Published: April 20 , 2025 03:18 PM IST Updated: April 20, 2025 07:09 PM IST
1 minute Read
മുല്ലൻപുർ∙ ഐപിഎലിൽ പഞ്ചാബ് കിങ്സിനെതിരെ എവെ ഗ്രൗണ്ടിൽ വിജയവുമായി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. മുല്ലൻപുരിൽ ഏഴു വിക്കറ്റ് വിജയമാണ് ആർസിബി നേടിയത്. ആദ്യം ബാറ്റു ചെയ്ത പഞ്ചാബിനെ 157 റണ്‍സിൽ ഒതുക്കിയ ബെംഗളൂരു 18.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിലെത്തി.
വിരാട് കോലി അർധ സെഞ്ചറി അടിച്ച് പുറത്താകാതെനിന്നു. 54 പന്തുകൾ നേരിട്ട കോലി 73 റൺസാണു നേടിയത്. 35 പന്തുകൾ നേരിട്ട മലയാളി താരം ദേവ്ദത്ത് പടിക്കൽ 61 റൺസെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തിൽ തന്നെ ഫിൽ സോൾട്ട് പുറത്തായി. എന്നാൽ അർധ സെഞ്ചറി നേടിയ വിരാട് കോലിയും ദേവ്ദത്ത് പടിക്കലും ചേർന്ന് ആർസിബിയെ 100 കടത്തി. സ്കോർ 109 ഉള്ളപ്പോൾ ദേവ്ദത്തിനെ ഹർപ്രീത് ബ്രാർ പുറത്താക്കി. ക്യാപ്റ്റൻ രജത് പാട്ടീദാർ 12 റൺസുമായി മടങ്ങി. 11 റൺസെടുത്ത ജിതേഷ് ശർമ സിക്സടിച്ചാണ് ആർസിബിയെ ജയിപ്പിച്ചത്.
എട്ടു മത്സരങ്ങളിൽ അഞ്ചു വിജയങ്ങളുള്ള ആർസിബി പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരാണ്. വെള്ളിയാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സ് ബെംഗളൂരുവിനെ നാണംകെടുത്തിയിരുന്നു. അഞ്ച് വിക്കറ്റ് വിജയമാണ് പഞ്ചാബ് അന്നു നേടിയത്. 14 ഓവറായി ചുരുക്കിയ മത്സരത്തിൽ ബെംഗളൂരു ഒൻപതിന് 95 റൺസെടുത്തപ്പോൾ, 12.1 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് വിജയറൺസ് കുറിച്ചു. ഈ തോൽവിക്കുള്ള മധുര പ്രതികാരം കൂടിയായി ഇന്നത്തെ വിജയം. ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബെംഗളൂരുവിന് ഇതുവരെ ജയിക്കാനായിട്ടില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്യാനിറങ്ങിയ പഞ്ചാബ് ആറു വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. 17 പന്തിൽ 33 റണ്‍സെടുത്ത പ്രബ്സിമ്രൻ സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. ശശാങ്ക് സിങ് (33 പന്തിൽ 31), ജോഷ് ഇംഗ്ലിസ് (17 പന്തിൽ 29), മാർകോ യാൻസൻ (20 പന്തിൽ 25), പ്രിയൻഷ് ആര്യ (15 പന്തിൽ 22) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി.
മികച്ച തുടക്കം ലഭിച്ചിട്ടും പഞ്ചാബ് കിങ്സിനു വലിയ സ്കോറിലെത്താൻ സാധിച്ചില്ല. കൃത്യമായ ഇടവേളകളിൽ ആർസിബി ബോളർമാർ വിക്കറ്റു വീഴ്ത്തിയതോടെ പഞ്ചാബ് പ്രതിരോധത്തിലായി. ക്രുനാൽ പാണ്ഡ്യയെറിഞ്ഞ അഞ്ചാം ഓവറിലാണു പഞ്ചാബിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. പ്രിയൻഷ് ആര്യയെ ടിം ഡേവിഡ് ക്യാച്ചെടുത്തു പുറത്താക്കി. പ്രബ്സിമ്രൻ സിങ്ങിനെയും ക്രുനാൽ തന്നെ മടക്കി.
പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെ റൊമാരിയോ ഷെഫെഡ് ക്രുനാലിന്റെ കൈകളിലെത്തിച്ചതോടെ കളി ആര്‍സിബിയുടെ നിയന്ത്രണത്തിലായി. നേഹൽ വധേരയും (അഞ്ച്), മാർകസ് സ്റ്റോയ്നിസും ഒന്ന്) ചെറിയ സ്കോറുകൾക്കു പുറത്തായി. അവസാന ഓവറുകളില്‍ ശശാങ്ക് സിങ്ങും മാർകോ യാൻസനും നടത്തിയ ചെറുത്തുനിൽപാണ് പഞ്ചാബിനെ 150 കടത്തിയത്. ബെംഗളൂരുവിനായി ക്രുനാൽ പാണ്ഡ്യയും സുയാഷ് ശർമയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
English Summary:








English (US) ·