മുജീബുര്‍റഹ്മാന്‍ കരിയാടന്‍
അഭ്രപാളിയിലൊരു കവിത കാണാന്‍ താത്പര്യമുണ്ടെങ്കില്‍ തീര്‍ച്ചയായും ചിന്ന ചിന്ന ആസൈ കാണണം. മോക്ഷം കിട്ടുമെന്ന വിശ്വാസത്തില്‍ മരണത്തിന് തെരഞ്ഞെടുക്കുന്ന അതേ കാശിയുടെ പശ്ചാതലത്തിലാണ് സംവിധായിക വര്‍ഷ വാസുദേവ് ജീവിതംകൊണ്ടൊരു കവിത രചിച്ചുവെച്ചിരിക്കുന്നത്.
മനുഷ്യനെന്ന പുറന്തോടിനകത്ത് എത്രയോ വികാരങ്ങളും വിചാരങ്ങളുമുള്ള ജീവിയാണ് വസിക്കുന്നതെന്ന് ഈ സിനിമ കാണിച്ചു തരുന്നു. ചെറിയ കാലത്തെ ജീവിതത്തിനിടയില്‍ വലിയ സ്വപ്‌നങ്ങള്‍ നേടിയെടുക്കാനല്ല, ചെറിയ ചെറിയ ആശകള്‍ സ്വന്തമാക്കാനാണ് മനുഷ്യന്‍ പ്രയാസപ്പെടുന്നത്. തന്റേതു മാത്രമായ ചെറിയ ആശകളുടെ ഒരു കഷണം സാധിച്ചു കിട്ടുമ്പോഴേക്കും എത്രമാത്രം സന്തോഷമാണ് ഓരോ ആത്മാവും അനുഭവിക്കുന്നതെന്ന് ഈ ചിത്രം സാക്ഷ്യപ്പെടുത്തുന്നു.
തമിഴ് ചിത്രം അഴകനില്‍ മമ്മൂട്ടിയുടെ നായികയായെത്തിയ മധുബാല പിന്നീട് മലയാളത്തിലും ഹിന്ദിയിലും തെലുങ്കിലും കന്നഡയിലും എണ്ണം പറഞ്ഞ വിജയ ചിത്രങ്ങളിലാണ് വേഷമിട്ടത്. റോജ എന്ന മണിരത്‌നം ചിത്രത്തിലെ പ്രകടനം മാത്രം മതിയാകും മധുബാല ഓര്‍മിക്കപ്പെടാന്‍. തൊണ്ണൂറുകളിലെ ചോക്ലേറ്റ് നായികയാണ് ചിന്ന ചിന്ന ആസൈയില്‍ ഇന്ദ്രന്‍സിന്റെ നായിക ലീലയായി പ്രേക്ഷകരുടെ മനം കവരുന്നത്.
മലയാളം ചലച്ചിത്രമാണെങ്കിലും കഥാപശ്ചാതലം കാശി (വാരാണസി) ആയതിനാല്‍ മലയാളത്തിനു പുറമേ തമിഴും ഹിന്ദിയും ഈ സിനിമയിലെ സംഭാഷണങ്ങളായി വരുന്നുണ്ട്. അതുകൊണ്ടുതന്നെ 'ബഹുഭാഷാ ചിത്രം' എന്ന് പരിഗണിക്കാവുന്നതാണ്.
ഉള്ളിലുള്ള കാര്യങ്ങള്‍ ആത്മാര്‍ഥമായാണ് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതെങ്കില്‍ ഭാഷ ഒരു തടസ്സമായി വര്‍ത്തിക്കില്ലെന്നതാണ് സത്യം, നായകന്‍ മലയാളത്തിലും നായിക തമിഴിലും പശ്ചാതലത്തിലുള്ളവര്‍ ഹിന്ദിയിലും സംസാരിക്കുന്ന സിനിമയുടെ അകക്കാമ്പ് പ്രേക്ഷകനുമായി നേരിട്ടു സംവദിക്കുന്നു എന്ന ഒറ്റക്കാരണംകൊണ്ടുതന്നെ പ്രേക്ഷകര്‍ക്കും ഭാഷ തടസ്സമാകില്ല.
മകള്‍ ജാനകിയുടെ നൃത്താഭ്യാസത്തിന് അവളോടൊപ്പം കാശിയിലെത്തിയതാണ് മാധവന്‍ മാഷ്. ഗംഗാ തീരത്ത് സമയം ചെലവഴിക്കുന്നതിനിടയിലാണ് തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്നും വാരാണസിയില്‍ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ സംഘത്തില്‍ നിന്നും കൂട്ടംപിരിഞ്ഞുപോയ ലീലയെ കണ്ടുമുട്ടുന്നത്. പിന്നീട് ഇവരുടെ ലോകത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.
എം ടി വാസുദേവന്‍ നായരുടെ വാനപ്രസ്ഥം പോലുള്ള സിനിമകള്‍ ഇതുപോലുള്ള കഥകളുമായി നേരത്തെ വന്നിട്ടുണ്ടെങ്കിലും ചിന്ന ചിന്ന ആസൈ അതിമനോഹരമായാണ് സംവിധായിക അണിയിച്ചൊരുക്കിയിരിക്കുന്നത്.
കാശിയുടെ മാത്രം പശ്ചാതലമാണ് സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഗംഗാ പരിസരമോ ഘട്ടുകളോ കഥാപാത്രങ്ങള്‍ വിട്ടുപോകുന്നേയില്ല. അതുകൊണ്ടുതന്നെ രണ്ടേകാല്‍ മണിക്കൂര്‍ നേരം കാഴ്ചക്കാരും കാശിയിലൂടെ ചുറ്റിത്തിരിയുകയാണെന്ന തോന്നലുണ്ടാകും. സിനിമ കഴിഞ്ഞിറങ്ങിയാലും കാശിയുടെ പശ്ചാതലം എളുപ്പത്തില്‍ മാറ്റി വെക്കാനാവില്ല. രണ്ടുവര്‍ഷം മുമ്പ് ബേസില്‍ ജോസഫിന്റെ ഫാലിമിയില്‍ കാശി പശ്ചാതലമായി വരുന്നുണ്ടെങ്കിലും പൂര്‍ണമായും വാരാണസിയിലൂടെയല്ല കഥ സഞ്ചരിക്കുന്നത്.
റിട്ടയര്‍മെന്റ് കഴിഞ്ഞ മാധവന്‍ മാഷും 52കാരിയായ ലീലയും തമ്മില്‍ കാണുന്നതോ മിണ്ടുന്നതോ കൂടെ നടക്കുന്നതോ ഒന്നും പ്രണയമായിരുന്നില്ല. അതുവരെ അറിയാത്ത രണ്ടുപേര്‍ അവരുടെ ലോകത്തു നിന്നും ആര്‍ജ്ജിച്ചെടുത്ത അനുഭവ പരിസരങ്ങളെ ജാഗ്രതയോടെ കൈകാര്യം ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ഒരിടത്തു പോലും പാളിപ്പോകാതെ ഇന്ദ്രന്‍സ് മാധവന്‍ മാഷെ മനോഹരമാക്കുന്നുണ്ട്.
മുമ്പായിരുന്നുവെങ്കില്‍ ഇന്ദ്രന്‍സിനെ പോലൊരു നടന് ചിന്തിക്കാന്‍ പോലുമാകാത്ത വേഷമായിരുന്നു മാധവന്‍ മാഷുടേത്. ഒരുപക്ഷേ, നായക ഗുണങ്ങളെല്ലാം ഒത്തിണങ്ങിയ മറ്റേതെങ്കിലുമൊരു താരത്തിന് കൊടുക്കാവുന്ന വേഷമാണത്. ഇന്ദ്രന്‍സ് എന്ന നടന്റെ കഴിവിലര്‍പ്പിച്ച വിശ്വാസത്തിലൂടെയാണ് കഥാപാത്രത്തെ കെട്ടിയുയര്‍ത്തിയിരിക്കുന്നത്.
ഇന്ദ്രന്‍സിന്റേയും മധുബാലയുടേയും വേഷങ്ങള്‍ കഴിഞ്ഞാല്‍ ചെറുതെങ്കിലും മനോഹരമായി തുന്നിവെച്ച കഥാപാത്രമാണ് അപര്‍ണയുടെ ജാനകി. മലയാളത്തിലും ഹിന്ദിയിലുമെല്ലാം പാട്ടുകളുള്ള സിനിമയില്‍ അപര്‍ണയും സംഘവും അവതരിപ്പിക്കുന്ന നൃത്തരംഗത്തെ അതിമനോഹര പശ്ചാതലത്തിലാണ് കാഴ്ചവെച്ചിരിക്കുന്നത്. വാരാണസിയുടെ പൗരാണികതയെ നൃത്തവുമായി ചേര്‍ത്ത് വലിയ ക്യാന്‍വാസില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മാത്രം മതിയാകും ഫായിസ് സിദ്ദീഖിന്റെ ക്യാമറയുടെ മാന്ത്രികത മനസ്സിലാക്കാന്‍. വാരാണസിയെ ഇത്രയും ഭംഗിയായി ഇതിനു മുമ്പ് മലയാള സിനിമ പകര്‍ത്തിയിട്ടുണ്ടാകുമോ എന്ന കാര്യം സംശയമാണ്. ഗംഗാ നദിയിലെ രാത്രി തോണി ദൃശ്യം നെടുനീളനായിട്ടു പോലും അതിനെ മനോഹാരിതകൊണ്ട് അടയാളപ്പെടുത്തിവെച്ചിരിക്കുന്നു ക്യാമറ. വാരാണസി കണ്ടിട്ടില്ലാത്തവര്‍ക്ക് അവിടെ പോകാന്‍ തോന്നിപ്പിക്കും ക്യാമറക്കാഴ്ചകള്‍.
![]()
വാരാണസി പോലൊരു ഉത്തരേന്ത്യന്‍ തീര്‍ഥാടന കേന്ദ്രത്തെ ദക്ഷിണേന്ത്യന്‍ കാഴ്ചപ്പാടിലൂടെയാണ് അവതരിപ്പിക്കുന്നത്. അതോടൊപ്പം കാഴ്ചയുടെ രസതന്ത്രങ്ങള്‍ തങ്ങളുടേതു മാത്രമാക്കിവെച്ച പുരുഷ സംവിധായകരുടെ നോട്ടത്തില്‍ നിന്നുള്ള മാറ്റവും ഈ സിനിമ അനുഭവിപ്പിക്കുന്നുണ്ട്. സംവിധായിക തന്നെയാണ് രചനയും നിര്‍വഹിച്ചിരിക്കുന്നത് എന്നതിനാല്‍ എഴുത്തിന്റേയും കാഴ്ചപ്പാടിന്റേയും മാസ്മരിക ലോകം തന്നെ സിനിമാ പ്രേമികള്‍ക്ക് മുമ്പില്‍ ഈ ചിത്രം തുറന്നുവെക്കുന്നു.
മോക്ഷവും ആരാധനയുമാണ് കാശി യാത്രയുടെ ലക്ഷ്യമെങ്കില്‍ ലീല ആഗ്രഹിക്കുന്നത് അതൊന്നുമായിരുന്നില്ല. കാശി അവള്‍ക്കൊരു ബാല്യകാല സ്വപ്‌നത്തിലേക്കുള്ള യാത്ര മാത്രമായിരുന്നു. ആരാധനയ്ക്കപ്പുറം സ്വയം അറിയാനുള്ള വല്ലാത്തൊരു യാത്ര. അത്രയും കാലം അടക്കിപ്പിടിച്ചതെല്ലാം കാശി അവള്‍ക്കായി ഒരുക്കിവെക്കുന്നുണ്ട്. താന്‍ സ്വപ്‌നത്തില്‍ കണ്ട കാശിയല്ല ഇതെന്ന് ലീല തിരിച്ചറിയുമ്പോള്‍, സ്വപ്‌നം കണ്ട അതേ കണ്ണുകൊണ്ട് കാണാന്‍ ശ്രമിച്ചാല്‍ അതെല്ലാം മുമ്പില്‍ അനുഭവിക്കാനാവുമെന്ന മാധവന്‍ മാഷിന്റെ പാഠമാണ് അവളെ മാറ്റിയെടുക്കുന്നത്.
കാശിയിലെ രണ്ടു ദിവസം മാത്രമാണ് സിനിമയുടെ കഥാപശ്ചാതലം. ആ കുറഞ്ഞ സമയത്തിനകം തന്നെ തന്റെയുള്ളിലെ കുട്ടിയെ സിനിമ പുറത്തേക്കെടുക്കുന്നുണ്ട്. പ്രണയത്തിനപ്പുറം ഉള്ളറിയാനാവുന്ന രണ്ടുപേരുടെ രണ്ടു ദിവസമെന്നു വേണമെങ്കിലും ഈ ചിത്രത്തെ വിളിക്കാനാവും. സംസാരിച്ച് സംസാരിച്ച് ആത്മാവിനെ ഉള്ളംകയ്യില്‍ പിടിച്ച് സമ്മാനിക്കുന്നതുപോലുള്ള വല്ലാത്തൊരു അനുഭവമാണത്.
കാശിയെന്ന മഹാനഗരിയെ ലീലയെ എന്ന പോലെ മാധവന്‍ മാഷും ഉള്ളിലേക്കെടുത്തിട്ടില്ല. ജീവിതത്തിലെ പല വേഷങ്ങള്‍ കാണാവുന്ന ഒരിടമെന്നതിലുപരി ആത്മീയത മാഷിലേക്കെത്തിയിട്ടില്ല. ലീലയ്ക്കാകട്ടെ തന്റെ തഞ്ചാവൂര്‍ തന്നെയാണ് പ്രിയപ്പെട്ട ഇടം. തഞ്ചാവൂരിലെ വസ്ത്രങ്ങളും ദോശയും ചട്‌നിയും ഉള്‍പ്പെടെ ലീലയുടെ അഭിമാന ചിഹ്നങ്ങളാണ്. കാശിയിലെ ലസ്സിയേക്കാള്‍ മാധവന്‍ മാഷ് ഇഷ്ടപ്പെടുന്നത് കോഴിക്കോടന്‍ ഹല്‍വയാണ്. കാശിയിലെ മട്ടന്‍ ബിരിയാണിയുടെ സ്വാദില്‍ മാത്രം അയാള്‍ വീണുപോയിട്ടുണ്ട്.
അപരിചിതത്വവും സൗഹൃദവും സന്തോഷവും പ്രണയവും വിരഹവുമെല്ലാം കഥാപാത്രങ്ങളില്‍ മാറിമാറി പ്രകടമാകുന്നുണ്ട്. ഈ വികാരങ്ങളെയെല്ലാം ഇന്ദ്രന്‍സും മധുബാലയും തന്മയത്വത്തോടെയാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
ഒറ്റ രംഗത്തു മാത്രം പ്രത്യക്ഷപ്പെടുന്ന വിഷ്ണു അഗസ്ത്യ സിനിമയിലെ മറ്റൊരു നോവായി അവശേഷിക്കുന്നുണ്ട്. അപര്‍ണയാകട്ടെ നൃത്തവും ഭാവവും സംഭാഷണവുംകൊണ്ട പ്രേക്ഷക പ്രീതി പിടിച്ചു പറ്റുന്നുണ്ട്.
തിരക്കഥയുടെ ശക്തിപോലെ ആഴത്തിലേക്കിറങ്ങിച്ചെല്ലുന്ന സംഭാഷണങ്ങളാണ് ചിന്ന ചിന്ന ആസൈയുടെ മറ്റൊരു പ്രത്യേകത. ജീവിതവും മരണവും ഒരുപോലെ ആടിത്തിമര്‍ക്കുന്ന ഗംഗാ തീരത്തിരുന്ന് തത്വചിന്തയ്ക്കപ്പുറം, ജീവനിലേക്കും ജീവിതത്തിലേക്കും വേരോടിക്കുന്ന വാക്കുകളാണ് കഥാപാത്രങ്ങള്‍ പറയുന്നത്. അതാകട്ടെ സിനിമയ്ക്ക് വേണ്ടി വെട്ടിയൊതുക്കി ഉണ്ടാക്കിയതാണെന്ന് തോന്നിക്കുകയുമില്ല. തഞ്ചാവൂരില്‍ നിന്നെത്തിയ ലീല മലയാളിയായ മാധവന്‍ മാഷോടാണ് സംസാരിക്കുന്നതെന്നും തങ്ങള്‍ അതിനടുത്തെവിടെയോ ഇരിക്കുന്നുണ്ടെന്നും ഇതൊക്കെ കാണുന്നുണ്ടെന്നും പ്രേക്ഷകര്‍ക്ക് തോന്നിപ്പോകും.
ഗോവിന്ദ് വസന്തയുടെ പശ്ചാതല സംഗീതത്തിന് വാരാണസിയുടെ ശബ്ദസാന്നിധ്യം സൃഷ്ടിക്കാനായിട്ടുണ്ട്. റെക്‌സണ്‍ ജോസഫിന്റെ എഡിറ്റിംഗാകട്ടെ സിനിമയുടെ ഹൃദയതാളം പകര്‍ത്തുന്നതില്‍ വിജയിക്കുകയും ചെയ്തു.
കാശിയിലെത്തുന്നവര്‍ അവരുടെ പ്രിയപ്പെട്ട ഒന്ന് അവിടെ ഉപേക്ഷിച്ചു പോകുന്നു എന്നാണ് പറയപ്പെടാറുള്ളത്. എന്നാല്‍ ലീലയ്ക്ക് പ്രിയപ്പെട്ട ഒന്ന് കിട്ടുകയാണ് ചെയ്തതെന്നാണ് ഒരു കഥാപാത്രം പറയുന്നത്. നേട്ടമെന്നും നഷ്ടമെന്നുമൊക്കെ മനുഷ്യന്‍ പേരിട്ടു വിളിക്കുന്ന പല സംഗതികളുടേയും യാഥാര്‍ഥ്യമെന്തെന്ന് അപ്പപ്പോള്‍ തന്നെ അറിഞ്ഞുകൊള്ളണമെന്നില്ലല്ലോ.
ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് ചിന്ന ചിന്ന ആസൈ നിര്‍മിച്ചിരിക്കുന്നത്. ഫീല്‍ഗുഡ് മൂവി എന്ന നിലയില്‍ തിയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ വല്ലാത്തൊരു അനുഭവമായിരിക്കും മനസ്സിനകത്തേക്ക് ഈ സിനിമ പ്രൊജക്ടര്‍ വെളിച്ചത്തില്‍ സമ്മാനിച്ചിട്ടുണ്ടാകുക.




English (US) ·