
കാരിച്ചാൽ ചുണ്ടൻ, രഞ്ജിത്ത് സജീവ് ടീമിനൊപ്പം | Photo: Facebook/ Karichal Chundan, Fragrant Nature Film Creations
71-ാം നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടനെ നയിക്കുന്നത് നടന്‍ രഞ്ജിത്ത് സജീവ്. യുണൈറ്റഡ് കിങ്ഡം ഓഫ് കേരള, ഖല്‍ബ്, ഗോളം, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് രഞ്ജിത്ത് സജീവ്. 16 വര്‍ഷം നെഹ്‌റു ട്രോഫി ജേതാക്കളായ കാരിച്ചാല്‍ ചുണ്ടന്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് ഇത്തവണ കപ്പ് ലക്ഷ്യമിട്ട് ഇറങ്ങുകയാണ്.
കാരിച്ചാല്‍ കരയില്‍ രൂപവത്കരിച്ച കാരിച്ചാല്‍ ചുണ്ടന്‍ ബോട്ട് ക്ലബ്ബാണ് കാരിച്ചാല്‍ ചുണ്ടന്‍ തുഴയുന്നത്. നിലവിലെ ജേതാക്കളാണ് കാരിച്ചാല്‍ ചുണ്ടന്‍. കഴിഞ്ഞതവണ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് വള്ളം തുഴഞ്ഞത്.
'ഹാഫ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയാണ് രഞ്ജിത്ത് തുഴച്ചില്‍ക്കാര്‍ക്കൊപ്പം പരിശീലനത്തില്‍ ചേര്‍ന്നത്. 16 തവണ ജേതാക്കളായ വള്ളത്തിന്റെ ക്യാപ്റ്റനാവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് രഞ്ജിത്ത് സജീവ് പറഞ്ഞു. മത്സരവള്ളത്തില്‍ ആദ്യമായാണ് കയറുന്നതെന്ന് നടന്‍ പറഞ്ഞു. വള്ളത്തില്‍ നില്‍ക്കാന്‍ പ്രത്യേക താളവും ബാലന്‍സും വേണമെന്നും അത് തനിക്ക് പെട്ടെന്നുതന്നെ പഠിച്ചെടുക്കാന്‍ കഴിഞ്ഞെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.
ചുണ്ടന്‍വള്ളങ്ങളിലെ ലാലേട്ടന്‍ എന്ന് വിളിപ്പേരുള്ള മത്സരവള്ളമാണ് കാരിച്ചാല്‍ ചുണ്ടന്‍. 1970-ല്‍ നീറ്റിലിറക്കിയ കാരിച്ചാല്‍ ചുണ്ടന്‍ ഇരട്ടഹാട്രിക് ഉള്‍പ്പെടെയാണ് 16 തവണ ജേതാക്കളായത്. ജല ചക്രവര്‍ത്തിയെന്നും കാരിയെന്നും വള്ളംകളിപ്രേമികള്‍ കാരിച്ചാല്‍ ചുണ്ടനെ വിശേഷിപ്പിക്കാറുണ്ട്.
പലപ്പോഴായി പുതുക്കിപ്പണിത ഈ ചുണ്ടന്റെ ഏതാനും ഭാഗംമാത്രം നിലനിര്‍ത്തി രണ്ടുവര്‍ഷംമുമ്പ് പുത്തന്‍വള്ളം നിര്‍മിച്ചു. പഴയ കാരിച്ചാല്‍ ചുണ്ടന്റെ അതേരൂപത്തില്‍ തനിപ്പകര്‍പ്പ് പുനഃസൃഷ്ടിക്കുകയിരുന്നു.
കോഴിമുക്ക് നാരായണനാചാരിയാണ് ചുണ്ടന്റെ ആദ്യ ശില്പി. മകന്‍ സാബുനാരായണന്‍ ആചാരിയാണ് പുത്തന്‍കരുത്തോടെ കാരിച്ചാല്‍ പുനര്‍നിര്‍മിച്ചത്. ഹരിപ്പാടിനടുത്ത് വീയപുരത്ത് അച്ചന്‍കോവിലാറിന്റെ തെക്കേക്കരയാണ് കാരിച്ചാല്‍. ഇവിടെ ആറ്റുതീരത്താണ് കാരിച്ചാല്‍ ചുണ്ടന്റെ മാലിപ്പുര.
1970-ല്‍ പുത്തന്‍ചുണ്ടന്‍ നിര്‍മിക്കുന്ന സമയത്ത് അപ്രതീക്ഷിതമായി വെള്ളപ്പൊക്കമുണ്ടായി. വള്ളംപൂര്‍ണമായും മുങ്ങിപ്പോയി. വെള്ളമൊഴിഞ്ഞശേഷം പരിശോധിച്ചപ്പോള്‍ വള്ളത്തിനു നേരിയ ചരിവുണ്ടായിരുന്നു. കരക്കാര്‍ ആശങ്കപ്പെട്ടെങ്കിലും ആ ചരിവ് ഐശ്വര്യമാണെന്ന് ശില്പി നാരായണനാചാരി വിധിയെഴുതി. കാരിച്ചാല്‍ ചുണ്ടന്റെ വിജയരഹസ്യം ആ ചരിവാണെന്ന് കരക്കാര്‍ പറയും.
1974-ലാണ് കാരിച്ചാലിന്റെ ആദ്യനെഹ്റുട്രോഫി വിജയം. അടുത്തരണ്ടു വര്‍ഷവും വിജയം ആവര്‍ത്തിച്ച് ഹാട്രിക് നേടി. ആദ്യ രണ്ടുവര്‍ഷങ്ങളില്‍ ഫ്രണ്ട്സ് ബോട്ടുക്ലബ്ബാണ് കാരിച്ചാലില്‍ തുഴഞ്ഞത്. മൂന്നാംവര്‍ഷം യുബിസി കൈനകരിയും. പിന്നീട്, 1980-ല്‍ യുബിസിയുടെ കരുത്തില്‍ കാരിച്ചാല്‍ ജേതാവായി. 1982, 83, 84 വര്‍ഷങ്ങളില്‍ നെല്ലാനിക്കല്‍ പാപ്പച്ചന്‍ നയിച്ച കുമരകം ബോട്ടുക്ലബ്ബ് കാരിച്ചാല്‍ചുണ്ടനില്‍ ഹാട്രിക് വിജയം നേടി.
1986, 87 വര്‍ഷങ്ങളില്‍ കൈനകരി വില്ലേജ് ബോട്ടുക്ലബ്ബാണ് കാരിച്ചാലിന് നെഹ്റുടോഫി നേടാന്‍ കരുത്തായത്. 2000-ല്‍ ആലപ്പുഴ ബോട്ടുക്ലബ്ബ്, 2001-ല്‍ ഫ്രണ്ട്സ് ബോട്ടുക്ലബ്ബ്, 2003-ല്‍ നവജീവന്‍ ബോട്ടുക്ലബ്ബ്, 2008-ല്‍ കൊല്ലത്തെ ജീസസ് ബോട്ടുക്ലബ്ബ്, 2011-ല്‍ ഫ്രീഡം ബോട്ടുക്ലബ്ബ ്എന്നിവര്‍ കാരിച്ചാലില്‍ തുഴഞ്ഞ് ഒന്നാമതെത്തി. 2016-ല്‍ കുമരകം ബോട്ടുക്ലബ്ബാണ് കാരിച്ചാലില്‍ തുഴഞ്ഞ് നെഹ്റുട്രോഫി നേടിയത്. 16 നെഹ്റുട്രോഫി നേട്ടങ്ങള്‍ക്കൊപ്പം 33 പ്രാവശ്യം നെഹ്‌റുട്രോഫി ഫൈനലിലെത്തിയ ചുണ്ടന്‍വള്ളം എന്ന അപൂര്‍വതയും കാരിച്ചാലിന് അവകാശപ്പെട്ടതാണ്.
Content Highlights: Ranjith Sajeev volition skipper the legendary Karichal Chundan successful the 71st Nehru Trophy Boat Race
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·