ചിന്നസ്വാമിയിൽ വട്ടംവരച്ച് നടുവിൽ ബാറ്റും കുത്തിനിർത്തി രാഹുലിന്റെ മാസ് പ്രകടനം; പ്രചോദനം മലയാളത്തിലും ഹിറ്റായ ഈ സിനിമ – വിഡിയോ

9 months ago 7

ഓൺലൈൻ ഡെസ്‌ക്

Published: April 11 , 2025 05:17 PM IST

2 minute Read

ആർസിബിക്കെതിരായ മത്സരത്തിനിടെ കെ.എൽ. രാഹുൽ, കാന്താര  എന്ന സിനിമയിൽ ഋഷഭ് ഷെട്ടി (എക്സിൽ പങ്കുവച്ച ചിത്രങ്ങൾ)
ആർസിബിക്കെതിരായ മത്സരത്തിനിടെ കെ.എൽ. രാഹുൽ, കാന്താര എന്ന സിനിമയിൽ ഋഷഭ് ഷെട്ടി (എക്സിൽ പങ്കുവച്ച ചിത്രങ്ങൾ)

ബെംഗളൂരു ∙ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ (ആർസിബി) അവരുടെ തട്ടകത്തിൽ പുറത്തെടുത്ത തട്ടുപൊളിപ്പൻ പ്രകടനത്തിനു പിന്നാലെ, ‘ഇത് എന്റെ ഗ്രൗണ്ടാ’ണ് എന്ന തരത്തിൽ ഡൽഹി ക്യാപിറ്റൽസ് താരം കെ.എൽ. രാഹുൽ നടത്തിയ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ഈ ആഘോഷത്തിനു പിന്നിൽ തന്റെ പ്രിയപ്പെട്ട സിനിമകളിലൊന്നായ ‘കാന്താര’ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുൽ. ഈ ആഘോഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ്, എന്തുകൊണ്ടാണ് പതിവില്ലാത്ത വിധം അത്തരമൊരു ആഘോഷത്തിനു മുതിർന്നത് എന്ന് രാഹുൽ വിശദീകരിച്ചത്.

മത്സരത്തിനുശേഷം ഡൽഹി ക്യാപിറ്റൽസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലാണ്, ഇത്തരമൊരു ആഘോഷത്തിന് തന്നെ പ്രേരിപ്പിച്ചത് തന്റെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ ‘കാന്താര’യാണെന്ന രാഹുലിന്റെ വെളിപ്പെടുത്തൽ. ഋഷഭ് ഷെട്ടിക്ക് ദേശീയ പുരസ്കാരം പോലും നേടിക്കൊടുത്ത ചിത്രം, മൊഴിമാറ്റി മലയാളത്തിലും റിലീസ് ചെയ്തിരുന്നു.

‘‘ഇത് എന്റെ ഗ്രൗണ്ടാണ്. എന്റെ വീട്. മറ്റ് ആരേക്കാളും ഈ ഗ്രൗണ്ടിനെ എനിക്കറിയാം’ – മത്സരശേഷം സംസാരിക്കുമ്പോൾ രാഹുൽ പറഞ്ഞു. മത്സരശേഷം ഡൽഹി ക്യാപിറ്റൽസ് പങ്കുവച്ച വിഡിയോയിലാണ്, തന്റെ വൈറൽ ആഘോഷത്തിനു പിന്നിലെ ‘കാന്താര സ്വാധീനം’ രാഹുൽ തുറന്നുപറഞ്ഞത്.

‘‘എന്നെ സംബന്ധിച്ച് വളരെ പ്രത്യേകതകളുള്ള സ്ഥലമാണിത്. എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നായ ‘കാന്താര’യിൽ നിന്നുള്ള ഒരു രംഗത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അത്തരമൊരു ആഘോഷത്തിന് തുനിഞ്ഞത്. അതായത്, ഈ ഗ്രൗണ്ടിലാണ്, ഈ വീട്ടിലാണ്, ഈ ടർഫിലാണ് ഞാൻ കളിച്ച് വളർന്നതെന്നും ഇത് എന്റെ സ്വന്തം ഇടമാണെന്നുമുള്ള ഒരു ചെറിയ ഓർമപ്പെടുത്തൽ’ – രാഹുലിന്റെ വാക്കുകൾ.

നേരത്തെ, കളിച്ചു വളർന്ന ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉജ്വല അർധ സെഞ്ചറിയുമായി കെ.എൽ.രാഹുൽ ബാറ്റിങ്ങിന്റെ നെടുംതൂണായതോടെ (53 പന്തിൽ 93 നോട്ടൗട്ട്), ബെംഗളൂരു റോയൽ ചാലഞ്ചേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസ് 6 വിക്കറ്റ് ജയം കുറിച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത ബെംഗളൂരുവിനെ 163 റൺസിൽ പിടിച്ചുനിർത്തിയ ഡൽഹി 13 പന്തുകളും 6 വിക്കറ്റുകളും ബാക്കിനിൽക്കെ ജയമുറപ്പിച്ചു. സ്കോർ: ബെംഗളൂരു– 20 ഓവറിൽ 7ന് 163. ഡൽഹി–17.5 ഓവറിൽ 4ന് 169. രാഹുലാണ് പ്ലെയർ ഓഫ് ദ് മാച്ച്. പരാജയമറിയാതെ മുന്നേറുന്ന ഡൽഹിയുടെ നാലാം ജയമാണിത്.

164 റൺസിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയെ വിറപ്പിച്ചാണ് ബെംഗളൂരു പേസർമാർ തുടങ്ങിയത്. രണ്ടാം ഓവറിൽ ഫാഫ് ഡുപ്ലെസിയും (2) മൂന്നാം ഓവറിൽ ജേക് ഫ്രേസർ മക്ഗുർക്കും (7) പുറത്തായി. എന്നാൽ നാലാം ഓവറിൽ വ്യക്തിഗത സ്കോർ അഞ്ചിൽനിൽക്കെ രാഹുലിന്റെ ക്യാച്ച് പാട്ടിദാറിന്റെ കയ്യിൽനിന്നു വഴുതിപ്പോയത് വഴിത്തിരിവായി.

ബോളിങ്ങിന് അനുകൂലമായ പിച്ചിൽ കരുതലോടെയായിരുന്നു രാഹുലിന്റെ തുടക്കം. ആദ്യ 29 പന്തിൽ 29 റൺസ് മാത്രം നേടിയ താരം 12–ാം ഓവറിൽ ക്രുനാൽ പാണ്ഡ്യയ്ക്കെതിരെ ഒരു സിക്സും ഫോറും നേടി ഫോമിലായി. 14 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 99 എന്ന നിലയിലായിരുന്ന ഡൽഹിക്ക് അടുത്ത 6 ഓവറിൽ 65 റൺസായിരുന്നു ലക്ഷ്യം. ജോഷ് ഹെയ്സൽവുഡ‍് എറി​ഞ്ഞ 15–ാം ഓവറിൽ 22 റൺസ് നേടിയ രാഹുൽ റൺറേറ്റിന്റെ സമ്മർദം അകറ്റി ഡൽഹിയുടെ ചേസിങ് സുഗമമാക്കി. അഞ്ചാം വിക്കറ്റിൽ ട്രിസ്റ്റൻ സ്റ്റബ്സുമൊത്ത് (23 പന്തിൽ 38 നോട്ടൗട്ട്) രാഹുൽ 55 പന്തിൽ 111 റൺസ് നേടി.

English Summary:

KL Rahul's Kantara Celebration Goes Viral After RCB Match

Read Entire Article