
'അപൂർവ്വ പുത്രന്മാർ' പോസ്റ്ററുകൾ | Photos: facebook.com/BibinGeorge.onair
ശ്രീനിവാസനും വിനീത് ശ്രീനിവാസനും അച്ഛനും മകനുമായെത്തിയ മകന്റെ അച്ഛന്‍, കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒന്നിച്ചെത്തിയ റോമന്‍സ്, ഫഹദ് ഫാസിലിന്റെ ട്രാന്‍സ് തുടങ്ങിയ ചിത്രങ്ങളെല്ലാം ഇരുകൈയും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്. ആള്‍ദൈവങ്ങളേയും അന്ധവിശ്വാസങ്ങളേയും 'കൊട്ടുന്ന' ഈ ചിത്രങ്ങള്‍ ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താതെയാണ് വെള്ളിത്തിരയിലൂടെ സാമൂഹ്യയാഥാര്‍ഥ്യങ്ങളെ തുറന്നുകാണിച്ചത്. അക്കൂട്ടത്തിലേക്ക് മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി എത്തിയിരിക്കുകയാണ് - രജിത് ആർ.എൽ, ശ്രീജിത്ത് എന്നിവർ സംവിധാനം ചെയ്ത അപൂര്‍വ്വ പുത്രന്മാര്‍.
വിഷ്ണു ഉണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ലാലു അലക്‌സ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം കോമഡി-ആക്ഷന്‍-ത്രില്ലര്‍ മട്ടിലാണ് പുരോഗമിക്കുന്നത്. എന്നാല്‍ രണ്ടാം പകുതിയിലേക്ക് കടന്നശേഷം ചിത്രം ഗതിമാറ്റി സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ കേന്ദ്രീകരിക്കുന്നു. എന്നാല്‍ കോമഡി-ത്രില്ലര്‍ ട്രാക്കില്‍ നിന്ന് പാളംതെറ്റാതെയാണ് അപ്പോഴും ചിത്രം മുന്നോട്ട് പോകുന്നത്.
ലാലു അലക്‌സ് അവതരിപ്പിച്ച സെബാസ്റ്റ്യന്റെ 'തെമ്മാടികളായ' രണ്ട് പുത്രന്മാരായാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും എത്തുന്നത്. അശോകന്‍ അവതരിപ്പിച്ച പള്ളീലച്ചനും ഇവര്‍ക്കൊപ്പമുണ്ട്. അപ്രതീക്ഷിതമായുള്ള സെബാസ്റ്റ്യന്റെ മരണത്തോടെയാണ് കഥയുടെ ട്രാക്ക് മാറുന്നത്. അന്ത്യകര്‍മ്മങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം സാധിക്കാനായി മക്കള്‍ ചെയ്യുന്നൊരു 'കടുംകൈ'യും തുടര്‍ന്ന് അരങ്ങേറുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വില്ലന്‍ വേഷത്തിലെത്തിയ നിഷാന്ത് സാഗറും തന്റെ ഭാഗം ഭംഗിയാക്കി. വൈകാരികമായ ചില രംഗങ്ങള്‍ പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കാന്‍ പോന്നതാണ്.
അന്ധവിശ്വാസങ്ങള്‍ക്ക് സമൂഹം എപ്രകാരമാണ് അടിമപ്പെടുന്നതെന്നും തന്ത്രശാലിയായ ഏതൊരാള്‍ക്കും ആളുകളെ അപ്രകാരം കബളിപ്പിക്കാനും അതുവഴി പണമുണ്ടാക്കുന്നത് ഉള്‍പ്പെടെയുള്ള ചൂഷണങ്ങള്‍ നടത്താമെന്നുമുള്ള സന്ദേശമാണ് ആത്യന്തികമായി ചിത്രം നല്‍കുന്നത്. രോഗശാന്തിയും കാര്യസാധ്യവുമുള്‍പ്പെടെ മനുഷ്യരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്ന ഒരു പത്രവും അത് ഏതുതരത്തിലാണ് മാര്‍ക്കറ്റ് ചെയ്യപ്പെടുന്നതെന്നുമെല്ലാം വളരെ രസകരമായി തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒന്ന് പാളിയാല്‍ കൈവിട്ട് പോയേക്കാവുന്ന വിഷയത്തെ കൈയടക്കത്തോടെ സമീപിച്ചതില്‍ സംവിധായകര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
തെലുങ്കില്‍ നിരവധി സിനിമകളിലൂടെ ശ്രദ്ധേ നേടിയ പായല്‍ രാധാകൃഷ്ണ, കന്നഡയിലൂടെ അരങ്ങേറിയ അമൈറ ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഒപ്പം അലന്‍സിയര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബാലാജി ശര്‍മ്മ, സജിന്‍ ചെറുകയില്‍, ഐശ്വര്യ ബാബു, ജീമോള്‍ കെ. ജെയിംസ്, പൗളി വത്സന്‍, മീനരാജ് പള്ളുരുത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. സംസാരശേഷിയില്ലാത്ത കഥാപാത്രമായെത്തിയ ബാലാജി ശര്‍മ്മയുടെ പ്രകടനം മികച്ചതായിരുന്നു.
ആരതി കൃഷ്ണയാണ് ചിത്രത്തിന്‍റെ നിർമ്മാതാവ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് ശിവ അഞ്ചൽ, രജിത്ത് ആർ.എൽ, സജിത്ത് എസ് എന്നിവർ ചേർന്നാണ്.
അന്ധവിശ്വാസത്തിന് വലിയ പ്രചാരം ലഭിക്കുന്ന ഇക്കാലത്ത് 'അപൂര്‍വ്വ പുത്രന്മാര്‍'ക്ക് ടിക്കറ്റെടുക്കുന്നത് ഓരോരുത്തര്‍ക്കും സ്വയം ചൂഷണം ചെയ്യപ്പെടാന്‍ നിന്നുകൊടുക്കേണ്ടതുണ്ടോ എന്ന ആത്മപരിശോധനയ്ക്കുള്ള അവസരമാണ്. ഒപ്പം ഫീല്‍ഗുഡ് കോമഡി-ത്രില്ലര്‍ സിനിമാറ്റിക് അനുഭവവും ലഭിക്കുന്നു.
വാൽക്കഷ്ണം: ചിത്രം കഴിഞ്ഞാലും ആരും തിയേറ്റർ വിട്ട് പോകരുത്. രസകരമായൊരു ടെയിൽ എൻഡ് സീൻ കൂടിയുണ്ട്.
Content Highlights: Apoorva Puthranmar: Malayalam Movie Review
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·