Published: November 10, 2025 06:11 PM IST
1 minute Read
തിരുവനന്തപുരം∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ തിരിച്ചടിച്ച് സൗരാഷ്ട്ര. ആദ്യ ഇന്നിങ്സിൽ 73 റൺസിന്റെ ലീഡ് വഴങ്ങിയ സൗരാഷ്ട്ര, മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റിന് 351 റൺസെന്ന നിലയിലാണ്. ഒരു ദിവസത്തെ കളി കൂടി ബാക്കിയിരിക്കെ സൗരാഷ്ട്രയ്ക്ക് ഇപ്പോൾ 278 റൺസിന്റെ ലീഡുണ്ട്. പ്രേരക് മങ്കാദ് (52*), അൻഷ് ഗോസായി (1*) എന്നിവരാണ് ക്രീസിൽ.
ചിരാഗ് ജാനിയുടെ (152) സെഞ്ചറിയാണ് സൗരാഷ്ട്രയ്ക്കു കരുത്തായത്. ആദ്യ ഇന്നിങ്സിൽ തകർന്നടിഞ്ഞ സൗരാഷ്ട്രയുടെ ബാറ്റിങ് നിര ഫോം വീണ്ടെടുത്തതാണ് മൂന്നാം ദിവസം കണ്ടത്. കളി തുടങ്ങി രണ്ടാം ഓവറിൽ തന്നെ ജയ് ഗോഹിലിന്റെയും വൈകാതെ ഗജ്ജർ സമ്മാറിന്റെയും വിക്കറ്റുകൾ നഷ്ടമായെങ്കിലും സൗരാഷ്ട്ര ശക്തമായി തിരിച്ചു വന്നു. 24 റൺസെടുത്ത ജയ് ഗോഹിൽ നിധീഷിന്റെ പന്തിൽ എൽബിഡബ്ല്യു ആയപ്പോൾ 31 റൺസെടുത്ത ഗജ്ജറിനെ ബേസിൽ എൻ.പി ക്ലീൻ ബൗൾഡാക്കുകയായിരുന്നു.
എന്നാൽ അർപ്പിത് വസവദയും ചിരാഗ് ജാനിയും ചേർന്ന കൂട്ടുകെട്ട് സൗരാഷ്ട്രയ്ക്ക് കരുത്തായി. കരുതലോടെ ബാറ്റ് ചെയ്ത ഇരുവരും ചേർന്ന് വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ ദിവസത്തിന്റെ ആദ്യ പകുതി പൂർത്തിയാക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റിന് 159 റൺസെന്ന നിലയിലായിരുന്നു സൗരാഷ്ട്ര. നിലയുറപ്പിച്ചതോടെ ഇരുവരും ചേർന്ന് അനായാസം ഇന്നിങ്സ് മുന്നോട്ടു നീക്കി. അർപ്പിത് അർധസെഞ്ചറിയും ചിരാഗ് സെഞ്ചറിയും പൂർത്തിയാക്കി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 174 റൺസാണ് കൂട്ടിച്ചേർത്തത്. 74 റൺസെടുത്ത അർപ്പിതിനെ പുറത്താക്കി ബാബ അപരാജിത്താണ് കൂട്ടുകെട്ട് പൊളിച്ചത്.
തുടർന്ന് ചിരാഗിന് കൂട്ടായി പ്രേരക് മങ്കാദ് എത്തിയതോടെ സൗരാഷ്ട്രയുടെ സ്കോറിങ് വേഗത്തിലായി. ഇരുവരും ചേർന്ന് 17 ഓവറിൽ 105 റൺസ് കൂട്ടിച്ചേർത്തു. 152 റൺസെടുത്ത ചിരാഗ് ജാനിയെ ബേസിൽ പന്തിൽ ക്ലീൻ ബൗൾഡാക്കി. 14 ബൌണ്ടറിയും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു ചിരാഗിന്റെ ഇന്നിങ്സ്. കേരളത്തിന് വേണ്ടി നിധീഷും ബേസിലും രണ്ട് വിക്കറ്റ് വീതവും അപരാജിത് ഒരു വിക്കറ്റും വീഴ്ത്തി.
English Summary:








English (US) ·