമോ എന്നത് വലിയ ചോദ്യമായിരുന്നു. എന്റെ ഗുരുക്കന്മാര്‍ നല്‍കിയ പിന്തുണയാണ് അതിന് സാധിച്ചത്. വെസ്റ്റേണ്‍ പഠിച്ചുതുടങ്ങിയപ്പോഴാണ് ഞാന്‍ അന്നുവരെ കേള്‍ക്കാത്ത പാട്ടുകളിലേക്ക് വാതില്‍ തുറന്നുകിട്ടുന്നത്. അപ്പോഴാണ് സിനിമയില്‍ പാടണം എന്ന ആഗ്രഹമുണ്ടായത്. അങ്ങനെ പല പ്രമുഖ സംഗീതസംവിധായകരുടേയും പാട്ടുകള്‍ക്ക് ട്രാക്ക് പാടാന്‍ തുടങ്ങി. എന്‍ജിനിയറിങ് കഴിഞ്ഞ് ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ആദ്യത്തെ ചിത്രത്തില്‍ സംഗീതസംവിധായകനാകുന്നത്.
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു അധ്യാപകന്‍ 'നീയൊന്ന് ഈണമിട്ടുനോക്കൂ', എന്നു പറഞ്ഞ് നാലുവരി എഴുതി തന്നു. ഞാനൊരു ഈണത്തില്‍ പാടി നോക്കി. ആ സംഭവം എനിക്ക് രസം തോന്നി. അതാണ് സംഗീതം ചിട്ടപ്പെടുത്തുന്നതില്‍ ആദ്യത്തെ അനുഭവം. അങ്ങനെ ഇടയ്ക്കിടയ്ക്ക് ഓരോ വരികള്‍ക്ക് സംഗീതം നല്‍കാന്‍ ശ്രമിച്ചു. കോളേജില്‍ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ഒരു പാട്ട് ചെയ്തിരുന്നു. അതിന് ശേഷമാണ് സംഗീതസംവിധാനത്തിലേക്ക് ഇറങ്ങണമെന്ന ആഗ്രഹവും താത്പര്യവുമുണ്ടായത്.
സിനിമ എത്രത്തോളം പറ്റുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ഒരു സിനിമയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്ന ആഗ്രഹമായിരുന്നു മനസില്‍ ഉണ്ടായിരുന്നത്. അങ്ങനെയിരിക്കെയാണ് 2012-ല്‍ 'അന്നും ഇന്നും എന്നും' എന്ന സിനിമയുടെ പ്രൊമോ സോങ് ചെയ്യാന്‍ അവസരം ലഭിച്ചത്. 'എസ്‌കേപ് ഫ്രം ഉഗാണ്ട' കൂടെ ചെയ്തുകഴിഞ്ഞശേഷമാണ് സംഗീതസംവിധാനമാണ് എന്റെ വഴി എന്ന് ഉറപ്പിച്ചത്. തുടര്‍ന്ന് എന്റെ ശ്രദ്ധമുഴുവന്‍ ഞാന്‍ അതിലേക്ക് മാറ്റുകയായിരുന്നു. പരസ്യചിത്രങ്ങള്‍ ചെയ്തു, എനിക്ക് യാതൊരു ബന്ധവുമില്ലാത്ത കന്നഡയില്‍ സിനിമ ചെയ്തു. കന്നഡയിലേക്ക് എങ്ങനെയാണ് ആ വിളി വന്നത് എന്ന് എനിക്ക് ഇന്നും അറിയില്ല. ഒരു പ്രപഞ്ചശക്തി കാണിച്ചുതരുന്ന വഴിയേ സഞ്ചരിക്കുകയാണ്. 'ആസാദി' എന്ന ചിത്രത്തിലേക്കും അങ്ങനെയാണ് എത്തിയത് എന്നാണ് ഞാന്‍ കരുതുന്നത്. മലയാളത്തിലേക്ക് തിരിച്ചുവരുമോ എന്നുപോലും എനിക്ക് ഉറപ്പുണ്ടായിരുന്നില്ല. തെലുങ്കില്‍ ആദ്യമായി ഒരു ചിത്രം ചെയ്തു. അതും എങ്ങനെ വന്നു എനിക്കറിയില്ല. എങ്ങനെയോ എന്നെ തേടി ചിത്രങ്ങള്‍ വരുന്നുണ്ട്. ഒരുബന്ധവുമില്ലാത്ത ആളുകള്‍ വഴി എവിടെനിന്നോ ആണ് ഇതുവരെ അവസരങ്ങളെല്ലാം വന്നത്. കാര്യങ്ങള്‍ സംഭവിക്കേണ്ട യഥാര്‍ഥ വഴി അതാണെന്ന് തോന്നുന്നു. ആളുകള്‍ക്ക് പിന്നാലെ പോവുന്നതിനേക്കാള്‍ നല്ലതാണ്, നമ്മുടെ അടുത്തേക്ക് അവസരങ്ങള്‍ വരുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
'അന്നും ഇന്നും എന്നും' മുതല്‍ 'ആസാദി'വരെ ഒരു യാത്രയുണ്ട്. ഇതിനിടയില്‍ പരസ്യച്ചിത്രങ്ങളുടേയും ഹ്രസ്വചിത്രങ്ങളുടേയും സംഗീതസംവിധായകനായി. ആ വഴികള്‍...
മലയാളത്തിലെ ആദ്യചിത്രത്തിന് ശേഷം വന്ന ഇടവേളകളിലാണ് പരസ്യച്ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയത്. വിവിധ പരസ്യസ്ഥാപനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണ്, ആഡ് ഫിലിംസിന് വേണ്ടി പാട്ടുകള്‍ ഒരുക്കുക എന്നത് തികച്ചും വ്യത്യസ്തമായൊരു മേഖലയാണെന്ന് മനസിലായത്. സിനിമയില്‍ സംഗീതം ചെയ്യുന്നതുപോലെയല്ല അത്. പല പരസ്യച്ചിത്രങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരേയും ആളുകള്‍ക്ക് അറിയില്ല. പുര്‍ണ്ണമായും മറ്റൊരു മേഖലയാണെങ്കിലും ഞാന്‍ പരസ്യച്ചിത്രങ്ങള്‍ ഒരുക്കുന്നത് ആസ്വദിക്കാന്‍ തുടങ്ങി. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ആളുകളിലേക്ക് എങ്ങനെ എത്താമെന്നൊരു കാര്യമുണ്ടല്ലോ? അത് പരസ്യച്ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചുതന്നെ പഠിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ കുറച്ച് ബുദ്ധിമുട്ടായിരുന്നു. ഒരു മുഴുനീള പാട്ട് ചെയ്തുള്ള ശീലത്തില്‍നിന്ന് പെട്ടെന്ന് മുപ്പത് സെക്കന്‍ഡിലേക്കും ഒരുമിനിറ്റിലുമൊക്കെ ചെയ്യുന്നതിലേക്ക് മാറി. ദൃശ്യങ്ങള്‍ക്കുവേണ്ടിയാണ് മിക്കവാറും പരസ്യങ്ങള്‍ക്കെല്ലാം സംഗീതം ഒരുക്കിയത്. അങ്ങനെ നോക്കുമ്പോള്‍ പശ്ചാത്തലസംഗീതം ഒരുക്കുന്നതില്‍ എന്റെ തുടക്കവും അവിടെ നിന്നായിരിക്കും.
അതിനിടയില്‍ ഒരുപാട് ഹ്രസ്വചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കാനുള്ള അവസരം ലഭിച്ചു. എല്ലാവരേയും പോലെ ഹ്രസ്വചിത്രങ്ങള്‍ ചെയ്യണോ എന്ന ആശയക്കുഴപ്പം ആദ്യമൊക്കെ എനിക്കുമുണ്ടായിരുന്നു. എന്നാല്‍, എനിക്കുമുന്നില്‍ വന്നതെല്ലാം അസാധ്യപ്രമേയങ്ങളായിരുന്നു. കഥ പറഞ്ഞുകേള്‍ക്കുമ്പോള്‍ തന്നെ ഒരു ഞെട്ടലാണ്. അത്തരത്തിലുള്ളവയുടെ ഭാഗമാവേണ്ടേ എന്നതായിരുന്നു എന്റെ ഉള്ളിലെപ്പോഴും ഉയര്‍ന്ന ചോദ്യം. മറ്റ് കാര്യങ്ങളൊന്നും പരിഗണിക്കാതെ തന്നെ അതിന്റെ ഭാഗമാവുക എന്ന തീരുമാനത്തിലേക്ക് പലപ്പോഴും ഞാന്‍ എത്തുകയായിരുന്നു. പ്രമേയപരമായി എന്നെ സ്വാധീനിച്ച ഹ്രസ്വചിത്രങ്ങളിലാണ് ഞാന്‍ പ്രവര്‍ത്തിച്ചത്.
അങ്ങനെ ചെയ്ത 'ചതുരങ്ങള്‍' എന്ന ഹ്രസ്വചിത്രത്തിന് എനിക്ക് മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍, ഹ്രസ്വചിത്രവിഭാഗത്തില്‍ പുരസ്‌കാരം ലഭിച്ചു. സിനിമയില്‍ പോലുംചെയ്യാന്‍ പറ്റാത്ത ഒരുപാട് കാര്യങ്ങള്‍ ഞാന്‍ ആ ഹ്രസ്വചിത്രത്തില്‍ ചെയ്തു. സംഗീതപരമായി ഒരുപാട് പരീക്ഷണങ്ങള്‍ ഹ്രസ്വചിത്രങ്ങളില്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അത് എനിക്ക് 'ആസാദി'യിലും പുറത്തിറങ്ങാനിരിക്കുന്ന തെലുങ്ക് ചിത്രത്തിലുമെല്ലാം സഹായകരമായിട്ടുണ്ട്. ആളുകള്‍ ഏത് സ്വീകരിക്കും ഏത് സ്വീകരിക്കില്ല എന്ന് മനസിലാക്കാന്‍ എനിക്ക് ഇത്തരം ഹ്രസ്വചിത്രങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.
ഓരോ റീലും ഓരോ ഹ്രസ്വചിത്രംപോലെ കണ്ടാണ് ഞാനിപ്പോള്‍ സിനിമകള്‍ക്ക് പശ്ചാത്തലസംഗീതം ഒരുക്കുന്നത്. 20 മിനിറ്റുവീതമുള്ള ആറുറീലുള്ള ഒരുപടം മുമ്പിലേക്ക് വരുമ്പോള്‍, എവറസ്റ്റ് കൊടുമുടിയുടെ താഴെനിന്ന് നോക്കുന്നതുപോലെയാണ് എനിക്ക്. എന്നാല്‍, ഷോട്ട് ഫിലിംസ് കാണുന്നതുപോലെ ഓരോ റീലുകളായി ഫീച്ചര്‍ ചിത്രങ്ങളെ കാണാന്‍ തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി.
ഒരേവര്‍ഷം രണ്ടു ചിത്രങ്ങള്‍ ചെയ്തുകൊണ്ടാണ് മലയാള സിനിമാരംഗത്തെ അരങ്ങേറ്റം...
'അന്നും ഇന്നും എന്നും' എന്ന ചിത്രത്തില്‍ ഒരു പ്രൊമോ സോങ് മാത്രമാണ് ചെയ്തത്. ബ്ലൂസ് എന്ന ഴോണര്‍ ആദ്യമായി പരീക്ഷിക്കുന്നത് ആ പാട്ടിലാണ്. എന്റെ പരിമിതമായ അറിവില്‍ മലയാളത്തിലെ ആദ്യത്തെ ബ്ലൂസ് ഴോണറിലുള്ള പാട്ട് അതായിരുന്നു.
അതിനുശേഷമാണ് 'എസ്‌കേപ് ഫ്രം ഉഗാണ്ട'യിലേക്ക് എത്തുന്നത്. നല്ലൊരു അവസരമായിരുന്നു അത്. ചിത്രത്തിന്റെ ആഫ്രിക്കന്‍ വേര്‍ഷനില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നു. അതിനുവേണ്ടി ആഫ്രിക്കയില്‍ പോവാന്‍ കഴിഞ്ഞു. എന്റെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ട്രിപ്പും ചിത്രത്തിന് വേണ്ടിയായിരുന്നു. അവിടുത്തെ പ്രധാനപ്പെട്ട പാട്ടുകാരുമായി പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ചു. അതും അത്രയും ചെറുപ്രായത്തില്‍. ഇന്ന് ആലോചിക്കുമ്പോള്‍ അതെല്ലാം എങ്ങനെ ചെയ്തു എന്നുപോലും എനിക്ക് അത്ഭുതം തോന്നാറുണ്ട്. സംഗീതത്തില്‍ കൂടുതല്‍ മേഖലകളിലേക്ക് വാതില്‍ തുറന്നുകിട്ടിയത് ആ ചിത്രത്തിലായിരുന്നു. വളരെ കുറച്ചുപേര്‍ക്കുമാത്രം ലഭിക്കുന്ന അവസരമായിരുന്നു അത്.
അവിടെനിന്ന് പോകുന്നത് കന്നഡയിലേക്കാണ്. കെംപഗൗഡ 2 എന്ന ചിത്രം സിങ്കം 2-ന്റെ റീമേക്ക് ആയിരുന്നല്ലോ. ആളുകള്‍ സ്വീകരിച്ചുകഴിഞ്ഞൊരു മൗലികമായൊരു ചിത്രം അവിടെ നില്‍ക്കുമ്പോള്‍, അതിന്റെ റീമേക്കിന് പാട്ടുകളും പശ്ചാത്തലസംഗീതവും ഒരുക്കുക എന്നത് എത്രത്തോളം ശ്രമകരമായിരുന്നു. പശ്ചാത്തലസംഗീതത്തില്‍ അരങ്ങേറ്റവും അവിടെ ആയിരുന്നല്ലോ.
സിങ്കം 2-ന്റെ അതേപടിയുള്ള റീമേക്ക് ആയിരുന്നില്ല കെംപഗൗഡ 2. പശ്ചാത്തലസംഗീതം ഒരുക്കുന്നതില്‍ മാസ്റ്റര്‍ക്ലാസ് ആയിരുന്നു എന്നെ സംബന്ധിച്ച് ആ ചിത്രം. ഒമ്പതരമിനിറ്റുള്ള ഒരുസംഘട്ടനരംഗം അതിലുണ്ടായിരുന്നു. ബിജിഎം ചെയ്യുന്നത് നിസ്സാര കാര്യമല്ല എന്ന് അന്ന് മനസിലായി. ആദ്യത്തെ അവസരം തന്നെ മാസ്- എന്റര്‍ടെയ്‌നര്‍ പടമായിരുന്നു. ക്ലൈമാക്‌സ് ഫൈറ്റ് ഉള്‍പ്പെടെ നാലു ഫൈറ്റ് സീനുകള്‍. കെംപഗൗഡ 2-വിലാണ് ബിജിഎമ്മില്‍ ഞാനൊന്ന് ഉറച്ചത്. എന്റെ സംഗീതസംവിധായകനായുള്ള യാത്രയില്‍ ആ ചിത്രം വളരെയേറെ സഹായകരമായിട്ടുണ്ട്.
തമിഴില്‍ 'ദി ഡോറാ'ണ് പിന്നീട് ചെയ്തത്. മലയാളത്തിന്റെ പ്രിയ നടി ഭാവന പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം. ഹൊറര്‍ ത്രില്ലര്‍ ഗണത്തിലുള്ള ചിത്രമാണ്. ചിത്രത്തില്‍ ഒരു പാട്ട് പാടിയിരിക്കുന്നത് കെ.എസ്. ചിത്രയാണ്. സ്വന്തമായി ഒരുപാട്ട് പാടുകയും ചെയ്തു...
ഭാവനയുടെ സഹോദരന്‍ ജയദേവ് ആണ് 'ദി ഡോറി'ന്റെ സംവിധായകന്‍. ജയദേവ് അടുത്ത സുഹൃത്താണ്. മലയാളം കഴിഞ്ഞാല്‍ തമിഴാണ് എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച സിനിമാ ഇന്‍ഡ്‌സ്ട്രി. ഇളയരാജ, എ.ആര്‍. റഹ്‌മാന്‍, എം.എസ്. വിശ്വനാഥന്‍ എന്നിവരുടെയൊക്കെ പാട്ടുകളിലാണ് നമ്മളെല്ലാം ജനിച്ചുവളര്‍ന്നത് എന്ന് പറയാം. തമിഴില്‍ ഒരു ചിത്രം എന്റെ വലിയ സ്വപ്‌നമായിരുന്നു. ആ ഭാഷയില്‍ ഒരു പാട്ട് ചെയ്ത്, അത് ആളുകള്‍ കേള്‍ക്കണം എന്നത് വലിയ ആഗ്രഹമായിരുന്നു. അങ്ങനെയിരിക്കെയാണ് 'ദി ഡോര്‍' വന്നത്.
ഹൊറര്‍ ത്രില്ലറാണ് ചിത്രം എന്ന് പറഞ്ഞപ്പോള്‍ എനിക്ക് കൂടുതല്‍ താത്പര്യം തോന്നി. എനിക്ക് കാണാന്‍ ഏറ്റവും ഇഷ്ടമുള്ള ഴോണറാണ് ഹൊറര്‍ ത്രില്ലറുകള്‍. അത്തരമൊരു ഴോണറില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുക എന്നത് വളരെ താത്പര്യമുണ്ടാക്കുന്ന വെല്ലുവിളി ആയിരുന്നു. ആദ്യപകുതിയില്‍ ഹൊററും രണ്ടാംപകുതിയില്‍ ത്രില്ലറുമായി, ബിജിഎമ്മില്‍ രണ്ടുരീതിയില്‍ പരീക്ഷിക്കാന്‍ പറ്റിയ സിനിമയായിരുന്നു 'ദി ഡോര്‍'. പ്രേക്ഷകരെ മുന്നില്‍ കണ്ട് പാട്ടുണ്ടാക്കാന്‍ പഠിച്ചത് 'ദി ഡോറി'ലാണ്. കന്നഡയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ ചെയ്യാന്‍ 'ദി ഡോറി'ലൂടെ സാധിച്ചു.
ചിത്രചേച്ചിയെക്കൊണ്ട് ഒരു പാട്ട് പാടിക്കാന്‍ കഴിഞ്ഞു എന്നതാണ് ഞാന്‍ 'ദി ഡോറി'ലെ വ്യക്തിപരമായ നേട്ടമായി കരുതുന്നത്. ആഗ്രഹമുള്ളകാര്യമാണെങ്കിലും അടുത്തൊന്നും യാഥാര്‍ഥ്യമാവുമെന്ന് കരുതിയിരുന്നതല്ല. എന്റെ ഉള്ളില്‍ അത്രവലിയ ആഗ്രഹമായി കിടന്നിരുന്നതുകൊണ്ടാവാം പെട്ടെന്ന് യാഥാര്‍ഥ്യമായത്. താരാട്ടുപാട്ടുപോലൊരു പാട്ട് വേണമെന്ന് പറഞ്ഞു. ചിട്ടപ്പെടുത്തിയപ്പോള്‍ പാടാന്‍ ഏറ്റവും അനുയോജ്യമായ ഒരാള്‍ ചിത്രച്ചേച്ചി മാത്രമായിരുന്നു.
വിളിച്ചപ്പോള്‍ രണ്ടുദിവസത്തിനുള്ളില്‍ തന്നെ വന്ന് പാടാന്‍ ചിത്രച്ചേച്ചി തയ്യാറായി. അതെനിക്ക് മറക്കാന്‍ കഴിയാത്ത അനുഭവമാണ്. ചിത്രച്ചേച്ചി എന്തുകൊണ്ട് ഇന്നും പ്രസക്തയായി നില്‍ക്കുന്നു എന്ന് എനിക്ക് നേരിട്ട് കണ്ടുമനസിലാക്കാന്‍ സാധിച്ചു. മുഴുവന്‍ പാട്ടും എഴുതിയെടുത്ത്, സ്വരങ്ങള്‍ കുറിച്ചെടുത്ത് പഠിച്ചാണ് ചേച്ചി റെക്കോര്‍ഡിങ്ങിന് വന്നത്. റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ കെ.എസ്. ചിത്ര എന്ന വലിയ പാട്ടുകാരിയെ അല്ല, ഒരു ചെറിയ കുട്ടിയെയാണ് ഞാന്‍ കണ്ടത്. ആദ്യത്തെ പാട്ടുപാടാന്‍ വരുന്ന പാട്ടുകാരുടെ അതേ മനോഭാവത്തിലായിരുന്നു ചേച്ചി വന്നത്. മറ്റ് കൊച്ചുവര്‍ത്തമാനങ്ങള്‍ പോലും റെക്കോര്‍ഡിങ്ങിന് ശേഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഒരു ഇടത്ത് മാറി ഇരിക്കും. എഴുതിയെടുത്തത് പഠിക്കും. എന്തെങ്കിലും സംശയമുണ്ടെങ്കില്‍, 'മോനേ ഒന്നുവരാമോ' എന്ന് ചോദിച്ച് വിളിക്കും. പല രീതിയില്‍ പാടി ഏതാണ് വേണ്ടത് എന്ന് ചോദിക്കും. എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ എഴുതിക്കൊണ്ടുവന്ന ബുക്കില്‍ തന്നെ കുറിച്ചെടുക്കും. എന്നിട്ട് ആ ബുക്ക് എടുത്തുവെക്കും, പാടാം എന്ന് പറയും.
ചേച്ചി പാടാന്‍ തുടങ്ങി. ഞാനൊരു സെക്കന്‍ഡ് എല്ലാം മറന്നുനിന്നുപോയി. ചേച്ചിയുടെ ഫാന്‍ബോയി ആയി. ചേച്ചി പാടുന്ന പാട്ടിന്റെ കമ്പോസറാണ് ഞാന്‍ എന്ന് മറന്നുപോയി. കുറച്ചു സമയങ്ങള്‍ക്കുശേഷമാണ്, ഞാനാണ് ഈ പാട്ട് ചിട്ടപ്പെടുത്തിയത്, ചേച്ചിയെക്കൊണ്ട് പാടിപ്പിച്ച് എടുക്കണമല്ലോ എന്ന് ഓര്‍ത്തത്. ഞാന്‍ ഈണമിട്ട പാട്ട് ചേച്ചിയുടെ ശബ്ദത്തിലൂടെ കേള്‍ക്കുക എന്നത് വളരെ വൈകാരികമായൊരു നിമിഷമായിരുന്നു.
പാട്ടുപാടിക്കഴിഞ്ഞ് ചുറ്റംകൂടിയ എല്ലാവര്‍ക്കുമൊപ്പം ഫോട്ടോ എടുക്കാന്‍ സമയം കൊടുത്ത ചേച്ചി നേരെ വന്നത് പാട്ടുകേള്‍ക്കാന്‍ ആണ്. ഞാനും വരികള്‍ എഴുതിയ ഇളങ്കോ കൃഷ്ണനും ചേച്ചിയും ഒപ്പമിരുന്ന് പാട്ട് മുഴുവനായി കേട്ടു. പാട്ടുകേട്ട ശേഷം ചേച്ചി, 'മോനെ പാട്ട് നിനക്ക് ഇഷ്ടമായോ, ഓക്കേയാണോ', എന്ന് ചോദിച്ചു. ഞാന്‍ കുറച്ചുനേരം ചേച്ചിയെ നോക്കി നിന്നുപോയി, എന്നെ കളിയാക്കിയതാണോ എന്ന് തോന്നിപ്പോയി.
പശ്ചാത്തലസംഗീതം ഒരുക്കിക്കൊണ്ടിരിക്കുമ്പോള്‍, രണ്ടരമിനിറ്റോളം വരുന്ന ഒരു സ്വീക്കന്‍സ് ഉണ്ടായിരുന്നു. ബിജിഎം തന്നെ മതി എന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. ലാഗ് വരാതിരിക്കാന്‍ ഒരു പാട്ട് അവിടെ ചേര്‍ക്കാം എന്ന് കരുതി. ട്രാക്ക് പാടി ഞാന്‍ സംവിധായകന് അയച്ചുകൊടുത്തു. അവര്‍ക്ക് ഇഷ്ടപ്പെട്ടു. മറ്റൊരു പാട്ടുകാരനെവെച്ച് പാടിപ്പിക്കാം എന്നായിരുന്നു എന്റെ മനസിലെങ്കിലും എന്റെ വേര്‍ഷന്‍ തന്നെ മതി എന്ന് അവര്‍ എല്ലാവരും പറഞ്ഞു.
ഇളങ്കോ കൃഷ്ണന്‍ എന്ന ഗാനരചയിതാവാണ് 'ദി ഡോറി'ലെ പാട്ടുകള്‍ക്ക് വരികള്‍ എഴുതിയത്. പൊന്നിയിന്‍ സെല്‍വന്‍ ഒന്നും രണ്ടുംഭാഗങ്ങള്‍ക്ക് വരികള്‍ എഴുതിയത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ കൂടെ പാട്ടൊരുക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായാണ് ഞാന്‍ കരുതുന്നത്. തൊട്ടുമുമ്പ് എ.ആര്‍. റഹ്‌മാനൊപ്പം പ്രവര്‍ത്തിച്ച ശേഷമാണ് എനിക്കുവേണ്ടി അദ്ദേഹം വരികള്‍ എഴുതുന്നത്. അസാധ്യ എഴുത്തുകാരനാണ്. ബി.കെ. ഹരിനാരായണനെക്കുറിച്ച് പറഞ്ഞതുപോലെ, വളരെ പെട്ടെന്ന് തന്നെ മീറ്ററില്‍ പാട്ടെഴുതാന്‍ കഴിവുള്ള പ്രതിഭ.
വരുണിനോട് സംസാരിക്കുമ്പോള്‍ 'പാതയോരങ്ങളേ, ഭൂതകാലങ്ങളേ...' എന്ന പാട്ടിനെക്കുറിച്ച് ചോദിക്കാതിരിക്കാനാവില്ല. പാട്ട് അത്രയേറെ ആഘോഷിക്കപ്പെട്ടെങ്കിലും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് അധികം പറഞ്ഞുകേട്ടിരുന്നില്ല.
ഒരു പാട്ട് ഹിറ്റാവുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് ഞാന്‍ അനുഭവിക്കുന്നത് 'പാതയോരങ്ങളെ... ഭൂതകാലങ്ങളേ...' പുറത്തിറങ്ങിയപ്പോഴാണ്. ഒരു സുപ്രഭാതത്തില്‍ പാട്ട് കയറിയങ്ങ് പോയി. ആളുകള്‍ പാടാന്‍ തുടങ്ങി. അപ്പോഴും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് ആര്‍ക്കും അധികമറിയില്ലായിരുന്നു. ചിലപ്പോള്‍ എന്റെ പ്രശ്‌നമായിരിക്കാം. ഹിറ്റ് വരുമ്പോഴുള്ള സുഖം അറിഞ്ഞത് ആ പാട്ടിലാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ആളുകള്‍ പാടി നടക്കുന്ന പാട്ടിന് ഈണമിടാന്‍ കഴിഞ്ഞു എന്നൊരു സംതൃപ്തി ലഭിക്കുന്നത് ആ പാട്ടിലാണ്.
വെബ് സീരീസിന് വേണ്ടി ചെയ്ത പാട്ടായിരുന്നു 'പാതയോരങ്ങളെ... ഭൂതകാലങ്ങളേ...'. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അതീതമായി പോലും ആ പാട്ട് സ്വീകരിക്കപ്പെട്ടു. പാട്ട് ഹിറ്റാവുമ്പോള്‍ അത് സ്വയം പ്രശസ്തിക്കുവേണ്ടി ഉപയോഗിക്കുന്നതിന് പകരം ആസ്വദിക്കാനാണ് എനിക്ക് തോന്നിയത്. ചില കാര്യങ്ങള്‍ ഞാന്‍ ചെയ്തതാണെന്ന് അറിഞ്ഞില്ലെങ്കിലും ആളുകള്‍ നല്ലതാണെന്ന് പറഞ്ഞാല്‍ സന്തോഷം എന്ന് കരുതുന്ന ആളാണ് ഞാന്‍. കേരളത്തില്‍ എവിടെ പോയിട്ടും 'പാതയോരങ്ങളേ.. ഭൂതകാലങ്ങളേ...' ചിട്ടപ്പെടുത്തിയ ആളാണ് ഞാന്‍ എന്ന് പറഞ്ഞാല്‍ ഒട്ടുമിക്ക ആളുകള്‍ക്കും മനസിലാക്കാന്‍ പറ്റിയേക്കും. ശരിക്കും ആ പാട്ട് ജനിച്ചത് അതിനുവേണ്ടിയാണെന്ന് എനിക്ക് തോന്നുന്നു.
കമ്യൂണിസ്റ്റ് മുദ്രാവാക്യങ്ങള്‍ ആയിരുന്നു അത്. ആരാണ് വരികള്‍ എഴുതിയത് എന്ന് അറിയാന്‍ കുറേ ശ്രമിച്ചു. ആരാണ് എഴുതിയത് എന്നുപോലുമറിയാത്ത കുറച്ച് വരികള്‍ വരുന്നു. ഞാനതിന് ഈണമിടുന്നു. ഒരു പാട്ടുണ്ടാക്കുന്നു. സച്ചിന്‍ രാജും നസീലും ചേര്‍ന്ന് പാടുന്നു. ഒരു സാധാരണ യൂട്യൂബ് ചാനലില്‍ പാട്ടിറങ്ങുന്നു. ഇന്നിപ്പോള്‍ എല്ലാപ്ലാറ്റ്‌ഫോമുകളും കൂടെ നോക്കിയാല്‍, ഇതുവരെ ഏതാണ്ട് 15 ലക്ഷംപേരെങ്കിലും ആ പാട്ടുകേട്ടുകഴിഞ്ഞു.
വരാനിരിക്കുന്ന പ്രൊജക്ടുകളെക്കുറിച്ച്...
തെലുങ്കിലാണ് വരാനിരിക്കുന്ന പ്രധാനപ്പെട്ട ഒരു ചിത്രം, 'കോത്തപ്പള്ളിലോ'. പശ്ചാത്തലസംഗീതം മാത്രമാണ് ചെയ്തിരിക്കുന്നത്. തെലുങ്കിലെ ആദ്യചിത്രമാണ്. വളരെയധികം പ്രതീക്ഷയുള്ള ചിത്രം. പടം ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണി ശര്‍മ സര്‍ ആണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. കന്നഡയില്‍ ഒരു ചിത്രം ചെയ്യാനിരിക്കുന്നു. മലയാളത്തില്‍ ശരിയായ ഒരവസരത്തിനായി കാത്തിരിക്കുന്നു.





English (US) ·