ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള വിരാട് കോലിയുടെ തീരുമാനം ക്രിക്കറ്റ് ലോകത്തിന് ഞെട്ടലായിരുന്നു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന കോലിക്കും ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ ഇനിയും ക്രീസില്‍ തുടരാന്‍ സാധിക്കുമായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ദിവസങ്ങള്‍ക്കു ശേഷം കോലിയും ടെസ്റ്റ് ക്രിക്കറ്റിന്റെ പടിയിറങ്ങി.
എന്തുകൊണ്ടാണ് വിരമിക്കാന്‍ കോലി ഈ ഒരു സമയം തിരഞ്ഞെടുത്തത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കാനിരിക്കെയാണ് കോലിയുടെ പടിയിറക്കം. താരത്തിന്റെ അഭാവം ഇന്ത്യന്‍ ടീമിന്റെ മധ്യനിരയില്‍ സൃഷ്ടിക്കാന്‍ പോകുന്നത് വലിയൊരു ശൂന്യതയാണ്.
എന്തുകൊണ്ടാകും ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കാന്‍ കോലി ഇപ്പോള്‍ തന്നെ തീരുമാനിച്ചതും ബിസിസിഐയുടെ അനുരഞ്ജന ശ്രമങ്ങള്‍ക്ക് വഴങ്ങാതെ തീരുമാനത്തില്‍ ഉറച്ചുനിന്നതും. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ തീരുമാനിക്കാന്‍ സെലക്ടര്‍മാര്‍ക്ക് മതിയായ സമയം നല്‍കുക എന്നതാകാം കോലി ഇപ്പോള്‍ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചതിനു പിന്നിലെ പ്രധാന കാരണം. രോഹിത്തും കോലിയും വിരമിക്കല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഒഴിവുള്ള സ്ഥാനത്തേക്ക് യുവതാരങ്ങളെ കണ്ടെത്താന്‍ സെലക്ടര്‍മാര്‍ക്ക് ഇനി സമയം ലഭിക്കും. യശസ്വി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും അടങ്ങുന്ന ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ ഇതോടെ ഇനിയും യുവതാരങ്ങള്‍ക്ക് അവസരം ലഭിച്ചേക്കും.
തങ്ങള്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ ഭാവി താരങ്ങളാണെന്ന് ഗില്ലും ജയ്‌സ്വാളും ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. ഫോമിലുള്ള ശ്രേയസ് അയ്യര്‍ക്കും സായ് സുദര്‍ശനും ടെസ്റ്റ് ടീമിലേക്കുള്ള അവസരം കോലിയുടെ വിരമിക്കലോടെ ഉണ്ടായിട്ടുണ്ട്. ഇനി പരിചയസമ്പത്ത് കണക്കിലെടുത്ത ചേതേശ്വര്‍ പുജാരയെ ഇംഗ്ലണ്ട് പര്യടനത്തിന് ടീമിലേക്ക് തിരികെ വിളിച്ചാല്‍ അദ്ദേഹത്തിന് മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങാനാകും.
കഴിഞ്ഞ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പരയിലെ തിരിച്ചടിയാകാം കോലിയെ ഇപ്പോള്‍ വിരമിക്കലിന് പ്രേരിപ്പിച്ച മറ്റൊരു ഘടകം. ഓസീസിനെതിരേ അഞ്ചു മത്സരങ്ങളിലെ ഒമ്പത് ഇന്നിങ്‌സില്‍ നിന്ന് വെറും 190 റണ്‍സ് മാത്രമാണ് കോലിയെ പോലെ പ്രതിഭാധനനായ ഒരു താരത്തിന് നേടാന്‍ സാധിച്ചത്. ഒമ്പത് ഇന്നിങ്‌സുകളില്‍ എട്ടിലും ഓഫ് സ്റ്റമ്പിന് പുറത്തുപോകുന്ന പന്തില്‍ ബാറ്റ് വെച്ചാണ് കോലി പുറത്തായത്. തുടര്‍ച്ചയായി ബാറ്റിങ് ടെക്‌നിക്കില്‍ വരുന്ന ഈ പിഴവ് കോലിയെ ഇരുത്തി ചിന്തിപ്പിച്ചിരിക്കാം. ഈ പിഴവില്‍ വിവിധ കോണുകളില്‍ നിന്നായി വലിയ വിമര്‍ശനങ്ങള്‍ കോലി കേട്ടിരുന്നു. ഇംഗ്ലണ്ടിലും സമാന സാഹചര്യത്തിലേക്ക് പോകുമോ എന്ന ഭയവും കോലിക്ക് ഉണ്ടായിരിക്കണം. കണ്ണും കൈയും തമ്മിലുള്ള ഏകോപനം കോലിക്ക് നഷ്ടപ്പെട്ടു തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പലപ്പോഴും കോലിയുടെ പുറത്താകലിന് കാരണമായതും ഇതുതന്നെ. ബാറ്റിങ് ടെക്‌നിക്കിലെ ഈ ന്യൂനതയും മികച്ച ടെക്‌നിക്ക് ആവശ്യമുള്ള ടെസ്റ്റ് മതിയാക്കാന്‍ താരത്തെ പ്രേരിപ്പിച്ചിരിക്കാം.
2023-ലെ ഏകദിന ലോകകപ്പ് ഫൈനലിലെ ദൗര്‍ഭാഗ്യകരമായ തോല്‍വിക്കു ശേഷം അടുത്ത ലോകകപ്പ് നേടുന്നതിനെ കുറിച്ച് കോലി നിരവധി തവണ സംസാരിച്ചിരുന്നു. ലോകകപ്പില്‍ 11 കളികളില്‍ നിന്ന് 765 റണ്‍സ് നേടി കോലി റെക്കോഡിട്ടിരുന്നു. മൂന്ന് സെഞ്ചുറികളും ആറ് അര്‍ധ സെഞ്ചുറികളും അടക്കമായിരുന്നു ഈ നേട്ടം. അതിനാല്‍ തന്നെ 2027 ലോകകപ്പിന് ഒരുങ്ങുക എന്നത് മുന്നില്‍ കണ്ട് ആവശ്യമായ വിശ്രമത്തിനും ഫോമും ഫിറ്റ്‌നസും നിലനിര്‍ത്തുന്നതിനും വേണ്ടിയാകാം കോലി ടെസ്റ്റ് മതിയാക്കിയത്.
കുടുംബത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നയാളാണ് കോലി. ഭാര്യ അനുഷ്‌ക ശര്‍മയ്ക്കും മക്കളായ വാമികയും അകായിക്കും ഒപ്പം സമയം ചെലവിടാന്‍ ആഗ്രഹിക്കുന്ന കോലിക്ക് അടുത്തിടെ ബിസിസിഐ നടപ്പാക്കിയ നിയന്ത്രണങ്ങളില്‍ കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പര്യടനങ്ങളില്‍ കളിക്കാരുടെ കുടുംബാംഗങ്ങളെ നിയന്ത്രിച്ച ബിസിസിഐ നടപടിക്കെതിരേ വിമര്‍ശനവുമായി ആദ്യം രംഗത്തെത്തിയത് കോലിയായിരുന്നു. ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫിയിലെ ടീമിന്റെ മോശം പ്രകടനത്തിനു പിന്നാലെയായിരുന്നു ബിസിസിഐ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. കളിക്കാര്‍ക്കൊപ്പം കുടുംബാംഗങ്ങളെ അനുവദിക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് അഭിപ്രായപ്പെട്ട കോലി കുടുംബാംഗങ്ങള്‍ ഒപ്പമുള്ളത് വലിയ ആശ്വാസമാണെന്നും വ്യക്തമാക്കിയിരുന്നു.
കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരേ വിമര്‍ശനം വന്നതോടെ ബോര്‍ഡ് ഇക്കാര്യത്തില്‍ ചെറിയ ഇളവുകള്‍ വരുത്തിയിരുന്നു. പിന്നാലെ നടന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ടീമംഗങ്ങള്‍ ഭാര്യമാര്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാന്‍ നിയന്ത്രണങ്ങളോടെ ബിസിസിഐ അനുമതി നല്‍കിയിരുന്നു. 45 ദിവസം വരെയുള്ള ടൂര്‍ണമെന്റുകളില്‍ കുടുംബാംഗങ്ങള്‍ താരങ്ങള്‍ക്കൊപ്പം പോകുന്നതിനായിരുന്നു വിലക്ക്. ഭാര്യയെ ഒപ്പം കൂട്ടാന്‍ അനുമതി തേടിയ സൂപ്പര്‍താരത്തിന് ബിസിസിഐ അനുമതി നിഷേധിച്ചതായും ഇതിനിടെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇത്തരം നിയന്ത്രണങ്ങളും ദൈര്‍ഘ്യമേറിയ ടെസ്റ്റ് പര്യടനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോലിയെ പ്രേരിപ്പിച്ചിരിക്കാം.
Content Highlights: Virat Kohli`s astonishment Test status earlier the England tour. Reasons down his decision








English (US) ·