24 August 2025, 05:28 PM IST

രജനീകാന്തിനും ആമിർ ഖാനുമൊപ്പം സൗബിൻ ഷാഹിർ | ഫോട്ടോ: Instagram
രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വലിയ ഹൈപ്പോടെയെത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. എങ്കിലും ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച ശ്രദ്ധ നേടാനായതിന്റെ ആഹ്ലാദത്തിലാണ് സൗബിൻ ഷാഹിർ. ദയാൽ എന്ന വേഷത്തിലാണ് അദ്ദേഹം എത്തിയത്. ഇപ്പോഴിതാ ഇന്ത്യൻ സിനിമയിലെ സൂപ്പർതാരങ്ങൾക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.
കൂലിയുടെ ക്ലൈമാക്സിനോടടുപ്പിച്ചുവരുന്ന രംഗത്തിന്റെ പിന്നണിദൃശ്യമാണ് സൗബിൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇതിൽ ഒരു ചിത്രത്തിൽ രജനീകാന്തിനും ആമിർ ഖാനുമൊപ്പമാണ് സൗബിൻ നിൽക്കുന്നത്. മറ്റൊരു ചിത്രത്തിൽ ഇവർക്ക് മൂന്നുപേർക്കുമൊപ്പം ഉപേന്ദ്ര, സംവിധായകൻ ലോകേഷ് കനകരാജ് എന്നിവരേയും കാണാം. 'ചിലപ്പോഴൊക്കെ സിനിമ സ്വപ്നം കാണുന്നതിനും അപ്പുറം ആണ്. നിങ്ങളുടെ സ്നേഹത്തിനും നല്ല വാക്കുകൾക്കും നന്ദി. ദയാൽ എന്നും എനിക്ക് സ്പെഷ്യൽ ആയിരിക്കും. കൂലി എപ്പോഴും എൻ്റെ ഹൃദയത്തോട് ചേർന്ന് നിൽക്കും', സൗബിൻ ചിത്രങ്ങൾക്കൊപ്പം കുറിച്ചതിങ്ങനെ.
ചിത്രത്തിന്റേതായി നേരത്തേ പുറത്തിറങ്ങിയ മോണിക്ക എന്ന ഗാനം വൈറലായിരുന്നു. ഇതിൽ പൂജാ ഹെഗ്‌ഡെയ്‌ക്കൊപ്പമുള്ള സൗബിന്റെ ഡാൻസും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏത് സൂപ്പർതാരത്തിനൊപ്പമെത്തിയാലും ഡാൻസിൽ മുന്നിട്ട് നിൽക്കുന്ന പൂജയെ ഇത്തവണ സൗബിൻ പിന്നിലാക്കി എന്നായിരുന്നു അന്ന് ലഭിച്ച പ്രതികരണം. ഗാനരംഗത്തിന് തിയേറ്ററിലും മികച്ച പ്രതികരണം ലഭിച്ചിരുന്നു.
കൂലി ഇപ്പോൾ ആഗോളതലത്തിൽ 450 കോടിയിലധികം രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 235 കോടി നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നാഗാർജുന, രച്ചിത റാം, ശ്രുതി ഹാസൻ, സത്യരാജ് എന്നിവരാണ് ചിത്രത്തിൽ മറ്റുപ്രധാന വേഷങ്ങളിലെത്തിയത്.
Content Highlights: Soubin Shahir Celebrates 'Coolie' Success Alongside Rajinikanth and Aamir Khan
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·