
ദുൽഖർ സൽമാൻ | ചിത്രം: പിടിഐ
തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സുമായി വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയ സൂപ്പര്‍ഹീറോ ചിത്രം 'ലോക: ചാപ്റ്റര്‍ 1: ചന്ദ്ര'. പ്രേക്ഷകരും റിവ്യൂവര്‍മാരും ഒരേ സ്വരത്തില്‍ മികച്ച ചിത്രമാണെന്ന് വിലയിരുത്തിയ 'ലോക' റിലീസ് ദിവസം രാത്രി വൈകി 130-ലേറെ ഷോകളാണ് അധികമായി കളിച്ചത്. ചിത്രത്തിന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിങ് കാണാനായി നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ അബുദാബിയിലെത്തിയതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
അബുദാബിയിലെ 369 സിനിമാസിലാണ് ദുല്‍ഖര്‍ സല്‍മാന്‍ താന്‍ നിര്‍മിച്ച അത്ഭുതചിത്രം കാണാനായി എത്തിയത്. ദുല്‍ഖറിനൊപ്പം 'ലോക'യിലെ താരങ്ങളായ കല്യാണി പ്രിയദര്‍ശന്‍, നസ്‌ലെന്‍ എന്നിവരും നടന്‍ ടൊവിനോ തോമസും ഉണ്ടായിരുന്നു. വലിയ ആവേശത്തോടെയാണ് തിയേറ്ററിലുണ്ടായിരുന്ന പ്രേക്ഷകര്‍ താരങ്ങളെ വരവേറ്റത്. പ്രേക്ഷകര്‍ക്കൊപ്പം ചിത്രം കണ്ട ദുല്‍ഖറും താരങ്ങളും അവരോട് സംസാരിക്കുകയും ചെയ്തു.
'ഞാന്‍ വളരെ സന്തോഷവാനാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും പടം ഇത്രയും ഇഷ്ടപ്പെടുമെന്ന് വിചാരിച്ചില്ല. ചെറിയ സ്വപ്‌നം വെച്ച് തുടങ്ങിയതാണ്. പക്ഷേ മുഴുവന്‍ ക്രെഡിറ്റും ഈ ടീമിനുള്ളതാണ്. ഞാന്‍ വെറുമൊരു ഭാഗ്യവാനായ നിര്‍മാതാവ് മാത്രമാണ്.' -സന്തോഷം മറച്ചുവെക്കാതെ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
താന്‍ നായകനായ ചിത്രം വിജയിച്ചതുപോലെയോ അതിനേക്കാളോ സന്തോഷം തോന്നുന്നുവെന്ന് ടൊവിനോ പറഞ്ഞു. 'ലോക'യില്‍ പ്രവര്‍ത്തിച്ചവരെല്ലാം അത്രയും വേണ്ടപ്പെട്ടവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താരങ്ങളുടെ ഓരോ വാചകവും നിറഞ്ഞ കൈയടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
'ലോക' എന്ന് പേരുള്ള സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. സൂപ്പര്‍ഹീറോ ആയ ചന്ദ്ര എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദര്‍ശന്‍ വേഷമിട്ടിരിക്കുന്ന ചിത്രത്തില്‍ സണ്ണി എന്നാണ് നസ്‌ലെന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇന്‍സ്‌പെക്ടര്‍ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാന്‍ഡിയും വേണു ആയി ചന്ദുവും, നൈജില്‍ ആയി അരുണ്‍ കുര്യനും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രന്‍, ശരത് സഭ, നിഷാന്ത് സാഗര്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
Content Highlights: Dulquer Salmaan successful Abu Dhabi to ticker Lokah: Chapter 1: Chandra | Watch Video





English (US) ·