04 August 2025, 10:04 AM IST

കലാഭവൻ നവാസ്, ടിനി ടോം | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ, റിദിൻ ദാമു | മാതൃഭൂമി
അന്തരിച്ച നടൻ കലാഭവൻ നവാസിന്റെ വീട് സന്ദർശിച്ച ശേഷം നടൻ ടിനി ടോം സോഷ്യൽ മീഡിയയിൽ കുറിച്ചവാക്കുകൾ ശ്രദ്ധനേടുന്നു. നവാസ് ധരിച്ചിരുന്ന ചെരിപ്പുകളുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ടിനി അനുസ്മരണക്കുറിപ്പ് പോസ്റ്റ് ചെയ്തത്. ആ ചെരിപ്പുകൾ നവാസിന്റെ മകൻ തുടച്ചുവെച്ചിരിക്കുന്നത് കണ്ടപ്പോൾ തന്റെ നിയന്ത്രണംവിട്ടുവെന്ന് ടിനി പറഞ്ഞു. കലാഭവൻ ഷാജോണാണ് വീഡിയോ കോളിലൂടെ നവാസിനെ അവസാനമായി കാണിച്ചുതന്നതെന്നും അദ്ദേഹം പറഞ്ഞു.
"ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം. കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ... തിരുവനന്തുപുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത്. എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു. എന്റെ കൂടെ കൈതപ്രം തിരുമേനിയും സ്നേഹയും ഉണ്ടായിരുന്നു. ഞാൻ വിടചൊല്ലി...
ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടിൽ ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ, നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ്. അവിടെ എന്റെ നിയന്ത്രണം വിട്ടുപോയി. ഇനി ഇത് ധരിച്ചു സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ... അതെ, ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ്... സഹോദരാ വിട... മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പിക്കാനും മാത്രംഅറിയാവുന്ന നമുക്ക് ഒത്തുകൂടാം." ടിനി ടോമിന്റെ വാക്കുകൾ.
കലാഭവൻ നവാസിനെ വെള്ളിയാഴ്ച രാത്രി എട്ടരയോടെ എറണാകുളം ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ലൊക്കേഷനിൽനിന്ന് നാലാം തീയതി തിരിച്ചെത്താമെന്നു പറഞ്ഞ് ഹോട്ടൽ മുറിയിലേക്ക് മടങ്ങിയതാണ്. എട്ടുമണിയോടെ ചെക്ക് ഔട്ട് ചെയ്യുമെന്ന് ഹോട്ടലിൽ പറഞ്ഞിരുന്നു. എട്ടര കഴിഞ്ഞിട്ടും കാണാതായതോടെ മുറി തുറന്നുനോക്കുമ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്. പ്രശസ്ത നാടക-സിനിമാ നടൻ അബൂബക്കറിന്റെ മകനാണ്. ചലച്ചിത്ര താരം രഹ്നയാണ് ഭാര്യ.
Content Highlights: Actor Tini Tom`s affectional station astir Kalabhavan Navas`s shoes touches hearts
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·