25 April 2025, 09:00 PM IST

ഉഷ ഹസീന, സന്തോഷ് വർക്കി | Photo: Mathrubhumi, FacebookShameer Gerrard
കൊച്ചി: സാമൂഹികമാധ്യമങ്ങളില്‍ 'ആറാട്ടണ്ണന്‍' എന്ന പേരിലറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയ്ക്കെതിരേ കേസ് കൊടുക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് നടി ഉഷ ഹസീന. എന്ത് അടിസ്ഥാനത്തിലാണ് സിനിമാ നടിമാരൊക്കെ വേശ്യകളാണെന്ന് ഇയാൾ പറയുന്നത്. 40 വർഷമായി ഈ രംഗത്ത് ജോലി ചെയ്യുന്ന ആളാണ് ഞാൻ. എനിക്ക് മുമ്പും ശേഷവും ആയിരക്കണക്കിന് സ്ത്രീകൾ ഇപ്പോഴും ജോലി ചെയ്യുന്ന മേഖലയാണ് സിനിമ. ഈ സ്ത്രീകളൊക്കെ വേശ്യകളാണെന്നു പറയുന്ന ഇയാൾക്ക് എന്ത് മറുപടിയാണ് നൽകുക. ഇതൊരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും ഉഷ ഹസീന ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു.
'ഇയാളുടെ മുമ്പെയുള്ള പോസ്റ്റുകളും കോലാഹലങ്ങളുമൊക്കെ നമ്മൾ എല്ലാവരും കണ്ടിട്ടുള്ളതാണ്. അപ്പോഴൊക്കെ എല്ലാവരും പറയും ഇയാൾ മാനസികരോഗിയാണ് എന്നൊക്കെ. അപ്പോൾ ഞാനും വിചാരിക്കും സുഖമില്ലാത്ത ആളാണെന്ന്. എന്നാൽ, പിറ്റേദിവസം ഇയാൾ നേരെ വിപരീതമായി പറയും. ഇങ്ങനെ മാറി മാറി പറഞ്ഞുകൊണ്ടിക്കും. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് ഇയാൾ പോസ്റ്റിട്ടിരിക്കുന്നത്. അത് അംഗീകരിക്കാനാവില്ല. മാനസികപ്രശ്നമുണ്ടെങ്കിൽ ഇയാളെ ഉത്തരവാദിത്തപ്പെട്ട ആളുകൾ കൊണ്ടുപോയി ചികിത്സിക്കണം. മാനസികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി പൂട്ടിയിട്ടു ചികിത്സിച്ച ശേഷം അയാൾ നേരെയായാൽ പുറത്തുകൊണ്ടുവരൂ. അല്ലെങ്കിൽ ഇയാൾ സ്ത്രീകളെ അപമാനിച്ചുകൊണ്ടേയിരിക്കും.
ഭ്രാന്താണെന്ത് പറഞ്ഞ് ഇയാൾക്കെതിരെ ആരും ഒരു നടപടിയും എടുക്കില്ലെന്നാണ് പറയുന്നത്. എടുക്കില്ലെങ്കിൽ വേണ്ട ഞങ്ങള്‍ക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്. നിയമപരമായി നടപടിയെടുക്കാനും കൈയ്യിൽ കിട്ടിയാൽ കൈകാര്യം ചെയ്യാനുമൊക്കെ ഞങ്ങൾക്ക് അറിയാം. നല്ല ചുട്ട അടികിട്ടാത്തതിന്റെ കുഴപ്പമാണ്. അയാളുടെ വീട്ടിൽ അമ്മയും പെങ്ങന്മാരൊന്നുമില്ലേ. എല്ലാ സ്ത്രീകളെയും പോലെ ജോലി ചെയ്യുന്ന സ്ഥലമാണ് സിനിമ. എന്ത് പ്രശ്നമുണ്ടായാലും സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകൾ മോശക്കാരാണെന്നു പറയുന്ന പ്രവണതയുണ്ട്. ഈ വ്യക്തിക്കെതിരേ നിയമപരമായിതന്നെ മുന്നോട്ട് പോകും', ഉഷ പറഞ്ഞു.
Content Highlights: Actress Usha Hasaan Files Case Against Santhosh varkey





English (US) ·