ചെന്നൈയിലെ ധോണി–ഗെയ്ക്‌വാദ് കൂടിക്കാഴ്ചയ്‌ക്കിടെ ടീം വിടണമെന്ന ആവശ്യവുമായി അശ്വിൻ; സിഎസ്കെ അക്കാദമിയുടെ ചുമതലയും ഒഴിയും

5 months ago 5

ഓൺലൈൻ ഡെ‌സ്‌ക്

Published: August 08, 2025 07:36 PM IST

1 minute Read

 BIJU BORO/AFP
അശ്വിനും ധോണിയും. Photo: BIJU BORO/AFP

ചെന്നൈ∙ വെറ്ററൻ താരം രവിചന്ദ്രൻ അശ്വിൻ അടുത്ത ഐപിഎൽ സീസണിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് വിട്ടേക്കുമെന്ന് റിപ്പോർട്ട്. പുതിയ സീസണിനു മുന്നോടിയായി ടീമിൽനിന്ന് റിലീസ് ചെയ്യണമെന്ന ആവശ്യവുമായി അശ്വിൻ ടീം മാനേജ്മെന്റിനെ സമീപിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അശ്വിനോ ചെന്നൈ സൂപ്പർ കിങ്സോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, റിലീസ് ചെയ്യണമെന്ന അശ്വിന്റെ ആവശ്യം ചെന്നൈ സൂപ്പർ കിങ്സ് പരിഗണിക്കുന്നതായാണ് സൂചന. 

അതേസമയം, ചെന്നൈ സൂപ്പർ കിങ്സിലേക്ക് തിരിച്ചെത്തി ഒറ്റ സീസൺ കൊണ്ട് ടീം വിടാനുള്ള തീരുമാനം അശ്വിൻ കൈക്കൊണ്ടതിന്റെ കാരണം വ്യക്തമല്ല. ചെന്നൈ സൂപ്പർ കിങ്സ് അധികൃതർ മഹേന്ദ്രസിങ് ധോണി, ഋതുരാജ് ഗെയ്‌ക്‌വാദ് തുടങ്ങിയവുമായി ഈ ദിവസങ്ങളിൽ ചെന്നൈയിൽ ചർച്ച നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ടീമിന്റെ ഭാവി സംബന്ധിച്ചുള്ള ചർച്ചകളാണ് നടക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇതിനിടെയാണ് ടീം വിടണമെന്ന ആവശ്യം അശ്വിൻ ഉയർത്തിയിരിക്കുന്നത്.

ടീം വിടുന്നതിനൊപ്പം, സിഎസ്കെ അക്കാദമിയുടെ ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് സ്ഥാനവും അശ്വിൻ ഒഴിയുമെന്നാണ് വിവരം. കഴിഞ്ഞ ഒരു വർഷമായി അശ്വിനാണ് ഈ സ്ഥാനം വഹിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സ് വിട്ട് മറ്റൊരു ടീമിൽ ചേരുന്ന സാഹചര്യം വന്നാൽ, സിഎസ്കെ അക്കാദമിയുടെ ചുമതല കൂടി വഹിക്കുന്നതിലെ അനൗചിത്യം പരിഗണിച്ചാണിത്.

ഐപിഎലിൽ ഇതുവരെ 221 മത്സരങ്ങൾ കളിച്ചിട്ടുള്ള 38കാരനായ അശ്വിന്, ഇക്കഴിഞ്ഞ സീസണിൽ ചെന്നൈ ജഴ്സിയിൽ കാര്യമായി തിളങ്ങാനായിരുന്നില്ല. ഐപിഎലിലാകെ 187 വിക്കറ്റുകളും 833 റൺസുമാണ് അശ്വിന്റെ സമ്പാദ്യം. 7.29 എന്ന ഇക്കോണമി റേറ്റും മികച്ചതാണ്. ഈ സാഹചര്യത്തിൽ താരത്തെ പുതിയ സീസണിൽ ഏതെങ്കിലും ടീം സ്വന്തമാക്കാനാണ് സാധ്യത.

ചെന്നൈ സൂപ്പർ കിങ്സിൽ ഐപിഎൽ കരിയർ ആരംഭിച്ച അശ്വിൻ, ഇക്കഴിഞ്ഞ മെഗാ താരലേലത്തിൽ 9.75 കോടി രൂപയ്‌ക്കാണ് ടീമിൽ തിരിച്ചെത്തിയത്. 2016 മുതൽ 2024 വരെയുള്ള കാലയളവിൽ ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കായി കളിച്ചു. 2080–2015 കാലഘട്ടത്തിൽ എട്ടു സീസണുകളിൽ ധോണിക്കു കീഴിൽ ചെന്നൈയ്ക്ക് കളിച്ചിരുന്നു.

English Summary:

Ravichandran Ashwin tells CSK helium wants to discontinue the IPL franchise

Read Entire Article