ചിരിയുടെ തമ്പുരാൻ അന്ന് കരയിച്ചു

8 months ago 8

ഹദൂർക്ക മഹാറാണിയിലുണ്ടെന്നും വന്നാൽ കാണാമെന്നും വിളിച്ചുപറഞ്ഞത് സുഹൃത്തായ ഹോട്ടൽ റിസപ്‌ഷനിസ്റ്റാണ്. ത്രില്ലടിച്ചുപോയി ശരിക്കും. ജീവിതത്തിലൊരിക്കലെങ്കിലും നേരിൽ കാണാനാഗ്രഹിച്ച വ്യക്‌തിയിതാ കയ്യെത്തും ദൂരെ.

ഓർമ്മയിലുള്ള ആദ്യ ചലച്ചിത്രരംഗം പോലും ബഹദൂർക്കയുടേതാണ്. 'മിടുമിടുക്കി'യിൽ പൈനാപ്പിൾ പോലൊരു പെണ്ണ് എന്ന പാട്ട് പാടി സൈക്കിൾ ചവിട്ടുന്ന പൂവാലൻ. ഒടുവിൽ നിയന്ത്രണം നഷ്ടപ്പെട്ട സൈക്കിളുമായി ബഹദൂർക്ക ചെന്ന് പുഴയിൽ വീഴുമ്പോൾ കോട്ടക്കൽ രാധാകൃഷ്ണ ടാക്കീസിലെ കസേരയിലിരുന്ന് പൊട്ടിപ്പൊട്ടിച്ചിരിച്ച ആ എൽ പി സ്കൂൾ കുട്ടി ഒരിക്കലും പൂർണമായി ഒഴിഞ്ഞുപോവില്ലല്ലോ മനസ്സിൽ നിന്ന്. സുഖമുള്ള ഒരു ബഹദൂർ ബാധ.

എന്തുവന്നാലും ബഹദൂർക്കയെ ചെന്ന് കണ്ടേ പറ്റൂ. പറ്റുമെങ്കിൽ ഒരു അഭിമുഖവും തരപ്പെടുത്തണം.

ഒരു വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച്ച. ചെല്ലുമ്പോൾ അടുത്ത സുഹൃത്തും സിനിമാപ്രവർത്തകനുമായ രാംദാസേട്ടനുമുണ്ട് ബഹദൂർക്കയുടെ സ്യൂട്ടിൽ. ഒരു മേശക്കിരുപുറവും ഇരിക്കുന്നു ഇരുവരും. ചിരിയുടെ ലാഞ്ഛന പോലുമില്ല ഹാസ്യാഭിനയ ചക്രവർത്തിയുടെ മുഖത്ത്. ഗൗരവത്തിലാണ് ആൾ. ഹാസ്യനടന്മാർ നിത്യജീവിതത്തിൽ പൊതുവെ തമാശ പറയാറില്ലെന്നൊരു ചൊല്ലുണ്ടല്ലോ.

അഭിമുഖത്തിന് പറ്റിയ അന്തരീക്ഷമാണോ എന്ന സംശയം പ്രകടിപ്പിച്ചപ്പോൾ ബഹദൂർക്ക ഗൗരവത്തിൽ പറഞ്ഞു: 'അതെന്താ? ഞാൻ അത്ര ബോധമില്ലാത്തവനാണോ? നിങ്ങൾ ചോദ്യം ചോദിക്കും. കൊള്ളാവുന്ന ചോദ്യമെങ്കിൽ ഞാൻ ഉത്തരം തരും...'

എന്തായാലും തുടക്കം മോശമായില്ല. എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി.

bahadoor

മൂന്നോ നാലോ ചോദ്യങ്ങൾ കഴിഞ്ഞപ്പോൾ ബഹദൂർക്കയുടെ ഭാവം മാറുന്നു. ആദ്യമാദ്യം ഗൗരവത്തോടെ ഉത്തരം പറഞ്ഞ ആൾ പൊടുന്നനെ നിർദോഷ ചോദ്യങ്ങൾക്ക് മുന്നിൽ പോലും കുപിതനാകുന്നു. ഇടക്കിടെ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ പൊട്ടിത്തെറിക്കുന്നു. മറക്കാനാവാത്ത ചില കഥാപാത്രങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് കോപം അതിന്റെ മൂർദ്ധന്യത്തിലെത്തിയത്. 'നിങ്ങൾ ചെറുപ്പക്കാർക്കൊന്നും ബഹദൂറിനെ അറിയില്ല. ബഹദൂറിന്റെ കഥാപാത്രങ്ങളെ കുറിച്ചറിയില്ല.' ശബ്ദത്തിൽ ചെറിയൊരു ഇഴച്ചിൽ കലരുന്നുണ്ടോ ?

തൊട്ടു മുന്നിലിരുന്ന് രാംദാസേട്ടൻ ബഹദൂർക്കയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു: 'നിങ്ങൾക്ക് ഇഷ്ടപ്പെട്ട നിങ്ങളുടെ റോളുകളെക്കുറിച്ചല്ലേ അയാൾ ചോദിച്ചത്? അത് നിങ്ങൾക്കല്ലേ പറയാൻ പറ്റൂ.'

ബഹദൂർക്കയുണ്ടോ വഴങ്ങുന്നു? പിന്നീടൊരു ചോദ്യത്തിനും കൃത്യമായ ഉത്തരം നൽകിയില്ല അദ്ദേഹം. നൽകിയ ഉത്തരങ്ങൾക്ക് വ്യക്തതയുമുണ്ടായിരുന്നില്ല. വേച്ചുവേച്ചു കിടപ്പുമുറിയിലേക്ക് നടന്നുപോകുന്നതാണ് അവസാനം കണ്ടത്. മുറിയുടെ വാതിൽ എനിക്ക് മുന്നിൽ അടയുന്നു. ഇന്റർവ്യൂ മതിയാക്കി സ്ഥലം വിടാനുള്ള സിഗ്നലാണ്.

'സാരമില്ല. മൂപ്പര് ഇന്ന് അത്ര നല്ല മൂഡിലല്ല. അതാണ് പ്രശ്‍നം. ഇങ്ങനെയൊന്നും പെരുമാറുന്ന ആളല്ല. പരമസാധുവാണ്...' - രാംദാസേട്ടൻ വീണ്ടും സമാധാനിപ്പിക്കുന്നു.

ദുഃഖിതനായാണ് തിരിച്ചുപോന്നത്. ഇതല്ലല്ലോ പ്രതീക്ഷിച്ച കൂടിക്കാഴ്ച്ച. ചോദിക്കാനാഗ്രഹിച്ച ചോദ്യങ്ങൾ മനസ്സിൽ കുമിഞ്ഞുകൂടിക്കിടക്കുന്നു. ചിലപ്പോൾ കുഴപ്പം എന്റേതാകാം. ഈ മൂഡിലിരിക്കുമ്പോഴല്ല അദ്ദേഹത്തെ സമീപിക്കേണ്ടിയിരുന്നത്. ഇങ്ങനെയല്ല അദ്ദേഹവുമായി സംസാരിക്കേണ്ടിയിരുന്നത്. ജീവിതത്തിലാദ്യമായി ഒരു അഭിമുഖം ഇടക്കുവെച്ചു നിർത്തി ഇറങ്ങിപ്പോകേണ്ടി വന്നിരിക്കുന്നു. അതും പ്രിയപ്പെട്ട ഒരാളുമായി.

എങ്കിലും ബഹദൂർക്കയെ കുറിച്ച് എഴുതാതിരിക്കാനാവില്ലായിരുന്നു. അതൊരു വാശിയായി ഉള്ളിൽ കിടക്കുകയാണ്. കിട്ടിയ ഉത്തരങ്ങളും അറിയുന്ന വസ്തുതകളും ചേർത്ത് പിറ്റേ ആഴ്ച്ച തന്നെ ഇന്ത്യൻ എക്സ് പ്രസ്സിന്റെ ഫിലിം പേജിൽ ഒരു ലേഖനം എഴുതി. അത്ര ദീർഘമല്ലാത്ത കുറിപ്പ്. പക്ഷേ, അതിൽ ബഹദൂർ എന്ന നടനോടുള്ള എന്റെ ആദരവ് മുഴുവനുണ്ടായിരുന്നു. പലർക്കും ഇഷ്ടപ്പെട്ടു. അതെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. പക്ഷേ, ബഹദൂർക്ക... അദ്ദേഹം എങ്ങനെയാകും പ്രതികരിക്കുക? അതായിരുന്നു എന്റെ ആശങ്ക. അധികം കാത്തിരിക്കേണ്ടി വന്നില്ല ആ ചോദ്യത്തിനുത്തരം കിട്ടാൻ.

ആറോ ഏഴോ മാസം കഴിഞ്ഞിരിക്കണം. നിനച്ചിരിക്കാതെ മഹാറാണിയിൽ നിന്നൊരു ഫോൺ കോൾ. രാംദാസേട്ടനാണ് മറുതലയ്ക്കൽ. 'ബഹദൂർക്കയുടെ സ്യൂട്ടിൽ നിന്നാണ് വിളിക്കുന്നത്. താങ്കൾ അടിയന്തിരമായി ഇങ്ങോട്ടൊന്ന് വരണം. ബഹദൂർക്കക്ക് എന്തോ പറയാനുണ്ടത്രേ.'

'അത് വേണോ രാംദാസേട്ടാ? കഴിഞ്ഞ തവണത്തെ അനുഭവത്തിന് താങ്കൾ കൂടി സാക്ഷിയല്ലേ? ഇനിയും ശകാരം കേൾക്കാൻ വയ്യ. അദ്ദേഹത്തെ അത്രയും ഇഷ്ടപ്പെടുന്നത് കൊണ്ടാണ്' - എന്റെ മറുപടി.

രാംദാസേട്ടൻ ചിരിച്ചു. 'ഏയ്, മൂപ്പർ ഇന്ന് നല്ല മൂഡിലാണ്. സീരിയസ് ആയി എന്തോ പറയാനുണ്ടത്രേ. വന്നോളൂ. പഴയ അനുഭവം ആവർത്തിക്കില്ല.'

ചെറിയൊരു ഉൾക്കിടിലം തോന്നിയെന്നത് സത്യം. എഴുതിയത് വല്ലതും അദ്ദേഹത്തിന് ഇഷ്ടപ്പെടാതെ വന്നിരിക്കുമോ? എങ്കിലും വിളിച്ച സ്ഥിതിയ്ക്ക് പോയി കാണുക തന്നെ. സകല ധൈര്യവും സംഭരിച്ച് മഹാറാണിയിലെ മുറിയിൽ അന്ന് വൈകുന്നേരം തന്നെ ഹാജരാകുന്നു ഞാൻ.

ബഹദൂർക്കയുടെ മുഖത്ത് പതിവുപോലെ ഗൗരവം മാത്രം. പേര് പറഞ്ഞു രാംദാസേട്ടൻ പരിചയപ്പെടുത്തിയപ്പോൾ ഒരു നേർത്ത പുഞ്ചിരി ആ കണ്ണുകളിൽ മിന്നിമറഞ്ഞോ എന്നൊരു സംശയം. സംസാരമൊന്നുമില്ല. 'ബഹദൂർക്ക ഞാനെഴുതിയത് വായിച്ചുവോ? കുഴപ്പമൊന്നുമില്ലല്ലോ?' - ആകാംക്ഷയോടെ, ആശങ്കയോടെ എന്റെ ചോദ്യം.

ഒന്നും പറഞ്ഞില്ല അദ്ദേഹം. കൂടെ വരാൻ ആംഗ്യം കാണിച്ച്‌ അകത്തെ മുറിയിലേക്ക് നടക്കുക മാത്രം ചെയ്തു. പിന്നാലെ നടന്നു ചെല്ലുമ്പോൾ സസ്പെൻസ് അതിന്റെ ഉച്ചസ്ഥായിയിലെത്തിയിരുന്നു എന്റെ മനസ്സിൽ. എന്തായിരിക്കും വിധി എനിക്ക് വേണ്ടി ഇവിടെ കരുതിവെച്ചിരിക്കുക?

ചെന്നയുടൻ സ്വന്തം സൂട്ട് കേസ് എടുത്ത് കട്ടിലിൻമേൽ വെച്ചു ബഹദൂർക്ക. പെട്ടിയുടെ മേൽപ്പാളി തുറന്നുപിടിച്ച് ഉൾഭാഗത്തേക്ക് വിരൽ ചൂണ്ടി അദ്ദേഹം പറഞ്ഞു: 'നോക്ക്‌.'

ഉയർത്തി വെച്ച പെട്ടിയുടെ അടപ്പിന് പിന്നിൽ ഹൃദയഭാഗത്ത് സെല്ലോ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവെച്ചിരിക്കുകയാണ് ഒരു പേപ്പർ കട്ടിംഗ്. അടുത്ത് ചെന്ന് നോക്കിയപ്പോൾ അമ്പരന്നുപോയി. എക്സ്പ്രസ്സിൽ മാസങ്ങൾക്ക് മുൻപ് ഞാനെഴുതിയ ലേഖനത്തിന്റെ ക്ലിപ്പിംഗ്.

'എനിക്ക് വലിയ ഇംഗ്ലീഷ് വിദ്യാഭ്യാസമൊന്നുമില്ല. എന്നാലും വായിച്ചാൽ അത്യാവശ്യം മനസ്സിലാകും.' - തൊട്ടു പിന്നിൽ നിന്നുകൊണ്ട് ബഹദൂർക്ക പറയുന്നു. 'നിങ്ങളെഴുതിയത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു, എന്നെ ഇഷ്ടപ്പെടുന്നവർക്കും ഇഷ്ടപ്പെട്ടു എന്നാണ് പറഞ്ഞത്. അതുകൊണ്ട് എപ്പോഴും കാണാൻ വേണ്ടി, ആവശ്യമുള്ളവർക്ക് കാണിച്ചുകൊടുക്കാൻ വേണ്ടി ഇതിവിടെ ഒട്ടിച്ചുവെച്ചു...'

എന്ത് മറുപടി പറയണം എന്നറിയില്ലായിരുന്നു. വാക്കുകൾ തൊണ്ടയിൽ തടഞ്ഞ പോലെ. ബഹദൂർക്കയെ കെട്ടിപ്പിടിച്ച്‌ ഒരുമ്മ കൊടുക്കാനാണ് തോന്നിയത്. പക്ഷേ, ധൈര്യം പോരാ. പകരം അദ്ദേഹത്തിന്റെ കൈകൾ രണ്ടും നെഞ്ചോട് ചേർത്തുവെച്ച് ഇത്രമാത്രം പറഞ്ഞു: 'ഇതിലും വലിയൊരു അവാർഡ് എനിക്ക് കിട്ടാനില്ല ബഹദൂർക്ക. എന്താ പറയേണ്ടതെന്ന് ശരിക്കും അറിയില്ല. താങ്ക് യു താങ്ക് യു താങ്ക് യു..'

വാതിൽക്കൽ വരെ വന്ന് യാത്രയാക്കുമ്പോൾ എന്റെ കൈപിടിച്ച് കുലുക്കിയ ശേഷം ബഹദൂർക്ക മന്ത്രിക്കുന്നു; ആത്മഗതമെന്നോണം: 'നന്ദി, മോനേ..'

ഇതാ ഈ നിമിഷവും കണ്ണുകൾ ഈറനാക്കുന്നു ആ ഓർമ്മ.

Content Highlights: A journalist`s unforgettable gathering with legendary Malayalam histrion Bahadur, filled with laughter

ABOUT THE AUTHOR

ഗ്രന്ഥകർത്താവ്,മാതൃഭൂമി സീനിയർ കണ്ടന്റ് സ്പെഷ്യലിസ്റ്റ്, ക്ലബ് എഫ്.എം. മുൻ മ്യൂസിക്ക് ഹെഡ്

More from this author

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article