
ഹരിഹര വീരമല്ലു എന്ന ചിത്രത്തിൽ പവൻ കല്യാൺ | സ്ക്രീൻഗ്രാബ്
പവൻ കല്യാണിനെ നായകനാക്കി ജ്യോതിഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രമാണ് ഹരിഹര വീരമല്ലു. ഈ മാസം 24-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിന് മുന്നോടിയായി വ്യാഴാഴ്ച സിനിമയുടെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. മികച്ച അഭിപ്രായം ലഭിച്ചതിനുപിന്നാലെ ട്രോളുകളും ട്രെയിലറിനെതിരെ ഉയർന്നു. ട്രെയിലറിലെ ചില രംഗങ്ങളാണ് ഇതിന് കാരണം. ഇതിനെല്ലാം മറുപടി നൽകി സംവിധായകനും രംഗത്തെത്തിക്കഴിഞ്ഞു.
തനിക്കുനേരെ വരുന്ന ആയിരക്കണക്കിന് കുന്തങ്ങൾ യാതൊരു കൂസലുമില്ലാതെ പവൻ കല്യാൺ അവതരിപ്പിക്കുന്ന ഹരിഹര വീരമല്ലു തട്ടിയെറിയുന്ന രംഗമാണ് ട്രോളിനിരയായ ഒരു രംഗം. കുതിച്ചുചാടുന്ന ചെന്നായയുടെ നേർക്കുനേരെ ഒരു തീപ്പന്തവുമായി നിൽക്കുന്ന നായകനാണ് ട്രോൾ ചെയ്യപ്പെട്ട മറ്റൊരു രംഗം. ഇദ്ദേഹം ചെന്നായയെയല്ല കുറുക്കനെയാണ് നേരിടുന്നതെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇതിനെല്ലാമുള്ള മറുപടിയുമായി സംവിധായകൻ ജ്യോതിഷ് കൃഷ്ണ തന്നെ മുന്നോട്ടുവന്നു.
ട്രെയിലർ ലോഞ്ചിന് ശേഷം ചില വ്യക്തികളെക്കുറിച്ച് സംസാരിക്കാൻ താൻ തീരുമാനിച്ചിട്ടുണ്ട്. അവർ ആരാണെന്നോ കാണാൻ എങ്ങനെയെന്നോ തനിക്കറിയില്ല. ഈ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയതു മുതൽ ധാരാളം നെഗറ്റിവിറ്റി ഉണ്ടായിട്ടുണ്ട്. ഈ സിനിമ റിലീസ് ചെയ്യില്ലെന്നും ഇത് മുടങ്ങിപ്പോയെന്നും അവർ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന് സംവിധായകൻ പറഞ്ഞു.
"ഞങ്ങൾ ഈ സിനിമയുടെ ചിത്രീകരണം തുടങ്ങിട്ട് അഞ്ച് വർഷമായി. കോവിഡ് കാലത്ത് രണ്ട് ലോക്ക്ഡൗണുകൾ നേരിട്ടു. എന്നാൽ ഞങ്ങൾ ഞങ്ങളുടെ ജോലി നിർത്തിയില്ല. പിന്നീട് തിരഞ്ഞെടുപ്പ് വന്നു, പവർസ്റ്റാർ ഉപമുഖ്യമന്ത്രിയായി. എന്നിട്ടും അവർ നിർത്തിയില്ല, ഞങ്ങളും നിർത്തിയില്ല. ഒരാൾക്കും നമ്മളെയോ പവർസ്റ്റാർ സിനിമയെയോ തടയാനാവില്ലെന്ന് നിങ്ങൾ ആരാധകർക്കും എനിക്കും മാത്രമേ അറിയൂ. ചിലർ ചോദിച്ചു, വലിയ ബഡ്ജറ്റായത് കൊണ്ട് ഈ സിനിമ വിജയിക്കുമോ എന്ന്. എന്നാൽ നമ്മുടെ പവർസ്റ്റാറിന് പണമൊന്നും ഒരു തടസ്സമേ ആകില്ല." സംവിധായകൻ കൂട്ടിച്ചേർത്തു.
മുഗൾ ശക്തിയെ വെല്ലുവിളിക്കുന്ന കഥാപാത്രമായാണ് പവൻ കല്യാൺ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും കുപ്രസിദ്ധരായ ഭരണാധികാരികളിൽ ഒരാളായ ഔറംഗസേബിന്റെ വേഷത്തിൽ ബോബി ഡിയോൾ അഭിനയിച്ചിരിക്കുന്നു. വമ്പൻ ക്യാൻവാസിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പഞ്ചമി എന്ന കഥാപാത്രമായി നിധി അഗർവാൾ ആണ് ചിത്രത്തിലെ നായികയായി എത്തിയിരിക്കുന്നത്. പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്.
Content Highlights: Hari Hara Veera Mallu Trailer Sparks Debate: Pawan Kalyan's Epic Battles & Controversial Scenes
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·