ചിത്രീകരണത്തിന് മുൻപ് നായിക മരിച്ചു, ആളെക്കൊല്ലി സിനിമയെന്ന കുറ്റപ്പെടുത്തൽ; ഒടുവിൽ ദേശീയ പുരസ്കാരം

7 months ago 7

തുടരും എന്ന ഹിറ്റ് സിനിമയുടെ തിരക്കഥാകൃത്തായ കെ.ആർ. സുനിൽ ആ സിനിമയുടെ സംവിധായകനായ തരുൺ മൂർത്തിയുടെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു അധ്യായത്തെക്കുറിച്ച് എഴുതുകയാണിവിടെ. സിനിമയും പൊള്ളുന്ന ജീവിതയാഥാർഥ്യങ്ങളും ഇതിൽ ഇടകലരുന്നു. ഒരു നല്ല സിനിമ എന്നത് ഒരുപാട് സഹനങ്ങളുടെ സമാഹാരമാണ് എന്നുകൂടി ഈ കുറിപ്പ്‌ നമ്മെ ബോധ്യപ്പെടുത്തുന്നു...

രു ചിത്രപ്രദർശനത്തിന് തയ്യാറെടുക്കുന്നതിനിടെ കിട്ടിയ തിരക്കൊഴിഞ്ഞ നാളുകളിലൊന്നിലാണ്, ആയിടെ ഇറങ്ങിയ സൗദി വെള്ളക്ക എന്ന സിനിമ കണ്ടത്. യാതൊരുവിധ മുൻവിധികളുമില്ലാതെകണ്ട, വലിയ താരനിരകളൊന്നുമില്ലാതിരുന്ന ആ സിനിമ തരുൺ മൂർത്തിയുടെ രണ്ടാമത്തെ സംവിധായകസംരംഭമായിരുന്നു. വളരെ ലളിതമായി കഥപറഞ്ഞ, പല കഥാപാത്രങ്ങളുടെയും സൂക്ഷ്മതകളിലൂടെ കടന്നുപോയ ആ സിനിമയിലെ സീനുകൾ പലതും എന്റെ മനസ്സിനെ സ്പർശിച്ചു. ചില കഥാപാത്രങ്ങൾ ഉള്ളിൽത്തന്നെ കൂടി. ജീവിതം തൊട്ടറിയുന്ന അത്തരം സിനിമകൾ നമ്മുടെ കാഴ്ചകളിൽനിന്ന് അകന്നുപോകുന്ന കാലമായതിനാലാകാം എന്തോ ഒരടുപ്പം ആ സിനിമയോടും സംവിധായകനോടും തോന്നി.

2023-ലെ ബിനാലെക്കാലത്ത്, മട്ടാഞ്ചേരിയിൽ എന്റെ ചിത്രപ്രദർശനത്തിന്റെ തിരക്കുകൾക്കിടെ സുഹൃത്തും നിർമാതാവുമായ രജപുത്ര രഞ്ജിത്തിന്റെ വിളിവന്നു. കുറച്ചുവർഷങ്ങൾക്കുമുൻപ് ഞാനെഴുതിയ ഒരു തിരക്കഥയുടെ ആദ്യരൂപം നടൻ മോഹൻലാലിനോട് പറയുകയും അദ്ദേഹത്തിനത് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, വിവിധകാരണങ്ങളാൽ ആ സിനിമ സംഭവിക്കാൻ വൈകിക്കൊണ്ടിരുന്നു. ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട യാത്രകളിലേക്കും മറ്റും ഞാൻ വീണ്ടും തിരിഞ്ഞു. രഞ്ജിത്തിൽനിന്ന് ആ കഥകേട്ട തരുൺ മൂർത്തി, കൂടുതൽ കാര്യങ്ങൾ ചർച്ചചെയ്യാനായി എന്റെ ചിത്രപ്രദർശനം നടക്കുന്ന മട്ടാഞ്ചേരിയിലെ ഗാലറിയിലേക്ക് എത്തിച്ചേരുകയായിരുന്നു. സിനിമയെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചയും ധാരണകളും താത്‌പര്യങ്ങളുമെല്ലാം ഒരേദിശയിൽ സഞ്ചരിക്കുന്നതാണെന്ന് ആദ്യസംസാരത്തിൽത്തന്നെ മനസ്സിലായി. തുടർന്നും പലയിടങ്ങളിലും തിരക്കഥാചർച്ചകൾക്കായി ഞങ്ങൾ കണ്ടുമുട്ടി. തരുൺ എഴുത്തിലും പങ്കാളിയായി. ആ സംസാരങ്ങളിൽ സിനിമയ്ക്കകത്തും പുറത്തുമുള്ള ധാരാളം വിഷയങ്ങൾ കടന്നുവന്നു. അതിനിടെ തരുൺ പങ്കുവെച്ച ഒരനുഭവം ഏറെ അതിശയിപ്പിക്കുന്ന ഒന്നായിരുന്നു. സൗദി വെള്ളക്കയിലെ ഐഷാ റാവുത്തർ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ആളെ കണ്ടെത്താനായി തരുൺ പിന്നിട്ട വഴികളെക്കുറിച്ച്. തീവ്രമായ വൈകാരികവഴിത്തിരിവുകളുള്ള ആ അനുഭവം മറ്റൊരു സിനിമപോലെയായിരുന്നു.

തിരുവനന്തപുരം വേളി തീരദേശത്ത് വീടിന്റെ ടെറസിൽ കുറച്ചു കുട്ടികൾ ഓലമടലുകൊണ്ട് തട്ടിക്കളിച്ച ഒരു ചക്കക്കുരു, കുറച്ചകലെനിന്ന വൃദ്ധയുടെ ദേഹത്ത് ചെന്നുപതിച്ചതിന്റെപേരിൽ ആ നാട്ടിലുണ്ടായ ചെറിയ കലഹം പതിനഞ്ചുവർഷക്കാലം നീണ്ടുനിന്ന വലിയൊരു കേസിനു നിമിത്തമായി എന്ന്‌ പത്രത്തിൽ വാർത്തയുണ്ടായിരുന്നു. ആ വാർത്തയിൽനിന്ന്‌ തരുണിന്റെ മനസ്സിൽപ്പതിച്ച ആ ‘ചക്കക്കുരു’ മെല്ലെ സൗദി വെള്ളക്കയായി വളർന്നു.

നിർമാതാവായ സന്ദീപ് സേനന്, കഥ ഇഷ്ടപ്പെട്ടതോടെ സിനിമയുടെ പ്രാരംഭപ്രവർത്തനങ്ങൾക്ക് വേഗമേറി. കോവിഡ് പിടിമുറുക്കിയ ആ കാലത്ത് ഏറെ നിബന്ധനകളോടെയാണ് ഷൂട്ടിങ്ങിന് അനുമതിലഭിച്ചിരുന്നത്. എന്നാൽ, എഴുപതുവയസ്സുള്ള പ്രധാനകഥാപാത്രത്തിനായി ഒരു നടിയെ കണ്ടെത്തുക എന്നതായിരുന്നു ഏറ്റവുംവലിയ കടമ്പ. കാസ്റ്റിങ് കോൾ പുറപ്പെടുവിച്ചതോടെ പഴയ നാടകകലാകാരികളുടെ ഉൾപ്പെടെ ഒട്ടേറെപ്പേരുടെ ഫോട്ടോകളും വിവരങ്ങളും ലഭിച്ചെങ്കിലും അവയിലൊന്നും തരുണിന്റെ മനസ്സിലുള്ള കഥാപാത്രത്തിന്റെ ഛായകണ്ടെത്താനായില്ല. കാര്യങ്ങൾ അത്ര എളുപ്പമല്ല എന്ന്‌ മനസ്സിലായി. വൃഥാവിലായ അന്വേഷണങ്ങൾ പതിയെ നിരാശയിലേക്കു നയിച്ചു. അതിനിടെ, ഒരു സിനിമയിൽമാത്രം വേഷമിട്ടിട്ടുള്ള സൗദി ഗ്രേസി എന്ന, പഴയകാല നാടകനടിയെക്കുറിച്ച് അറിയാൻസാധിച്ചു. ഫോർട്ട് കൊച്ചിക്കടുത്തുള്ള തീരദേശഗ്രാമമായ സൗദിയിലാണ് അവർ കാലങ്ങളായി താമസിക്കുന്നതെന്നും മനസ്സിലാക്കി. സൗദി എന്ന സ്ഥലപ്പേര് കേരളത്തിലുണ്ടെന്ന് തരുൺ ആദ്യമായി അറിയുകയായിരുന്നു.

ചവിട്ടുനാടകത്തിന്റെ താളവും തിരയുടെ ശബ്ദവും ഉപ്പുകാറ്റുമുള്ള, സൗദിയെന്ന ആ തീരദേശ ഗ്രാമം മത്സ്യത്തൊഴിലാളികളടക്കമുള്ളവർ ഇഴുകിച്ചേർന്ന് താമസിക്കുന്നയിടമാണ്. ആ തീരഗ്രാമത്തിലെ ഇടുങ്ങിയ വഴികളിലൊന്നിലൂടെ തരുണും സുഹൃത്തുക്കളും സൗദി ഗ്രേസിയെ കാണാനായിപ്പോയി. ചുറ്റിലുമുള്ള ഒറ്റനില വീടുകളിൽ ചിലത് പുതിയത്, ചിലത് ഇടിഞ്ഞത്. നടക്കുംതോറും ഇടുങ്ങിയിടുങ്ങി ഇല്ലാതാകുന്ന വഴികൾ. ആ നടപ്പാണ്, താൻ ചെയ്യാൻപോകുന്ന സിനിമയ്ക്കും അത്തരമൊരു പശ്ചാത്തലം വേണമെന്ന ചിന്തയിലേക്ക് തരുണിനെ എത്തിച്ചത്. അന്ന്, ആ വഴി ചെന്നെത്തിയത് മനസ്സിൽക്കണ്ട അതേ മുഖത്തിലേക്ക് -സൗദി ഗ്രേസിയിലേക്ക്!

വീട്ടിലെത്തിയ അതിഥികളെ ഗ്രേസി അടയും ചായയും നൽകി സത്‌കരിച്ചു. നാടകപശ്ചാത്തലമുള്ള കുടുംബംതന്നെയായിരുന്നു തരുണിന്റേതും. അവർക്കിടയിലുള്ള സംസാരത്തെ അതെളുപ്പമാക്കി. മണിക്കൂറുകൾനീണ്ട കൂടിക്കാഴ്ചയിൽ, പഴയ നാടകകാലവും പിന്നിട്ട ജീവിതവുമെല്ലാം കടന്നുവന്നു. പോയകാലങ്ങളിൽ അനുഭവിക്കേണ്ടിവന്ന യാതനകളെക്കുറിച്ച് ഗ്രേസി വാചാലയായപ്പോൾ, ആ വാക്കുകളുടെ ആഴം തരുണിന് അനുഭവിക്കാനായി. സിനിമയിലെ നായികയെ ഉറപ്പിച്ചു. സംസാരം പിന്നെയും നീണ്ടുപോയി. ‘നാടകത്തിലെ ഷീല’ എന്നാണ് തന്നെ നാട്ടുകാർ ഇഷ്ടത്തോടെ വിളിച്ചിരുന്നതെന്ന് സൗദി ഗ്രേസി പറഞ്ഞപ്പോൾ അല്പം നാണവും അതിലേറെ അഭിമാനവുമുണ്ടായിരുന്നു. ഒരായുഷ്‌കാലം മുഴുവൻ നാടകത്തിനായി നീക്കിവെച്ച തനിക്ക്, കലാപ്രവർത്തകർക്കുള്ള തുച്ഛമായ പെൻഷൻപോലും ലഭിക്കുന്നില്ലെന്ന സങ്കടവും അതിനായി ഏറെക്കാലമായി പരിശ്രമിക്കുന്നുവെന്നും അവർ സൂചിപ്പിച്ചു. ആദ്യമായി കാണുന്ന തരുണിനോട് അവർ മനസ്സുതുറക്കുകയായിരുന്നു. ഒടുവിൽ, താൻ ചെയ്യാൻപോകുന്ന, അതുവരെ പേരിട്ടിട്ടില്ലാത്ത സിനിമയുടെ കഥ തരുൺ വിശദമായി പറഞ്ഞു.

അപ്രതീക്ഷിതമായെത്തിയ സിനിമാവസരം, അതും കേന്ദ്രകഥാപാത്രം! ആ കലാകാരിയിൽ അതെല്ലാം എന്തെന്നില്ലാത്ത ആശ്ചര്യവും സന്തോഷവുമുണ്ടാക്കി. ജീവിതസായാഹ്നത്തിലെത്തിനിൽക്കുന്ന ഗ്രേസിയുടെ സ്വപ്നങ്ങൾക്കും മേലെയായിരുന്നു അതെല്ലാം. രണ്ടാമതൊന്ന് ആലോചിക്കാതെത്തന്നെ അവർ തരുണിന് കൈകൊടുത്തു. പിരിയുമ്പോൾ, വിടർന്നമുഖത്തോടെ, പ്രതീക്ഷയോടെ ഒരാഗ്രഹമെന്നോണം മറ്റൊന്നുകൂടി ചോദിച്ചു:

‘‘എനിക്ക് ഈ വേഷം ഒരു സ്റ്റേറ്റ് അവാർഡ് നേടിത്തരുമല്ലേ മോനേ?’’
കഥാപാത്രത്തെ മനസ്സുകൊണ്ട് ഉൾക്കൊണ്ട ആ കലാകാരിയോട് യാത്രപറഞ്ഞ്, തിരിച്ചുനടക്കുമ്പോഴേക്കും തരുൺ തന്റെ പുതിയസിനിമയ്ക്ക് പേരിട്ടുകഴിഞ്ഞിരുന്നു -‘സൗദി വെള്ളക്ക’!

പിന്നീടുള്ള ഓരോ ദിവസവും കഥാപാത്രത്തിനായുള്ള രൂപമാറ്റങ്ങളെക്കുറിച്ചും മറ്റും തരുൺ ഗ്രേസിയോട് ഫോണിലൂടെ വിശദമായി സംസാരിക്കാറുണ്ടായിരുന്നു. ഏറെ കൊതിയോടെ അവർ സിനിമയ്ക്കായി തയ്യാറെടുത്തുകൊണ്ടിരുന്നു. അതിനിടെ, നാടകപ്രവർത്തകനായ അച്ഛനോടും സുഹൃത്തുക്കളോടും തരുൺ, ഗ്രേസിയുടെ പെൻഷന്റെ കാര്യം പറയുകയും താമസിയാതെ അത് ശരിയാക്കുകയും ചെയ്തു. ഗ്രേസിക്ക് ആ കഥാപാത്രത്തിലേക്ക് കൂടുതൽ സ്വസ്ഥമായി ഇറങ്ങിച്ചെല്ലാനും അത് സഹായിച്ചു. പലപ്പോഴായി ഗ്രേസി പറഞ്ഞ ജീവിതകഥകളിലെ അടരുകൾ പലതും തരുൺ ഐഷാ റാവുത്തറിലേക്ക് തുന്നിച്ചേർക്കുകയും ചെയ്തു.

മറ്റൊരിക്കൽ, ഗ്രേസിയെക്കൊണ്ട് കഥാപാത്രത്തിനായുള്ള ചമയങ്ങൾ അണിയിക്കുകയും കുറെ ചിത്രങ്ങളെടുക്കുകയും ചെയ്തു. കൗതുകത്തോടെയും അതിലേറെ സന്തോഷത്തോടെയും ഗ്രേസി, കണ്ണാടിയിൽ ഐഷ റാവുത്തറിനെത്തന്നെ നോക്കിനിന്നു. അവരത് ഏറെ ആസ്വദിക്കുന്നുണ്ടായിരുന്നു. അതുവരെ തന്റെ ആരുമല്ലാതിരുന്ന ഒരാൾ വളരെ പെട്ടന്ന് തനിക്ക് ആരൊക്കെയോ ആകുന്നപോലെയായിരുന്നു തരുണിന് അനുഭവപ്പെട്ടത്. ഒടുവിൽ, ചമയക്കൂട്ടുകൾ അഴിച്ചുമാറ്റി അവിടെനിന്ന്‌ ഇറങ്ങുമ്പോൾ അവർ പറഞ്ഞു: ‘‘ഈ സിനിമ ചെയ്തിട്ട് അങ്ങ് മരിച്ചുപോയാലും കുഴപ്പമില്ല മോനേ...’’ അതവർ ഉള്ളിൽത്തട്ടി പറഞ്ഞതായിരുന്നു.

സൗദി വെള്ളക്കയ്ക്ക് ലഭിച്ച സംസ്ഥാന അവാർഡ് ശില്പം സൗദി ​ഗ്രേസിയുടെ കല്ലറയിൽ വെയ്ക്കുന്ന തരുൺ മൂർത്തി, ദേവി വർമയുടെ മക്കൾ | ഫോട്ടോ: മാതൃഭൂമി

അപ്രതീക്ഷിത വഴിത്തിരിവുകൾ

ഷൂട്ടിങ്ങിന് ഏതാനും മാസങ്ങൾ ബാക്കിയുള്ളപ്പോൾ സൗദി ഗ്രേസിയുടെ ഫോണിൽനിന്ന് ഒരു വിളിവന്നു. മകൾ കാതറിനാണ് സംസാരിച്ചത്. കരച്ചിലോടെ അവൾ പറഞ്ഞു: കോവിഡ് വന്ന് അമ്മ ആശുപത്രിയിൽ അത്യാസന്നനിലയിലാണെന്ന്. കോവിഡും ന്യൂമോണിയയും ഒരേസമയം പിടിപെട്ടതോടെ ഗ്രേസിയുടെ ആരോഗ്യനില ഗുരതരാവസ്ഥയിലേക്ക് വഴിമാറി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്. ഏറെ ഞെട്ടലുണ്ടാക്കിയ ആ വാർത്ത തരുണിനും സഹപ്രവർത്തകർക്കുമെല്ലാം വലിയ ആഘാതമായി. ആശുപത്രിയിൽ ജോലിചെയ്യുന്ന, കൊച്ചിക്കാരിയായ ഒരു നഴ്സിനെ ബന്ധപ്പെട്ട് കാര്യങ്ങൾ ആരാഞ്ഞു. ഗ്രേസിയെ ഡോക്ടർമാരെല്ലാം കൈയൊഴിഞ്ഞ അവസ്ഥയാണെന്ന ദുഃഖകരമായ യാഥാർഥ്യമറിഞ്ഞതോടെ തരുൺ അക്ഷരാർഥത്തിൽ തകർന്നുപോയി. എങ്ങനെയെങ്കിലും ഗ്രേസിയോട് സംസാരിക്കാനുള്ള ഒരവസരത്തിനായി അപേക്ഷിച്ചു.

ഒരു കലാകാരന്റെ ആ സമയത്തെ മാനസികാവസ്ഥ തിരിച്ചറിഞ്ഞ നഴ്സ്, അടുത്തദിവസം ഐസിയുവിലേക്ക് പോയപ്പോൾ, ധരിച്ചിരുന്ന പിപിഇ കിറ്റിനകത്ത് ഒരു ഫോൺ ഒളിപ്പിച്ചിരുന്നു. ഡോക്ടറും പ്രധാന നഴ്സും പോയനേരത്ത് അവർ വീഡിയോ കോളിലൂടെ ഗ്രേസി കിടക്കുന്നത് കാണിച്ചു. ഫോണിൽ തരുണിന്റെ മുഖം കണ്ടപ്പോൾ അവർ മെല്ലെ ചിരിക്കാൻ ശ്രമിച്ചു. ചേച്ചിയെ ഞങ്ങൾ കാത്തിരിക്കുകയാണെന്നും ഉടൻ തിരികെവരണമെന്നും മറ്റും ആശ്വസിപ്പിച്ചു. ഒപ്പം മറ്റൊന്നുകൂടി പറഞ്ഞു: ‘‘നമ്മുടെ സിനിമയ്ക്ക് ചേച്ചിയെ വേണം’’. എന്നാൽ, സ്വന്തം അവസ്ഥയറിയാവുന്ന അവർ കിതപ്പോടെ, പറഞ്ഞത് ‘‘എനിക്ക് വരാനായില്ലെങ്കിൽ മക്കൾ മറ്റാരെയെങ്കിലുംവെച്ച് ഈ സിനിമ ചെയ്യണം’’ എന്നായിരുന്നു. ചേച്ചിക്കായി ഞങ്ങൾ കാത്തിരിക്കുമെന്ന്‌ തീർത്തുപറഞ്ഞ്, പ്രതീക്ഷകൾമാത്രം നൽകി ആ സംസാരം അവസാനിപ്പിച്ചു.
അടുത്തദിവസവും ആ നഴ്സിന്റെ വിളിവന്നു. തരുൺ വിളിച്ചശേഷം ഗ്രേസിക്കുവന്ന മാറ്റങ്ങളെക്കുറിച്ച് പറഞ്ഞു! അവർ ഓരോ ദിവസവും ഫോൺ ഒളിപ്പിച്ചു കടത്തുന്നതും തരുണിനെ വിളിക്കുന്നതും തുടർന്നു. ഐഷാ റാവുത്തറിന് ജീവൻ നൽകാനായി സൗദി ഗ്രേസി തിരികെയെത്തുമെന്നുതന്നെ എല്ലാവരും വിശ്വസിച്ചു, പ്രതീക്ഷിച്ചു. എന്നാൽ, ഏഴാംനാൾ നഴ്സിന്റെ ഫോണിൽനിന്നുവന്ന വിളി, ഗ്രേസിയുടെ മരണം അറിയിക്കാനായിരുന്നു.

പ്രതീക്ഷകൾക്കെല്ലാം വിരാമമായി. ആ കലാകാരിയുടെ മൃതശരീരം സൗദി പള്ളിയിൽ അടക്കിയശേഷം തിരിച്ചുപോരാൻ തുനിയുമ്പോൾ അതുവരെ അടക്കിപ്പിടിച്ച മാനസികാവസ്ഥയെ തടഞ്ഞുനിർത്താൻ ആർക്കുമായില്ല. സിനിമയുടെ മാത്രമല്ല ജീവിതത്തിന്റെ ഭാഗമായും അതിനകം ഗ്രേസി മാറിക്കഴിഞ്ഞിരുന്നു. തരുണും നിർമാതാവായ സന്ദീപ് സേനനും ആ പള്ളി പരിസരത്തുനിന്ന് പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞു.
മറ്റൊരാളിലേക്ക് മരണത്തിന്റെ വേഷമിട്ടുവന്ന ആ കടുത്തയാഥാർഥ്യം ഏവരെയും അടിമുടി തകർത്തു, സിനിമചെയ്യാനുള്ള തീ അണഞ്ഞു. ദിവസങ്ങൾ കടന്നുപോയി. അതിനിടെ, ഗ്രേസിയുടെ മകളുടെ വിളിവന്നു. തന്റെ അമ്മയ്ക്കുവേണ്ടി ആ സിനിമ ചെയ്യണമെന്നായിരുന്നു അവരുടെ അപേക്ഷ. അത് തരുണിനെയും കൂട്ടരെയും വീണ്ടും സിനിമയുടെ ചൂടിലേക്കെത്തിച്ചു. ഗ്രേസിയുടെ മകളും കുടുംബവും പരിചരിച്ച നഴ്സുമാരും സൗദി എന്ന ദേശവുമെല്ലാം അങ്ങനെ സിനിമയുടെ ഭാഗമായിമാറുകയായിരുന്നു.

ഐഷാ റാവുത്തറാകാൻ മറ്റൊരാളെ കണ്ടെത്തുക എന്ന അനിവാര്യതയിലേക്ക് എത്തിച്ചേരാതെ മുന്നോട്ടുപോകാനാവില്ലായിരുന്നു. അന്വേഷണം പലവഴികളിലും തുടർന്നു. അതിനിടെ, സോഷ്യൽ മീഡിയയിൽ ഒരു സുഹൃത്ത് പങ്കുവെച്ച ഫോട്ടോയിലെ ഒരു മുത്തശ്ശി തരുണിന്റെ കണ്ണിലുടക്കി. തൃപ്പൂണിത്തുറയിലെ, എൺപത്തിയഞ്ചു വയസ്സുള്ള ദേവീവർമ ആയിരുന്നു അത്. പ്രായത്തിന്റെ അവശതകൾ ഏറെയുള്ള, അഭിനയത്തിൽ ഒരുവിധ പരിചയവും പാരമ്പര്യവും ഇല്ലാത്ത, അഭിനയിക്കാൻ ആഗ്രഹം പോലുമില്ലാത്ത ആ മുത്തശ്ശിയെ പോയിക്കണ്ട തരുൺ, അവരോട് തന്റെ സിനിമയിൽ അഭിനയിക്കാമോ എന്ന് ചോദിച്ചു. അപ്രതീക്ഷിതമായ ചോദ്യത്തിന് എന്തു മറുപടിപറയുമെന്നറിയാതെനിന്ന ആ മുത്തശ്ശിയോട്, അഭിനയത്തെക്കുറിച്ചും മറ്റും ഒന്നും ഇപ്പോൾ ചിന്തിക്കേണ്ടാ എന്ന ധൈര്യവും കൊടുത്തു. എന്നിട്ടും അഭിനയിക്കാൻ മടികാണിച്ചപ്പോൾ, സൗദി ഗ്രേസിയെന്ന കലാകാരിയെക്കുറിച്ചും അവരുടെ സ്വപ്നസാക്ഷാത്കാരമായ ആ സിനിമയെക്കുറിച്ചും പറഞ്ഞു. മാത്രമല്ല ഗ്രേസിയുടെ മകൾ കാതറിൻ, ദേവീവർമയെ ഫോണിൽ വിളിക്കുകയും ‘ഈ വേഷം ചെയ്താൽ ഞങ്ങൾക്ക് അമ്മയെ അതിലൂടെ കാണാനാകും’ എന്ന് പറയുകയും ചെയ്തു. ആ വാക്കുകളിലെ വൈകാരികത തിരിച്ചറിഞ്ഞ, എൺപത്തിയഞ്ചുകാരിയായ ദേവീവർമ മെല്ലെ ഐഷാ റാവുത്തറായി മാറാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ, കോവിഡ് കാലത്തെ അപകടങ്ങൾ തിരിച്ചറിഞ്ഞ തരുണിന്റെ ടീമിലുള്ള പലരും ആ തീരുമാനത്തെ എതിർത്തു. അത് സിനിമയ്ക്ക് ബാധ്യതയാകുമെന്നും അത്രയും ആരോഗ്യപ്രശ്നങ്ങളുള്ള മുത്തശ്ശിയെ അഭിനയിപ്പിക്കാൻ കൊണ്ടുവന്നാൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ചും പലരും പറഞ്ഞു. എല്ലാ അർഥത്തിലും അതെല്ലാം ശരിയായിരുന്നു. എന്നാൽ, സിനിമയിൽനിന്നും ആ തീരുമാനത്തിൽനിന്നും പിന്നോട്ടുമാറാൻ തരുൺ തയ്യാറായില്ല. എന്നെ വിശ്വസിക്കൂ എന്ന് നിരന്തരം ടീമിനോട് പറഞ്ഞുകൊണ്ടേയിരുന്നു. ചിലർ വിശ്വസിച്ചു, ചിലർ അവിശ്വാസത്തോടെ, ആശങ്കകളോടെ കൂടെനിന്നു.

അങ്ങനെ, ചിങ്ങം ഒന്നിന് ഷൂട്ടിങ് തുടങ്ങി. ഏവരെയും വിസ്മയിപ്പിച്ച്, വാർധക്യസഹജമായ അനാരോഗ്യങ്ങളെ മറികടന്ന് ദേവീവർമ തന്മയത്വത്തോടെത്തന്നെ അഭിനയിച്ചുതുടങ്ങി, കോവിഡിന്റെ വകഭേദമായ ‘ഒമിക്രോൺ’ നാട്ടിൽ പടർന്നുതുടങ്ങിയ കാലമായിരുന്നു അത്. കരുതലോടെ ദിവസങ്ങൾ കടന്നുപോയി. വിചാരിച്ചതിലും വേഗത്തിൽ ഷൂട്ടിങ്ങും മുന്നോട്ടുപോയി. ദേവി വർമയുടെ രൂപവും ശൈലിയും ഐഷ റാവുത്തറിന്റേതായിമാറി. ഷൂട്ടിങ്ങിനിടയിൽ പല സീനുകൾക്കും സെറ്റിൽ കൈയടികളുണ്ടായി! എന്നാൽ, പതിനഞ്ചാം ദിവസം നടത്തിയ ടെസ്റ്റിൽ ദേവീവർമയ്ക്കുമാത്രം കോവിഡ് പോസിറ്റീവ്. ആ വാർത്ത സെറ്റിലാകെ നിരാശയുടെ നിഴൽപരത്തി. ചുമയും പനിയുമെല്ലാം ബാധിച്ച് വല്ലാതെ തളർന്ന, ആ എൺപത്തിയഞ്ചുകാരി ചികിത്സയുമായി വീടിന്റെ അടച്ചമുറിയിലേക്കൊതുങ്ങി. അവരിനി തിരികെവരില്ലെന്നുതന്നെ പലരും സെറ്റിൽ പറഞ്ഞുതുടങ്ങി. എന്നാൽ, നിർമാതാവ് സന്ദീപ് സേനൻ ഈ സമയവും തരുണിനെ ചേർത്തുപിടിച്ചു. പ്രതീക്ഷയോടെ സമാധാനിപ്പിച്ചു. ഏഴാമത്തെ ദിവസം എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ദേവീവർമ തിരിച്ചെത്തി!

പിന്നീട്, ഐഷാ റാവുത്തറിലേക്കുള്ള അവരുടെ പരകായപ്രവേശം ഏവരെയും അദ്‌ഭുതപ്പെടുത്തുന്നതായിരുന്നു. അവർക്ക് വല്ലാത്ത ആവേശവും കൊതിയുമായിരുന്നു ആ സിനിമചെയ്യാൻ. കിതപ്പിലും അണപ്പിലുമെല്ലാം അവർ ആ വേഷത്തിന്റെ സന്തോഷം കണ്ടെത്തി. അതെല്ലാം സൗദി ഗ്രേസിയാണ് തന്നെക്കൊണ്ട് ചെയ്യിക്കുന്നതെന്ന് ചിരിയോടെ പറഞ്ഞു. അങ്ങനെ വിശ്വസിക്കാൻ തരുണും ഇഷ്ടപ്പെട്ടു. പക്ഷേ, ചിത്രീകരണം അവസാനിക്കാൻ ഇരുപതു ദിവസംമാത്രം ബാക്കിയുള്ളപ്പോൾ ദേവീവർമയിൽ ചില ആരോഗ്യപ്രശ്നങ്ങൾ വീണ്ടും കണ്ടുതുടങ്ങി. കോടതിയിൽ തലകറങ്ങിവീഴുന്ന ഒരു സീൻ ചിത്രീകരിക്കുന്നതിനിടെ അവർ അപ്രതീക്ഷിതമായി നിലത്തുവീണു. ഏവരും പരിഭ്രാന്തരായി. തൊട്ടടുത്ത നിമിഷംതന്നെ അവരെയും പൊക്കിയെടുത്ത് എറണാകുളത്തെ ആശുപത്രിയിലേക്ക് പാഞ്ഞു. ആശങ്കകളുടെ, ആധിയുടെ നിമിഷങ്ങൾക്കൊടുവിൽ ഡോക്ടർവന്ന് പറഞ്ഞത്, ദേവീവർമയ്ക്ക് പക്ഷാഘാതമാണെന്നാണ്. കേട്ടുനിന്നവരിൽ അതൊരു ഇടിത്തീപോലെയായി. സിനിമ എന്നെന്നേക്കുമായി മുടങ്ങിപ്പോകുമെന്ന അവസ്ഥയിലേക്ക് കാര്യമെത്തി.

ഇത്രയും പ്രായവും ആരോഗ്യപ്രശ്നങ്ങളും ഉള്ളയാളെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കാനായി തിരഞ്ഞെടുത്തതിനെ അന്ന് നിരുത്സാഹപ്പെടുത്തിയവരിൽ പലരും തരുണിനെ കുറ്റപ്പെടുത്താൻ തുടങ്ങി. ചിലർ അതിനെ ‘അറംപറ്റിയ സിനിമ’ എന്നുവരെ പറഞ്ഞു, മറ്റുചിലർ ‘ആളെ കൊല്ലുന്ന സിനിമ’ എന്ന് ഒതുക്കംപറഞ്ഞു. തരുൺ നിശ്ശബ്ദനായി. സിനിമ മുടങ്ങി എന്നുപോലും പലരും പറഞ്ഞു. ഷൂട്ടിങ്ങിനെത്തിയവർ താത്‌കാലികമായി പിരിഞ്ഞുപോയി. ചിലർ മറ്റു സിനിമകളിലക്ക് മാറി. അതിനിടെ, തരുൺ ഐസിയുവിൽ കയറി ദേവീവർമയെ കണ്ടപ്പോൾ അവർ വീണ്ടും ചോദിച്ചു: ‘‘ഞാൻ കാരണം സിനിമ വീണ്ടും മുടങ്ങി അല്ലേ?’’ അതിന് മറുപടിയെന്നോണം തരുൺ, അവരുടെ കൈകളിൽ ചേർത്തുപിടിച്ചു.

പ്രതീക്ഷകളുമായി തരുൺ പിന്നെയും കാത്തിരുന്നു. 15 ദിവസം പിന്നിട്ടപ്പോൾ, എല്ലാവരെയും അദ്‌ഭുതപ്പെടുത്തിക്കൊണ്ട് ജീവിതത്തിലേക്ക്, ചിത്രീകരണസ്ഥലത്തേക്ക് ദേവീവർമ തിരിച്ചെത്തി. ആ കഥാപാത്രത്തോട്, സൗദി ഗ്രേസിയോട്, സിനിമാസംഘത്തോട് നീതിപുലർത്താൻ പ്രകൃതി അവർക്ക് സമയം അനുവദിച്ചതാകാം എന്ന് ഏവരും വിശ്വസിച്ചു. അതൊരു അവിശ്വസനീയ യാഥാർഥ്യമായി ബാക്കിനിന്നു.
അൻപതു ദിവസംകൊണ്ട് ആ സിനിമ പൂർത്തിയാകുകയായിരുന്നു. കാഴ്ചക്കാരിലും നിരൂപകരിലും സൗദി വെള്ളക്ക മികച്ച അഭിപ്രായമുണ്ടാക്കി. ഇന്ത്യൻ പനോരമയിലേക്കും ഒട്ടേറെ ചലച്ചിത്രമേളകളിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ദേവീവർമയുടെ ഐഷാ റാവുത്തർ ചർച്ചയായി. തരുൺ മൂർത്തി വ്യത്യസ്തമായ രണ്ടു സിനിമകളുടെപേരിൽ അടയാളപ്പെടുത്തപ്പെട്ടു. മാത്രമല്ല, കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ സൗദി വെള്ളക്കയ്ക്ക് ലഭിച്ചത് മൂന്ന് അവാർഡുകൾ. ഏറ്റവും മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടത് ദേവീവർമയും!കൊടുംപരീക്ഷണങ്ങളുടെ വലിയൊരു കാലം തരണംചെയ്ത് ലഭിച്ചതിനാലാകാം ആ പുരസ്‌കാരത്തിന് തിളക്കമേറെയായിരുന്നു.

കേരളത്തിലെ പ്രശസ്തരായ കാലാപ്രവർത്തകരുടെയും മറ്റും സാന്നിധ്യത്തിൽ മുഖ്യമന്ത്രിയിൽനിന്നു പുരസ്‌കാരം ഏറ്റുവാങ്ങി ദേവീവർമയ്ക്കൊപ്പം തരുണും കൂട്ടരും നേരേ പോയത് സൗദി പള്ളിയിലേക്കായിരുന്നു. ഐഷാ റാവുത്തർ എന്ന കഥാപാത്രമായിത്തീരാനായി ഏറെ മോഹിച്ച, അതിനായി മനസ്സുകൊണ്ടും ശരീരംകൊണ്ടും തയ്യാറെടുത്ത ഒരു കലാകാരി എന്നേക്കുമായി ഉറങ്ങുന്ന കല്ലറയ്ക്കുമുകളിൽ പുരസ്‌കാരശില്പം കുറെനേരം വെച്ചു. ഏവരും അവിടെ നിശ്ശബ്ദരായിനിന്നു. ‘‘എനിക്ക് ഈ കഥാപാത്രം ഒരു സ്റ്റേറ്റ് അവാർഡ് നേടിത്തരുമല്ലേ മോനേ’’ എന്ന ശബ്ദം തരുണിന്റെ ഓർമ്മകളിലൂടെ ഒരു കടൽക്കാറ്റുപോലെ കടന്നുപോയി. ജീവിതത്തിൽ അതുവരെ അറിഞ്ഞിട്ടില്ലാത്ത, മറ്റൊന്നിനും പകരമാകാത്ത എന്തോ ഒരു അനുഭൂതിയും അർഥവും പൂർണതയും ആ നിമിഷങ്ങൾക്കുണ്ടെന്നും മനസ്സു പറഞ്ഞു.

മാസങ്ങൾക്കുശേഷം, രജപുത്ര ഫിലിംസിന്റെ ബാനറിൽ രഞ്ജിത്ത് നിർമിച്ച, മോഹൻലാലും ശോഭനയും പ്രധാനവേഷങ്ങളിൽ അഭിനയിച്ച തുടരുംഎന്ന ഞങ്ങളുടെ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് തരുണിന്റെ മുൻസിനിമയായ സൗദി വെള്ളക്കയ്ക്ക് മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടത്. ഡൽഹിയിൽവെച്ച്‌, രാഷ്ട്രപതിയിൽനിന്ന് ആ പുരസ്‌കാരം ഏറ്റുവാങ്ങി തിരിച്ചെത്തിയപ്പോഴും തരുൺ പറഞ്ഞത് സൗദി ഗ്രേസിയെന്ന കലാകാരിയെക്കുറിച്ചാണ്. അവരുടെ ഓർമ്മകൾക്കുമുന്നിൽ ആ പുരസ്‌കാരവും സമർപ്പിക്കപ്പെട്ടു.

Read Entire Article