Published: November 10, 2025 09:53 PM IST
2 minute Read
ചെന്നൈ ∙ അഭ്യൂഹങ്ങളും ചർച്ചകളും യാഥാർഥ്യമായാൽ ഐപിഎൽ കരിയറിന്റെ ഭൂരിഭാഗവും ചെലവഴിച്ച രാജസ്ഥാൻ റോയൽസിൽനിന്ന് സഞ്ജു സാംസൺ പടിയിറങ്ങും. രവീന്ദ്ര ജഡേജയ്ക്കു പകരം സഞ്ജുവിനെ ചെന്നൈ സൂപ്പർ കിങ്സിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഫ്രാഞ്ചൈസിയുടെ തുടക്കം മുതൽ ടീമിന്റെ വിക്കറ്റ് കീപ്പറായ എം.എസ്.ധോണിക്കു പകരക്കാരനായാണ് സഞ്ജുവിനെ ചെന്നൈ നോട്ടമിടന്നത്. 2026 സീസണിലും ധോണി ടീമിൽ കളിക്കുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും കരിയറിന്റെ അവസാനഘട്ടത്തിലുള്ള താരത്തിനു പകരക്കാരനെ കണ്ടെത്തേണ്ടിവയ്ക്കേണ്ടതുണ്ട്. അതു തന്നെയാണ് അവരെ സഞ്ജു സാംസണിലെത്തിച്ചതും. വിക്കറ്റ് കീപ്പിങ്ങിനു പുറമേ ക്യാപ്റ്റൻസിയിലും ഫാൻ ബേസിലും നിലവിൽ ഇന്ത്യൻ ക്രിക്കറ്റിൽ സഞ്ജു തന്നെയാണ് ധോണിയുടെ വിടവ് നികത്താൻ അനുയോജ്യനെന്ന് സിഎസ്‌കെ മാനേജ്മെന്റ് കരുതുന്നു.
പക്ഷേ, ചെന്നൈ ടീമിന്റെ ഭാഗമായാലും സഞ്ജുവിന് ക്യാപ്റ്റൻ സ്ഥാനം ലഭിക്കാൻ സാധ്യതയില്ലെന്ന് ചെന്നൈയുടെ മുൻ താരമായ ആർ.അശ്വിൻ വ്യക്തമാക്കി.‘‘സിഎസ്കെയിൽ സഞ്ജു സാംസണിന്റെ ആദ്യ സീസണായതിനാൽ അദ്ദേഹത്തിന് ക്യാപ്റ്റൻ സ്ഥാനം ലഭിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഫ്രാഞ്ചൈസിയിൽ ആദ്യ വർഷത്തിൽ തന്നെ മറ്റൊരാൾക്ക് ക്യാപ്റ്റൻ സ്ഥാനം നൽകുന്നതിനു സാധ്യത കുറവാണ്. എന്നാൽ ഭാവിയിൽ സാംസൺ തീർച്ചയായും ഒരു ഓപ്ഷനായിരിക്കും.’’– തന്റെ യുട്യൂബ് ഷോയിൽ അശ്വിൻ പറഞ്ഞു.
നിലവിൽ ഋതുരാജ് ഗെയ്‌ക്‌വാദാണ് ചെന്നൈ ടീമിന്റെ ക്യാപ്റ്റൻ. 2022ൽ ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോൾ ആദ്യം രവീന്ദ്ര ജഡേജയെ ക്യാപ്റ്റനായി നിയമിച്ചിരുന്നെങ്കിലും ടീം തുടർച്ചയായി തോറ്റതോടെ പാതിവഴിയിൽ ധോണി വീണ്ടും ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തു. 2023ൽ, ധോണിയുടെ നേതൃത്വത്തിൽ ചെന്നൈ വീണ്ടും ഐപിഎൽ കിരീടം നേടുകയും ചെയ്തു. 2024 സീസൺ തുടക്കത്തിലാണ് ഋതുരാജ് ഗെയ്‌ക്‌വാദിനെ ക്യാപ്റ്റനാക്കിയത്. 2025ലും അദ്ദേഹം ടീമിനെ നയിച്ചു. എന്നാൽ രണ്ടു തവണയും ടീമിന് പ്ലേഓഫിലെത്താനായില്ല. ഇതിനു പിന്നാലെ ഋതുരാജിന്റെ ക്യാപ്റ്റൻസിക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ടീമിലേക്ക് സഞ്ജുവിന്റെ വരവും.
സഞ്ജുവിന്റെ ക്രിക്കറ്റ് കരിയറിൽ നിർണായക പങ്കുവഹിച്ചത് രാജസ്ഥാനാണെന്ന കാര്യത്തിൽ സംശയമില്ല. 2013ലാണ് സഞ്ജു സാംസൺ, രാജസ്ഥാൻ റോയൽസിന്റെ ഭാഗമാകുന്നത്. മികച്ച പ്രകടനം നടത്തിയതോടെ 2014ൽ സഞ്ജുവിനെ ടീമിൽ നിലനിർത്തി. രാജസ്ഥാൻ വിലക്ക് നേരിട്ട 2016, 2017 സീസണുകളിൽ ഡൽഹിക്കായി കളിച്ചെങ്കിലും 2018 സീസണിൽ ലേലത്തിലൂടെ വീണ്ടും രാജസ്ഥാനിലെത്തി. 2021ലാണ് സഞ്ജുവിനെ രാജസ്ഥാൻ ക്യാപ്റ്റനായി നിയമിക്കുന്നത്. 2022ൽ രാജസ്ഥാനെ ഫൈനലിലെത്തിക്കുകയും ചെയ്തു. എന്നാൽ ഗുജറാത്ത് ടൈറ്റൻസിനോടു തോറ്റു. 2024ൽ, രാജസ്ഥാൻ വീണ്ടും പ്ലേഓഫിൽ എത്തിയപ്പോൾ, സഞ്ജു ആദ്യമായി ഐപിഎൽ സീസണിൽ 500 റൺസിലധികം നേടുകയും ചെയ്തു. 2025 മെഗാ ലേലത്തിന് മുൻപ് 18 കോടിക്ക് സഞ്ജുവിനെ രാജസ്ഥാൻ നിലനിർത്തുകയായിരുന്നു. ആകെ 67 മത്സരങ്ങളിൽ രാജസ്ഥാനെ നയിച്ച സഞ്ജു, 33 മത്സരങ്ങളിൽ ജയിച്ചപ്പോൾ, 33 എണ്ണത്തിൽ തോറ്റു. ഒരെണ്ണം ഫലമില്ലാതെ പോയി.
സഞ്ജു, രാജസ്ഥാൻ ടീം വിടുകയാണെങ്കിൽ അവർക്കും പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടി വരും. കഴിഞ്ഞ സീസണിൽ സഞ്ജു പരുക്കിനെ തുടർന്ന് പുറത്തിരുന്നപ്പോൾ യുവതാരം റിയാൻ പരാഗാണ് രാജസ്ഥാനെ നയിച്ചത്. എന്നാൽ നേതൃമികവിന്റെ കാര്യത്തിൽ ഏറെ വിമർശനം നേരിടേണ്ടി വന്നു. ഒൻപതാം സ്ഥാനക്കാരായാണ് രാജസ്ഥാൻ സീസൺ അവസാനിപ്പിച്ചത്. അതുകൊണ്ടു തന്നെ സഞ്ജു പോയാൽ സ്ഥിരം ക്യാപ്റ്റനായി പരാഗിനെ നിയോഗിക്കാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോർട്ട്. ടീമിലെ മറ്റു താരങ്ങളായ യശ്വസി ജയ്‌സ്വാൾ, ധ്രുവ് ജുറേൽ എന്നിവരിലൊരാൾക്കാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. ഇന്ത്യൻ ടീമിൽ പരാഗിനേക്കാൾ ഇവർക്കുള്ള പരിചയസമ്പത്തും രാജസ്ഥാൻ മനേജ്മെന്റ് കണക്കിലെടുക്കുന്നു.
ജയ്‌സ്വാൾ മൂന്നു ഫോർമാറ്റുകളിലും ഇന്ത്യയ്ക്കായി കളിക്കുന്നുണ്ട്. നിലവിൽ ട്വന്റി20 ടീമിന്റെ ഭാഗമല്ലെങ്കിലും താരത്തെ ഏതു നിമിഷവും പരിഗണിച്ചേക്കാം. 2024 ടി20 ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു ജയ്‌സ്വാൾ. ടെസ്റ്റിൽ ജൂറേൽ സ്ഥിരം സാന്നിധ്യമാണ്. നാല് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന ടീമിന്റെ ഭാഗമായിരുന്നെങ്കിലും അരങ്ങേറ്റത്തിന് അവസരം ലഭിച്ചില്ല. ഓസ്‌ട്രേലിയ എയ്‌ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ എ വൈസ് ക്യാപ്റ്റൻ ജൂറേലായിരുന്നു. ശ്രേയസ് അയ്യരുടെ അഭാവത്തിൽ രണ്ടാം മത്സരത്തിൽ ടീമിനെ നയിക്കുകയും വിജയത്തിലെത്തിക്കുകയും ചെയ്തു.
English Summary:








English (US) ·