
എമ്മ, ബ്രൂസ് വില്ലിസ് | ഫോട്ടോ: instagram, AFP
ഫ്രണ്ടോടെമ്പറൽ ഡിമെൻഷ്യ എന്ന അവസ്ഥ നടൻ ബ്രൂസ് വില്ലിസിന്റെ വ്യക്തിത്വത്തെ എങ്ങനെ മാറ്റിമറിച്ചെന്ന് വിശദീകരിച്ച് അദ്ദേഹത്തിന്റെ ഭാര്യ എമ്മ ഹെമിംഗ്. ഡയൻ സോയറുമായുള്ള അഭിമുഖത്തിൽ, രോഗനിർണയത്തിന് ശേഷം ബ്രൂസിന്റെ ജീവിതം എങ്ങനെ മാറിയെന്ന് എമ്മ വെളിപ്പെടുത്തി. വളരെ വാചാലനും എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടുകയും ചെയ്തിരുന്ന ബ്രൂസ് കുറച്ചുകൂടി നിശ്ശബ്ദനായെന്ന് എമ്മ പറഞ്ഞു. കുടുംബാംഗങ്ങൾ ഒന്നിച്ചുകൂടുമ്പോൾ അദ്ദേഹം ഒതുങ്ങിക്കൂടുകയായിരുന്നെന്നും അവർ വ്യക്തമാക്കി.
ബ്രൂസ് തന്നിൽനിന്ന് അകൽച്ച പാലിക്കുന്നതുപോലെ തോന്നിയെന്ന് എമ്മ പറഞ്ഞു. മുമ്പ് ഊഷ്മളതയും വാത്സല്യവും പ്രകടിപ്പിച്ചിരുന്ന ബ്രൂസ് ഇപ്പോൾ നേർ വിപരീതമായാണ് പെരുമാറുന്നത്. അത് ഭയപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്തു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. ജോലിസ്ഥലത്ത്, അദ്ദേഹം സംഭാഷണങ്ങളുൾപ്പെടെ പലകാര്യങ്ങളും മറക്കാൻ തുടങ്ങി. ചിലപ്പോൾ ആശയക്കുഴപ്പത്തിലായി. എന്തുകൊണ്ടാണെന്ന് ആർക്കും അറിയില്ലായിരുന്നു. കുട്ടിക്കാലത്ത് ബ്രൂസിനുണ്ടായിരുന്ന വിക്ക് വീണ്ടും തുടങ്ങി. രോഗനിർണയത്തിനുശേഷം ചികിത്സയില്ലെന്നും പ്രതീക്ഷ നഷ്ടപ്പെട്ടെന്നും തന്നോടുപറഞ്ഞതായി എമ്മ വെളിപ്പെടുത്തി.
"അവിടെ നിന്ന് ഒന്നുമില്ലാതെ ശൂന്യമായി മടങ്ങേണ്ടി വന്നു... എനിക്ക് ഉച്ചരിക്കാൻ കഴിയാത്ത ഒരു രോഗത്തിന്റെ പേരുമായി. അതെന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ വല്ലാതെ പരിഭ്രാന്തയായി. അത് കേട്ടത് മാത്രമേ എനിക്ക് ഓർമ്മയുള്ളൂ, മറ്റൊന്നും കേട്ടില്ല. ഞാൻ താഴേക്ക് പതിക്കുന്നത് പോലെയായിരുന്നു." അവരുടെ വാക്കുകൾ.
ബ്രൂസിന് കാര്യങ്ങൾ കൂട്ടിയിണക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് താൻ കരുതുന്നില്ലെന്നാണ് രോഗനിർണയത്തോടുള്ള ബ്രൂസിന്റെ പ്രതികരണത്തെക്കുറിച്ച് എമ്മ പറഞ്ഞത്. തന്റെ മക്കളോട് ബ്രൂസിന്റെ രോഗാവസ്ഥയെക്കുറിച്ച് എല്ലാം പറഞ്ഞിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ശരിക്കും മനസിലായി എന്നായിരുന്നു അവരുടെ പ്രതികരണം. ബ്രൂസിന് ശബ്ദം അസ്വസ്ഥതയുണ്ടാക്കുമെന്നതിനാൽ മക്കളുടെ കുട്ടികളെ വീട്ടിൽ നിർത്തുന്നതും അവരുടെ ഒത്തുചേരലും നിർത്തി. മനഃപൂർവമായിരുന്നു ഇങ്ങനെയൊരു തീരുമാനം. അതൊരു പ്രയാസമേറിയ സമയമായിരുന്നെന്നും എമ്മ മനസുതുറന്നു. തനിക്ക് എടുക്കേണ്ടി വന്ന ഏറ്റവും കഠിനമായ തീരുമാനങ്ങളിലൊന്ന്, ബ്രൂസിന് മുഴുവൻ സമയ പരിചരണം ലഭിക്കുന്ന ഒറ്റനിലയുള്ള രണ്ടാമത്തെ വീട്ടിലേക്ക് മാറ്റുക എന്നതായിരുന്നുവെന്ന് എമ്മ വെളിപ്പെടുത്തി.
"ബ്രൂസിന്റെ ആരോഗ്യം പൊതുവെ വളരെ നല്ല നിലയിലാണ്. അദ്ദേഹത്തിന്റെ തലച്ചോറ് മാത്രമാണ് പരാജയപ്പെടുന്നത്. സംസാരശേഷി നഷ്ടപ്പെടുന്നു, ഞങ്ങൾ സാഹചര്യവുമായി പൊരുത്തപ്പെടാൻ പഠിച്ചു. അദ്ദേഹവുമായി ആശയവിനിമയം നടത്താൻ ഞങ്ങൾക്കൊരു വഴിയുണ്ട്, അത് തികച്ചും വ്യത്യസ്തമായ ഒന്നാണ്. അദ്ദേഹം ഞങ്ങളെ തിരിച്ചറിയുന്നുണ്ടെന്ന് എനിക്കറിയാം. ഞങ്ങൾ അദ്ദേഹത്തോടൊപ്പമുള്ളപ്പോൾ അദ്ദേഹത്തിന്റെ മുഖം പ്രകാശിക്കും. എന്റെ ഭർത്താവ് ഇപ്പോഴും ഇവിടെത്തന്നെയുണ്ടെന്നതിൽ ഞാൻ നന്ദിയുള്ളവളാണ്." എമ്മ കൂട്ടിച്ചേർത്തു.
ഡൈ ഹാർഡ്, പൾപ്പ് ഫിക്ഷൻ, ദി സിക്സ്ത് സെൻസ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ ബ്രൂസ് വില്ലിസ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്. പെരുമാറ്റം, ഭാഷ, വ്യക്തിത്വം എന്നിവയെ ബാധിക്കുന്ന, ഫ്രണ്ടോടെമ്പറൽ ഡിമെൻഷ്യ എന്ന രോഗമാണ് അദ്ദേഹത്തിന്. ആശയവിനിമയത്തിനുള്ള കഴിവിനെ ബാധിക്കുന്ന അഫേസിയ എന്ന നാഡീസംബന്ധമായ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന്, 2022 മാർച്ചിൽ ബ്രൂസ് വില്ലിസ് അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണ്. കുടുംബംതന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2023-ലാണ് അദ്ദേഹത്തിന് ഫ്രണ്ടോടെമ്പറൽ ഡിമെൻഷ്യ സ്ഥിരീകരിച്ചത്.
Content Highlights: Emma Heming Willis shares the affectional travel of Bruce Willis` frontotemporal dementia diagnosis
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·