Published: October 20, 2025 12:31 PM IST Updated: October 20, 2025 04:31 PM IST
1 minute Read
ചാത്തന്നൂർ ∙ ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ ധൈര്യത്തോടെയാണ് മലപ്പുറം ജില്ലാ കായികമേളയിൽ ആ പതിനേഴുകാരൻ 2 സ്വർണം നേടിയത്. പരിശീലനം ഫലം കണ്ടതിന്റെ സന്തോഷമാണ് മറ്റു മത്സരജേതാക്കളിൽ കാണാറുള്ളതെങ്കിൽ അവനിൽ കണ്ടത് അതിജീവനത്തിന്റെ പിടച്ചിലാണ്. ഭാവി ജീവിതം ചോദ്യചിഹ്നം പോലെ കണ്ണിൽ തെളിയുമ്പോൾ അങ്ങനെയാകാതെ തരമില്ല.
ഒരു വർഷം കൂടി കഴിഞ്ഞാൽ അവനു വയസ്സ് 18 ആകും. അതോടെ ഇതുവരെ ജീവിതത്തോടൊപ്പമുണ്ടായിരുന്ന ഏക മേൽവിലാസവും നഷ്ടമാകും. കാരണം ചിൽഡ്രൻസ് ഹോമുകളിൽ 18 കഴിഞ്ഞാൽ പിന്നെ താമസിക്കാനാകില്ല. അതെ, സർക്കാർ ചിൽഡ്രൻസ് ഹോമാണ് ഈ ഈ പ്ലസ്ടു വിദ്യാർഥിയുടെ മേൽവിലാസം. മാതാപിതാക്കൾ ആരെന്നറിയില്ല. ബന്ധുക്കളെക്കുറിച്ചും വിവരമില്ല. മറ്റൊരു കുടുംബം ദത്തെടുത്ത അനിയനെക്കുറിച്ചുമാത്രം അറിയാം. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ജില്ലയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനം അവനെ കൂടെക്കൂട്ടി. ഹോസ്റ്റലിൽ താമസിപ്പിച്ച് പരിശീലനം നൽകി ഇതുവരെയെത്തിച്ചു.
കൂടെ പഠിക്കുന്ന കൂട്ടുകാർക്കു പോലുമറിയില്ല അവന്റെ സങ്കടങ്ങളെപ്പറ്റി. ചോദിക്കുമ്പോൾ സങ്കൽപത്തിലുള്ള അച്ഛന്റെയും അമ്മയുടെയും പേര് അവൻ പറയും. പിറന്ന നാടിനെക്കുറിച്ചും വാതോരാതെ സംസാരിക്കും. ഈ സ്കൂൾ കാലഘട്ടം ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നാളുകളാണെന്ന് അവനറിയാം. അതു കഴിഞ്ഞാൽ കിടക്കാനൊരിടം വേണമെങ്കിൽ സ്പോർട്സ് ഹോസ്റ്റലുകളല്ലാതെ മറ്റു മാർഗമില്ലെന്നും. കോളജുകളിലെ സ്പോർട്സ് ഹോസ്റ്റലുകളിൽ പ്രവേശനം കിട്ടണമെങ്കിൽ അതിനൊത്ത പ്രകടനം ഇപ്പോൾ കാഴ്ചവച്ചേ മതിയാകൂ. ഈ ബോധ്യമുള്ളതിനാലാണ് ഓരോ ചാട്ടവും ഏറും അവനു ജീവന്മരണപ്പോരാട്ടമായി മാറുന്നത്.
സ്കൂളിൽ നിന്നിറങ്ങിയാൽ ഒന്നുമെഴുതാത്ത ഒരു വെള്ളക്കടലാസുപോലെ ജീവിതം മുൻപിൽ കിടക്കും. അതിലൊരു വീടിന്റെ ചിത്രമെങ്കിലും തങ്ങളെക്കൊണ്ട് അവനായി വരച്ചു നൽകാനാവുമോ എന്ന ശ്രമത്തിലാണ് അവൻ പഠിക്കുന്ന സ്ഥാപനവും സ്നേഹം മാത്രം നൽകിയ കായികാധ്യാപകരും. കായികമേഖലയിൽ ഈ പ്രായത്തിൽ വേണ്ട മേൽവിലാസം അവൻ സമ്പാദിച്ചുകഴിഞ്ഞു. ഇനി വേണ്ടത് ജീവിതത്തിനൊരു മേൽവിലാസമാണ്. അതിനൊരു വീട് വേണം. ആ സ്വപ്നത്തിലേക്ക് അവനെയും അവനെ സ്നേഹിക്കുന്ന ചുറ്റുമുള്ളവരെയും എത്തിക്കാൻ ഒരുക്കമെങ്കിൽ തീർച്ചയായും നിങ്ങൾ ഇടപെടണം. സഹായം നൽകണം. ഉറച്ചു ചവിട്ടാനൊരിടമില്ലാത്തതിന്റെ പേരിൽ അവന്റെ ഒരു ചാട്ടവും പിഴയ്ക്കരുത്. ബാക്കിയുള്ളവർക്ക് തന്ന സൗഭാഗ്യങ്ങളൊന്നും ജീവിതം ഇതുവരെ അവനു കൊടുത്തിട്ടില്ല. ഇനിയുണ്ടാകട്ടെ മാറ്റം.
English Summary:








English (US) ·