Published: August 17, 2025 10:06 AM IST
1 minute Read
കൊൽക്കത്ത∙ മലയാളി താരം സഞ്ജു സാംസണെ വാങ്ങാനുള്ള ശ്രമത്തിൽനിന്ന് ചെന്നൈ സൂപ്പർ കിങ്സ് പിന്നോട്ടുപോയതോടെ, കരുനീക്കങ്ങൾ സജീവമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. അടുത്ത ഐപിഎൽ സീസണിലേക്കു ക്യാപ്റ്റനെ തേടുന്ന കൊൽക്കത്ത സഞ്ജുവിനെ വാങ്ങാനുള്ള ശ്രമം തുടങ്ങി. സഞ്ജു ടീമിലെത്തിയാൽ കഴിഞ്ഞ സീസണിലെ ക്യാപ്റ്റനായിരുന്ന അജിൻക്യ രഹാനെ ടീമിൽ തുടരാൻ സാധ്യതയില്ല. സഞ്ജുവിനെ വാങ്ങാനായി കൊൽക്കത്ത രാജസ്ഥാന് ‘ഓഫര്‍’ നൽകിയതായാണു വിവരം.
കഴിഞ്ഞ സീസണിൽ കൊൽക്കത്തയുടെ വിശ്വസ്തനായിരുന്ന യുവതാരം അങ്ക്രിഷ് രഘുവംശി, രമൺദീപ് സിങ് എന്നിവരെ രാജസ്ഥാനു കൈമാറാൻ കൊൽക്കത്ത ഒരുക്കമാണെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അതേസമയം രാജസ്ഥാൻ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. 22 വയസ്സുകാരനായ അങ്ക്രിഷ് രഘുവംശി കൊൽക്കത്തയ്ക്കായി 22 മത്സരങ്ങളിൽനിന്ന് 463 റൺസ് നേടിയിട്ടുണ്ട്. ടോപ് ഓർഡർ ബാറ്ററായ അങ്ക്രിഷ് മുംബൈയ്ക്കു വേണ്ടിയാണ് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നത്. കൊൽക്കത്ത പ്ലേയിങ് ഇലവനിൽ നാലാമനായാണ് അങ്ക്രിഷ് ബാറ്റു ചെയ്തിരുന്നത്.
28 വയസ്സുകാരനായ രമൺദീപ് സിങ് ഓൾറൗണ്ടറാണ്. മിഡിൽ ഓർഡർ ബാറ്ററായും പേസ് ബോളറായും രമൺദീപ് സിങ്ങിനെ ഉപയോഗിക്കാൻ സാധിക്കും. ഐപിഎലിൽ മുംബൈ ഇന്ത്യൻസിനു വേണ്ടിയും താരം കളിക്കാനിറങ്ങിയിട്ടുണ്ട്. ഐപിഎൽ ടീം മാറ്റത്തെക്കുറിച്ച് സഞ്ജു ഇതുവരെ പ്രതികരിച്ചിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണു താരം ചെയ്തത്. സഞ്ജു സാംസൺ ഐപിഎൽ കരിയർ തുടങ്ങുന്നത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സില്‍നിന്നാണ്. ടീം ക്യാംപിലുണ്ടായിരുന്നെങ്കിലും തുടക്കകാലത്ത് സഞ്ജുവിനെ പ്ലേയിങ് ഇലവനിലേക്കു പോലും പരിഗണിച്ചിരുന്നില്ല.
2013ല്‍ രാജസ്ഥാൻ റോയൽസിൽ ചേർന്നതോടെയാണു സഞ്ജുവിന്റെ കരിയർ മാറുന്നത്. വർഷങ്ങളോളം ടീമിലെ പ്രധാന താരമായി കളിച്ച സഞ്ജു പിന്നീട് ടീം ക്യാപ്റ്റനുമായി. രാജസ്ഥാനെ കൂടുതൽ മത്സരങ്ങളിൽ നയിച്ച ക്യാപ്റ്റൻ, കൂടുതൽ റൺസ് നേടിയ താരം എന്നീ റെക്കോർഡുകൾ സഞ്ജുവിന്റെ പേരിലാണ്. 155 മത്സരങ്ങളിൽ ഫ്രാഞ്ചൈസിക്കായി ഇറങ്ങിയ സഞ്ജു 4219 റൺസ് ഇതുവരെ നേടിയിട്ടുണ്ട്.
English Summary:








English (US) ·