'ചിത്രീകരണസംഘാംഗമായ മലയാളി മരിച്ചത് ഷൂട്ടിങ്ങിനിടെയല്ല'; വിശദീകരണവുമായി കാന്താര നിര്‍മാതാക്കള്‍

8 months ago 6

kantara 2 unit  kapil death

പ്രതീകാത്മക ചിത്രം, മരിച്ച എം.എഫ്. കപിൽ | Photo: Special Arrangement

കാന്താര സിനിമയുടെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണസംഘാംഗമായ മലയാളി യുവാവ് കൊല്ലൂരില്‍ സൗപര്‍ണിക നദിയില്‍ മുങ്ങിമരിച്ചതില്‍ വിശദീകരണവുമായി നിര്‍മാതാക്കള്‍. ചിത്രീകരണത്തിനിടെയല്ല വൈക്കം സ്വദേശിയായ എം.എഫ്. കപിലിന്റെ (33) മരണമെന്ന് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് വ്യക്തമാക്കി. ദാരുണസംഭവം നടന്ന ദിവസം ഷൂട്ടിങ്ങ് നടന്നിരുന്നില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

'ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എം.എഫ്. കപിലിന്റെ മരണത്തില്‍ അതിയായ ദുഃഖമുണ്ട്. അതീവദുഃഖകരമായ ഈ സമയത്ത് കപിലിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും അനുശോചനം അറിയിക്കുന്നു. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍, സംഭവം നടന്നത് കാന്താരയുടെ സെറ്റില്‍ അല്ലെന്ന് വിനയപൂര്‍വ്വം വ്യക്തതവരുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്', സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

'ആ ദിവസം ചിത്രീകരണം ഷെഡ്യൂള്‍ ചെയ്തിരുന്നില്ല. വ്യക്തിപരമായ കാര്യങ്ങൾക്കിടെയാണ് ദാരുണ സംഭവമുണ്ടായത്. ചിത്രവുമായി യാതൊരു ബന്ധവും അതിനുണ്ടായിരുന്നില്ല. സംഭവത്തെ ചിത്രവുമായോ അതിന്റെ അണിയറപ്രവര്‍ത്തകരുമായോ ബന്ധിപ്പിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്'- ഹോംബാലെ ഫിലിംസ് വ്യക്തമാക്കി.

അതേസമയം, സംഭവത്തില്‍ നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടിക്കും നിര്‍മാതാക്കള്‍ക്കുമെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. 'സിനിമാ സെറ്റില്‍ തൊഴിലാളികള്‍ മരണപ്പെടുമ്പോള്‍ യഥാര്‍ഥ കാരണം പലപ്പോഴും മറച്ചുവെക്കപ്പെടുന്നു. സത്യം വെളിപ്പെടുത്താന്‍ ശ്രമിക്കുന്ന തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നു. ഇത് അവസാനിപ്പിക്കണം' - എഐസിഡബ്ല്യുഎ വ്യക്തമാക്കി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.45-ഓടെയാണ് സംഭവം. കപില്‍ കാല്‍വഴുതി സൗപര്‍ണിക നദിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് കൊല്ലൂര്‍ പോലീസ് അറിയിച്ചത്. വൈക്കം ടിവിപുരം റോഡില്‍ പള്ളിപ്രത്തുശ്ശേരി സ്വദേശിയാണ് കപില്‍.

Content Highlights: Hombale Films clarifies connected the decease of a inferior creator during Kantara 2 shoot

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article