Published: August 10, 2025 07:25 AM IST
1 minute Read
ബെംഗളൂരു ∙ ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു നഗരത്തിൽ നിന്നു 30 കിലോമീറ്റർ മാറി 80,000 ഇരിപ്പിടങ്ങളുള്ള പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. തെക്കൻ ബെംഗളൂരുവിലെ ബൊമ്മസന്ദ്രയ്ക്കു സമീപം സൂര്യസിറ്റിയിൽ 100 ഏക്കർ സ്ഥലത്ത് 1650 കോടി രൂപ ചെലവിൽ ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടെയുള്ള സ്പോർട്സ് കോംപ്ലക്സ് നിർമിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുമതി നൽകി.
നിർമാണം പൂർത്തിയായാൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം കഴിഞ്ഞാൽ രാജ്യത്തെ വലിയ സ്റ്റേഡിയമാകും ഇത്. 8 ഇൻഡോർ, ഔട്ട്ഡോർ സ്പോർട്സ് ഗ്രൗണ്ടുകൾ, അത്യാധുനിക ജിം, പരിശീലന സൗകര്യങ്ങൾ, നീന്തൽക്കുളങ്ങൾ, ഗസ്റ്റ് ഹൗസുകൾ, ഹോസ്റ്റലുകൾ, ഹോട്ടലുകൾ, രാജ്യാന്തര പരിപാടികൾക്കായി കൺവൻഷൻ ഹാൾ എന്നിവ സ്പോർട്സ് കോംപ്ലക്സിൽ ഉണ്ടാകും. സ്റ്റേഡിയം യാഥാർഥ്യമായാൽ രാജ്യാന്തര മത്സരങ്ങളും ഐപിഎൽ മത്സരങ്ങളുമെല്ലാം ഇവിടെയാകും.
കഴിഞ്ഞ ജൂണിൽ നഗരമധ്യത്തിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സിന്റെ ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സ്റ്റേഡിയം നിർമിക്കുന്നത്.
17 ഏക്കർ സ്ഥലത്ത് 35000 ഇരിപ്പിടങ്ങൾ മാത്രമുള്ള ചിന്നസ്വാമി സ്റ്റേഡിയം വലിയ മത്സരങ്ങൾക്കു യോജ്യമല്ലെന്നു ദുരന്തത്തെപ്പറ്റി അന്വേഷിച്ച ജുഡീഷ്യൽ കമ്മിഷൻ വ്യക്തമാക്കിയിരുന്നു. ഈ വർഷത്തെ വനിതാ ലോകകപ്പ് മത്സരങ്ങളും 2026 ലെ ഐപിഎൽ മത്സരങ്ങളും ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്തുന്ന കാര്യം സംശയത്തിലാണ്.
English Summary:








English (US) ·