Published: September 12, 2025 05:26 PM IST
1 minute Read
ദുബായ്∙ ഏഷ്യാകപ്പിൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ– പാക്ക് പോരാട്ടം ഞായറാഴ്ചയാണ്. ക്രിക്കറ്റ് ലോകത്തെ ചിരവൈരികൾ തമ്മിലുള്ള മത്സരം പലപ്പോഴും പല വിവാദങ്ങൾ കൊണ്ടും ചർച്ചാ വിഷയമാണ്. ഇന്ത്യ– പാക്ക് സംഘർഷ അതിരൂക്ഷമായതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന ആദ്യ മത്സരമെന്ന സവിശേഷതയും ഇത്തവണയുണ്ട്. ഇന്ത്യയെയും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെയും കുറിച്ച് പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നതിൽ എന്നും മുൻപന്തിയിലുള്ള പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി ഇത്തവണയും രംഗത്തെത്തിയിട്ടുണ്ട്.
ലെജൻഡ്സ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽനിന്ന് ഇന്ത്യ പിന്മാറിയതു സൂചിപ്പിച്ചായിരുന്നു അഫ്രീദിയുടെ പ്രസ്താവന. മുൻ ഇന്ത്യൻ ഓപ്പണറായ ശിഖർ ധവാനും അഫ്രീദിയുടെ പരോക്ഷ വിമർശനമുണ്ട്. ‘‘എന്തൊക്കെ സംഭവിച്ചാലും ക്രിക്കറ്റ് നടക്കണമെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ അത് എപ്പോഴും സഹായിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ, ലെജൻഡ്സ് ക്രിക്കറ്റ് ചാംപ്യൻഷിപ് മത്സരം കാണാൻ ആളുകൾ ടിക്കറ്റ് വാങ്ങിയിരുന്നു, കളിക്കാർ പരിശീലിച്ചിരുന്നു. പിന്നെ അവർ കളിച്ചില്ല. എന്താണ് അവരുടെ വിചാരം എനിക്ക് മനസ്സിലാകുന്നില്ല.’’– അഫ്രീദി ഒരു ടിവി അഭിമുഖത്തിൽ പറഞ്ഞു.
‘ചീഞ്ഞ മുട്ട’ എന്ന് താൻ വിളിച്ച കളിക്കാരനോട് അദ്ദേഹത്തിന്റെ ക്യാപ്റ്റൻ (യുവരാജ് സിങ്) സമൂഹമാധ്യമത്തിൽ ഒന്നും പോസ്റ്റ് ചെയ്യരുതെന്നു നിർദേശിച്ചെന്നും എന്നാൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽനിന്നു പിന്മാറാൻ അനുവദിച്ചെന്നും അഫ്രീദി അവകാശപ്പെട്ടു. ‘‘ഞാൻ ചീഞ്ഞ മുട്ട എന്ന് പരാമർശിച്ച കളിക്കാരനോട് അദ്ദേഹത്തിന്റെ ക്യാപ്റ്റൻ പറഞ്ഞത്, ‘നിങ്ങൾക്ക് കളിക്കാൻ താൽപര്യമില്ലെങ്കിൽ കളിക്കരുത്. പക്ഷേ ട്വീറ്റ് ചെയ്യരുത്’ എന്നാണ്. പക്ഷേ അയാൾ ഒരു ഗൂഢലക്ഷ്യത്തോടെയാണ് വന്നത്. അതുകൊണ്ടാണ് അദ്ദേഹം ഒരു ചീഞ്ഞ മുട്ടയായത്.’’– അഫ്രീദി പറഞ്ഞു.
ഇന്ത്യയുടെ ലെജൻഡ്സ് ടീമിൽ അംഗമായിരുന്ന മറ്റൊരു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തെയും അഫ്രീദി വിമർശിച്ചു. ചില കളിക്കാർ ഇപ്പോഴും ഇന്ത്യക്കാരാണെന്ന് തെളിയിക്കാൻ ശ്രമിക്കുകയാണെന്നും ഇപ്പോൾ അവർ ഏഷ്യാ കപ്പിൽ കമന്ററി ചെയ്യുകയാണെന്നും അഫ്രീദി പറഞ്ഞു.
ജൂലൈയിൽ, പാക്കിസ്ഥാൻ ലെജൻഡ്സിനെതിരായ മത്സരത്തിൽനിന്നു പിന്മാറുന്നതായി പ്രഖ്യാപിച്ച് ശിഖർ ധവാൻ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ധവാനെ അഫ്രീദി ‘ചീഞ്ഞ മുട്ട’ എന്നു വിളിച്ചത്. ‘‘എപ്പോഴും ഒരു ചീഞ്ഞ മുട്ട ഉണ്ടാകും. അതാണ് എല്ലാം നശിപ്പിക്കുന്നത്.’’– അഫ്രീദി കുറ്റപ്പെടുത്തി. പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് ശിഖർ ധവാനായിരുന്നു. രാജ്യമാണു വലുതെന്നും അതിലും പ്രധാനമായി മറ്റൊന്നുമില്ലെന്നും ധവാൻ ഇൻസ്റ്റ കുറിപ്പില്‍ പ്രഖ്യാപിച്ചിരുന്നു.
English Summary:








English (US) ·